ഗര്‍ഭിണിയായ യുവതിയുടെ അതിസാഹസികത നിറഞ്ഞ ഫോട്ടോഷൂട്ട്

മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ എന്തുംചെയ്യാമെന്ന അവസ്ഥയിലാണ് ആളുകള്‍. അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസത്തെക്കുറിച്ചാണ് പറയുന്നത്. നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതിയാണ് ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നില്‍ വലിയൊരു കഥയാണ് മുള്ളര്‍ക്ക് പറയാനുള്ളത്.

ഒരു തേനീച്ചവളര്‍ത്തുകേന്ദ്രത്തിലാണ് എമിലി മുള്ളര്‍ ജോലി ചെയ്യുന്നത്. രണ്ടാം തവണ ഗര്‍ഭം അലസിയപ്പോഴാണ് മുള്ളര്‍, തേനീച്ചകേന്ദ്രത്തില്‍ ജോലിക്ക് എത്തുന്നത്. ഒരു കുഞ്ഞിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന സമയം. അങ്ങനെ മൂന്നാമത് ഗര്‍ഭിണിയായ മുളളര്‍, അപ്പോള്‍ത്തന്നെ ഒരു തീരുമാനമെടുത്തു. ഗര്‍ഭം ധരിച്ച വയര്‍, തേനീച്ചകളെ പൊതിഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തുമെന്ന്. അതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്.

അമേരിക്കയില്‍ തേനീച്ചകള്‍ എന്നാല്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെയും പ്രതീകമാണ്. രണ്ടുതവണ ഗര്‍ഭം അലസിപ്പോയ തനിക്ക് ഇത്തവണ തേനീച്ചകളുടെ രൂപത്തില്‍ ഭാഗ്യം കൈവരുമെന്ന പ്രതീക്ഷയിലാണ് എമിലി മുള്ളര്‍. എന്നാല്‍ ഈ സാഹസികമായ ഫോട്ടോ ഷൂട്ടിനിടെ അവര്‍ക്ക് രണ്ടിലേറെ തവണ തേനീച്ചകളുടെ കുത്തേറ്റു. കൈയിലും ചുണ്ടിലുമാണ് കുത്തേറ്റത്. തേനീച്ചകളുടെ റാണിയെ കൈയില്‍പിടിച്ചായിരുന്നു എമിലി മുള്ളറുടെ ഫോട്ടോഷൂട്ട്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൂടുതല്‍പേര്‍ ഇതു കാണുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എമിലി പറഞ്ഞു.

You must be logged in to post a comment Login