ഖത്തര്‍ പ്രതിസന്ധി: എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമവും സുരക്ഷയും ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പു നല്‍കിയതായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഖത്തറിനെതിരായ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന നീക്കം ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും അവിടെയുള്ള ഇന്ത്യാക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതായി അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള സഹായം വേണമെന്നു തോന്നിയാല്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു പ്രവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായി കാലങ്ങളായുള്ള ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ആറു രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയുടെ സുസ്ഥിരത ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്.

പരസ്പര ബഹുമാനം നിലനിര്‍ത്തി രാജ്യാന്തര തത്വങ്ങളുടെയും പരമാധികാരത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്ത വിധം പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടക്കണം. ഗള്‍ഫില്‍ ശാന്തിയും സുരക്ഷയും നിലനില്‍ക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മതപരമായ അസഹിഷ്ണുതയും മേഖലയുടെ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണ്. ആഗോള സമാധാനത്തിനും ഇവ ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഈ സാഹചര്യത്തെ നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login