ഖത്തറിലെത്താൻ ഖത്തറിൽ; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഫിഫ റാങ്കിങ്ങിൽ 62ആം സ്ഥാനക്കാരും ആതിഥേയരുമായ ഖത്തറാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതു കൊണ്ട് തന്നെ ഈ പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാകും.

ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കാണ് എന്നതാണ് ഇന്ത്യയെ അലട്ടുന്ന വിവരം. ഛേത്രിയുടെ പരുക്കിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ശനിയാഴ്ച ദോഹയിൽ എത്തിയതിനു ശേഷമുള്ള പരിശീലനത്തിൽ നിന്നു ഛേത്രി വിട്ടുനിൽ‌ക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തർ. ഈ നിർണായക മത്സരത്തിൽ ഛേത്രി ഇറങ്ങിയില്ലെങ്കിൽ, അത് ഇന്ത്യയ്ക്ക് കൂടുതൽ തിരിച്ചടിയാകും. ഫിഫ റാങ്കിങ്ങിൽ 103–ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഖത്തറിനെ വീഴ്ത്താൻ വിയർപ്പൊഴുക്കേണ്ടി വരും.

സഹൽ അബ്ദുസമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരാണു ടീമിലെ മലയാളി താരങ്ങൾ. ഒമാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആഷിഖിന് ഫസ്റ്റ് ഇലവൻ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. ടീമിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞ സാഹചര്യത്തിൽ മധ്യനിരയിൽ തുടക്കം മുതൽ സഹലിനെയും പ്രതീക്ഷിക്കാം.

മറുപകുതിയിൽ, ആഫ്രിക്കൻ വംശജരായ താരങ്ങളാണ് ഖത്തറിന്റെ കരുത്ത്. 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ, കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു. യോഗ്യതാ മത്സരങ്ങളിലെ ആദ്യ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ 6–0ന് ആണ് ഖത്തർ തകർത്തത്.

അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ വൈകിട്ട് 10നാണ് മത്സരം.

You must be logged in to post a comment Login