ഖേൽരത്ന പുരസ്കാരത്തിന് പി ആർ‌ ശ്രീജേഷിനെ ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ

ഖേൽരത്ന പുരസ്കാരത്തിന് പി ആർ‌ ശ്രീജേഷിനെ ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ഗോള്‍കീപ്പറായ ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തത്. ഹോക്കി താരങ്ങളായ ചിംഗിള്‍സാന സിങ്ങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്ങ്, വനിതാ താരം ദീപിക എന്നിവരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തു. നേരത്തെ കേരളത്തില്‍ നിന്ന് ഖേല്‍രത്‌ന നേടിയത് അത്‌ലറ്റുകളായ കെ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജ്ജുമാണ്.

ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലാണ്. വിവിധ ടൂര്‍ണമെന്റുകളില്‍ ഗോള്‍കീപ്പര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനമാണ് ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചത്. റിയോ ഒളിമ്പിക്‌സിലും മലയാളി താരം ഇന്ത്യയെ നയിച്ചു. 2014,2018 ലോകകപ്പുകളിലും 2012,2016 ഒളിമ്പിക്‌സിലും ശ്രീജേഷ് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. 2015-ല്‍ അര്‍ജുന പുരസ്‌കാരവും 2017-ല്‍ പത്മശ്രീ പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിരുന്നു.

You must be logged in to post a comment Login