ഖത്തറില്‍ ഇന്ത്യയെ കാത്ത് വന്‍ നിക്ഷേപ പദ്ധതികള്‍; ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും

modi quatar

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി ഭരണ നേതൃത്വവുമായും ഖത്തറിലെ പ്രധാന സംരഭകരുമായും ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രധാനപരിപാടികള്‍. ഇന്ന് രാവിലെ ഒന്‍പതിന് ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ നിക്ഷേപകസംഗമം നടക്കും. ഖത്തറിലെ പ്രമുഖ വ്യവസായികളാണ് ഇതില്‍പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ആര്‍. സീതാരാമനും സംഗമത്തിനെത്തുന്നുണ്ട്.

ഖത്തറിന്റെ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുക്കാന്‍ ഉന്നതതല സംഘം കഴിഞ്ഞ മാസം ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.നിലവില്‍ ഇന്ത്യയിലെ ഖത്തറിന്റെ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഖത്തറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്.

ജനുവരിയില്‍ ഇന്ത്യക്ക് ഖത്തര്‍ പകുതിവിലക്ക് പ്രകൃതി വാതകം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 4,000 കോടി രൂപയുടെ ആദായമാണ് ഉണ്ടാക്കുക. 2028 വരെയാണ് കരാറിന്റെ കാലാവധി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമ ഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധരംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനസമയത്ത് വ്യക്തമാക്കിയിരുന്നു.

നിക്ഷേപക സംഗമത്തെ തുടര്‍ന്ന് അമീരി ദിവാനില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. മേഖലയിലും അന്താരാഷ്ട്രതലത്തിലും ഉള്ള പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാകും. ഇരുരാജ്യങ്ങളും ചേര്‍ന്നുതയ്യാറാക്കിയ ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും.

You must be logged in to post a comment Login