ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖ്യപത്രം ദേശാഭിമാനി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖ്യപത്രം
ദേശാഭിമാനി. ഇന്നത്തെ എഡിറ്റോറിയല്‍ പേജിലാണ് ഗവര്‍ണറെ സിപിഎം
വിമര്‍ശിച്ചിരിക്കുന്നത്. പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ്
ഗവര്‍ണര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതെന്ന് സിപിഎം മുഖപത്രം
കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ദേശാഭിമാനിയുടെ ഇന്നത്തെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.

ഗവര്‍ണറുടെ രാഷ്ട്രീയക്കളി’ എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനിയിലെ
ലേഖനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട്
നല്‍കിയതിനെയാണ് ഗവര്‍ണര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ
എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല എന്നും
ദേശാഭിമാനിയില്‍ പറയുന്നു. ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര്
കൂടുതല്‍ രൂക്ഷമാകുകയാണ്.

സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോയതിന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് തേടാനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ തലവനല്ല ഗവർണറെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പോകും മുമ്പ് ഗവർണറുടെ അനുമതി തേടണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറയുന്നതെന്ന് യെച്ചൂരി ചോദിച്ചു. ഗവർണർക്കെതിരെ സിപിഐയും രംഗത്തെത്തി. ഗവർണറുടെ സമീപനം മോശം പ്രവണതയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഗവര്‍ണര്‍ ധരിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങളോ കേന്ദ്രവുമായോ ഉള്ള പ്രശ്നങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്നും കാനം കൂട്ടിച്ചേർത്തു.

You must be logged in to post a comment Login