ഖനി അഴിമതിക്കേസ്; യെദ്യൂരപ്പയെ സിബിഐ കോടതി വെറുതെ വിട്ടു

yedurappa

ഖനി അഴിമതി കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ കോടതി വെറുതെ വിട്ടു. യെദ്യൂരപ്പയും മക്കളും അടക്കം 12 പേരെയാണ് വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേ കോടതി വിധി യെദ്യൂരപ്പയുടെ രാഷ്ട്രീയഭാവി തീരുമാനിക്കുന്നതാണ്.

യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്പയിര്‍ ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്നുമായിരുന്നു കേസ്. ഇതിനുപകരം യെദ്യൂരപ്പയ്ക്കും മക്കള്‍ക്കും 40 കോടി രൂപ കോഴ ലഭിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു.

ബെല്ലാരിയിലെ ഖനി അഴിമതി മൂലമാണ് കര്‍ണാടക മുഖ്യമന്ത്രിയായ ബിഎസ് യെഡിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത്.ഖനന അനുമതി നേടുന്നതിനായി കര്‍ണാടകയിലെ ഖനി രാജാക്കന്‍മാര്‍ എന്ന് തന്നെ അറിയപ്പെടുന്ന ഗലി കരുണാകര റെഡ്ഡിയും സഹോദരന്‍ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡിയും മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയ്ക്ക് കൈക്കൂലി നല്‍കി എന്നതായിരുന്നു ആരോപണം. ഖനി ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചത് മൂലം സര്‍ക്കാരിന് 16,085 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായതായി കണക്കാക്കപ്പെടുന്നത്.

ബി.എസ് യെദ്യൂരപ്പ ഇപ്പോള്‍ കര്‍ണാടകയിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. 2012ല്‍ അഴിമതി ആരോപണവിധേയനായതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. 11 ദിവസം അദ്ദേഹം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. പിന്നീട് നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം 2013ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നു.

You must be logged in to post a comment Login