ഖനനമാഫിയയ്ക്ക് ഒത്താശചെയ്യുന്നതില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകള്‍: കെ.സുരേന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ അനധികൃത ഖനനം ബി.ജെ.പി അനുവദിക്കില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അനധികൃത ഖനനത്തിന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഒത്താശ ചെയ്യുകയാണെന്നും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ കാലത്താണ് കേരളത്തില്‍ ഖനനമാഫിയ പിടിമുറുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ ഒരുങ്ങുന്ന എം.എസ്.പി.എല്‍ കമ്പനിക്ക് കര്‍ണാടകയിലെ ഖനി മാഫിയയുമായി ബന്ധമുണ്ടെന്നും  ഇവിടെ ഖനനം നടന്നാല്‍ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഖനനമാഫിയയ്ക്ക് കേരളത്തില്‍ കാലുകുത്താന്‍ അനുമതികൊടുത്തത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ്.

ഒന്നും അറിയില്ലെന്ന് പറഞ്ഞ് പുറം വാതിലിലൂടെ ഇത്തരം മാഫിയകളെ സഹായിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്നതെന്നും സുരേന്ദ്രേന്‍ ആരോപിച്ചു. 2010 ലാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പും വ്യവസായ വകുപ്പും യാതൊരു പഠനവും നടത്താതെ ഖനനത്തിന് അനുമതി നല്‍കിയതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.ഖനനമാഫിയയ്ക്ക് ഒത്താശചെയ്യുന്നതില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

You must be logged in to post a comment Login