ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്; കുറവുണ്ടായത് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കുള്ള നിരോധനം നീക്കിയതോടെ

 


കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെ ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. നിലവിലുണ്ടായിരുന്ന വിലവര്‍ധനവിന് ആശ്വാസമുണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതോടെ പഴം പച്ചക്കറി വിപണിയില്‍ മാറ്റം പ്രകടമായി. തക്കാളി വിലയിലാണ് തുടക്കത്തില്‍ തന്നെ ഗണ്യമായ കുറവുണ്ടായത് വരും ദിവസങ്ങളില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുമെന്നാണ് വിലയിരുത്തല്‍. വെണ്ട, ചേന, ചേമ്പ്, അമരിക്ക, വഴുതന, കൈപ്പയ്ക്ക, ബീന്‍സ്, ചിരങ്ങ, തേങ്ങ തുടങ്ങി പച്ചക്കറികളാണ് കാര്യമായും കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് വരുന്നത്. പഴങ്ങളില്‍ പപ്പായ, പൈനാപ്പിള്‍, നേന്ത്രപ്പഴം, ചെറുപഴം, മാങ്ങ, കക്കരിക്ക എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ കക്കരിയ്ക്ക് ഇതിനകം തന്നെ പകുതിയോളം വില കുറഞ്ഞു.

വിലക്കയറ്റം നീങ്ങിത്തുടങ്ങിയത് മൊത്ത വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ആശ്വാസമായിട്ടുണ്ട്. ഖത്തറിലെ പഴം, പച്ചക്കറി വ്യാപാരികളില്‍ ഭൂരിഭാഗവും മലയാളികളാണ്. മെയ് അവസാനത്തോടെയാണ് കേരളത്തിലെ നിപ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്്.

You must be logged in to post a comment Login