ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി പ്രസിഡന്റിനെ പോലെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി പ്രസിഡന്റിനെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാന്‍ താനില്ലെന്നും എന്നാല്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഞാനാണെന്നിരിക്കെ പ്രോട്ടോകോള്‍ പ്രകാരം തന്നെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ഇന്നലെ ശക്തമായി ആഞ്ഞടിച്ചിരുന്നു. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

You must be logged in to post a comment Login