ഗവര്‍ണര്‍ ഇടപെടുന്നു, ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

p_sathashivam

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ പി സദാശിവം അറിയിച്ചു.കോളജില്‍ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുടെ സീലും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സീല്‍ വ്യാജമാണെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചിരുന്നു. സീല്‍ തന്റേതല്ലെന്നും ഓഫീസില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സീല്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറും വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പരിഗണിച്ച് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് പിഎസ്‌സിയ്ക്ക് കത്തയച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഈയിനത്തില്‍ 13.58 മാര്‍ക്കാണ് ശിവരഞ്ജിത്തിന് നല്‍കിയത്.

You must be logged in to post a comment Login