ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍; രാജീവ് പ്രതാപ് റൂഡിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്നാണ് താന്‍ പറഞ്ഞത്, അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ക്ക് അദ്ദേഹം ഇരിക്കുന്ന കസേരയോട് നീതിപുലര്‍ത്താതിരിക്കാന്‍ സാധ്യമല്ല. കൊലപാതകം നടന്ന കണ്ണൂരില്‍ ഗവര്‍ണര്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും. കളക്ടറേയും ചീഫ് സെക്രട്ടറിയേയും ഗവര്‍ണര്‍ വിളിച്ച് വരുത്തണമായിരുന്നുവെന്നും ശോഭാ സുരേദന്ദ്രന്‍ പറഞ്ഞു.

തന്റെ പ്രസ്താവനയെ രാജീവ് പ്രതാപ് റൂഡി തള്ളിപറഞ്ഞെന്ന് പറയുന്നത് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചത് കൊണ്ടാണ്. അദ്ദേഹം തനിക്കെതിരെയല്ല പറഞ്ഞത്. മാന്യമായിട്ട് പെരുമാറണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ എന്ത് തെറ്റാണുള്ളതെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു.

ഭരണഘടന തൊട്ട് സത്യം ചെയ്ത കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. കുടുംബത്തെ മാറ്റി നിര്‍ത്തി സമൂഹത്തിന് വേണ്ടി അഹോരാത്രം പണി ചെയ്യുന്ന ഇന്ത്യന്‍ പട്ടാളക്കാരെ നിയമസഭയില്‍ അപമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പട്ടാളക്കാരെ അപമാനിച്ച മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ശോഭാ സുരേന്ദ്രന്റെ ഗവര്‍ണര്‍ക്കെതിരായുള്ള പരാമര്‍ശം തള്ളി നേരത്തെ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവര്‍ക്കും ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

You must be logged in to post a comment Login