ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയെന്ന് യെദ്യൂരപ്പ; തീരുമാനം പിന്നീടെന്ന് ഗവര്‍ണര്‍

ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി നിയമസഭാകക്ഷി നേതാവ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടു. ഗവര്‍ണര്‍ അനുകൂല തീരുമാനം അറിയിക്കാമെന്ന് അറിയിച്ചതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന ചോദ്യത്തോട് യെദ്യൂരപ്പ പ്രതികരിച്ചില്ല.

115 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് ബിജെപി കത്ത് നല്‍കിയത്. എന്നാല്‍ 104 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. ഇനി ആരൊക്കെ ബിജെപിയിലെത്തുമെന്നാതാണ് ഉയരുന്ന ചോദ്യം.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് പ്രകാശ് ജാവഡേക്കര്‍ ബംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമസഭാകക്ഷി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും കുറുക്കുവഴിയിലൂടെ അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസ് ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും ജെഡിഎസിലും പുതിയ സംഭവവികാസങ്ങളില്‍ അസംതൃപ്തര്‍ ഏറെ ഉണ്ടെന്നും ജാവഡേക്കര്‍ വിശദമാക്കി.

You must be logged in to post a comment Login