ഗവേഷകനും പ്രഭാഷകനും ക്വീയര്‍ ആക്ടിവിസ്റ്റുമായ ഒരു മലയാളി ‘ഗേ’യുടെ അസാധാരണ ജീവിതം

  • പ്രിജിത്ത് പി കെ/അനില്‍കുമാര്‍ കെ.എസ്

ട്രാന്‍സ്ജന്റര്‍ എന്ന പദം അടുത്ത കാലത്താണ് മലയാളിക്കു സുപരിചിതമായതും സ്വീകരിച്ചതും. കേരള സര്‍ക്കാരിന്റെ ട്രാന്‍സ്ജന്റര്‍ പോളിസി അതിനു വലിയൊരു ചാലകശക്തിയായിരുന്നു. ഒമ്പത്, ഹിജഢ, ചാന്തുപൊട്ട്, നപുംസകം എന്നിത്യാദി അവഹേളന പദങ്ങളിലൂടെ അറിയപ്പെട്ടിരുന്ന ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങള്‍ സാമൂഹ്യമാന്യത തേടി. അതേസമയം ഗേ/ലെസ്ബിയനുകള്‍ എന്ന പദവും അതിനെ പ്രതിനിധാനം ചെയ്യുന്നവരും ഇപ്പോഴും ശരാശരി മലയാളി സമൂഹത്തിന് അപരിചിതരോ അന്യരോ ആണ്. ക്വീയര്‍ പൊളിറ്റിക്‌സില്‍ ലൈംഗിക ന്യൂനപക്ഷങ്ങളായി നില്ക്കുന്നവരാണ് ഗേ/ലെസ്ബിയനുകള്‍. പുരുഷനെ പ്രണയിക്കുന്ന പുരുഷനാണ് ‘ഗേ’ യെങ്കില്‍ സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയാണ് ‘ലെസ്ബിയന്‍. ഇവരുടെ ജീവിതങ്ങള്‍ ചില ചിതറിയ കാഴ്ചകളിലൂടെ ഇന്ത്യന്‍ സിനിമകള്‍ ജനസമൂഹത്തിനു മുമ്പാകെ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും അവ ഫലപ്രദമായിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ലൈംഗിക സദാചാര ഭാവനകള്‍ക്കു തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ടിരുന്ന ഗേ/ലെസ്ബിയനുകള്‍ പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആഗോളതലത്തിലും ദേശീയ – പ്രാദേശികതലത്തിലുമുള്ള ക്വീയര്‍ ഗ്രൂപ്പുകളുടെ മുന്നേറ്റമാണ് അവര്‍ക്കുള്ള അടിത്തറയൊരുക്കിയത്. ദൃശ്യത (്ശശെയശഹശ്യേ) യുടെ കാര്യത്തില്‍ ട്രാന്‍സ് വിഭാഗങ്ങള്‍ മുന്നിട്ടു നില്ക്കുമ്പോള്‍ ഗേ/ലെസ്ബിയനുകള്‍ക്ക് അത്രയ്ക്കു മുന്നേറുവാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തെ മുന്‍നിറുത്തി ക്വീയര്‍ ആക്ടിവിസ്റ്റും കേരള സര്‍വ്വകലാശാലയിലെ ഗവേഷകനും ഗേയും ആയ പ്രിജിത്ത് കേരള ഭൂഷണത്തോടു സംസാരിക്കുന്നു. വ്യവസ്ഥാപിത ലിംഗ സദാചാര വംശശുദ്ധി ബോധങ്ങള്‍ നിലനില്‍ക്കുന്ന അക്കാദമിക് പൊതുമണ്ഡലത്തില്‍ ഞാന്‍ ഒരു ഗേ ആണ് എന്നു തുറന്നു പറഞ്ഞ് നിലനില്ക്കുന്ന പ്രിജിത്ത് പുതിയ കാലത്തിന്റെ പോരാളി കൂടിയാണ്.

? ട്രാന്‍സ്ജന്ററുകള്‍ വര്‍ത്തമാനകാല മലയാളി സമൂഹത്തിനു സുപരിചിതമാണ്. അതേ സമയം ഗേ/ലെസ്ബിയനുകള്‍ അത്ര പരിചിതമല്ലതാനും. താങ്കളുടെ ഐഡന്റിറ്റി വ്യക്തമാക്കുമോ.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ഒരു ക്വീയര്‍ വ്യക്തിയാണ് ഞാന്‍. ഒരു സാധാരണ കുടുംബമാണ് എന്റേത്. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് കുടുംബം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. കുറച്ചുനാള്‍ ഗസ്റ്റ് ലക്ചര്‍ ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷണം ചെയ്യുന്നു. ഡോ. ദീപ പ്രസാദാണ് ഗൈഡ്.

? ‘ഗേ’ ഐഡന്റിറ്റി ഇന്ത്യന്‍ സമൂഹത്തില്‍ വിപ്ലവകരമായ ഒന്നാണ്. എപ്പോഴാണ് പ്രിജിത്ത് ഇത്തരമൊരു ലൈംഗിക സ്വത്വത്തെ തിരിച്ചറിഞ്ഞതും പ്രകടിപ്പിച്ചതും.
കൃത്യമായി പറഞ്ഞാല്‍ 2015 നു ശേഷമുള്ള കാലയളവിലാണ് ഞാന്‍ എന്റെ ഐഡന്റിറ്റി തിരിച്ചറിയുന്നത്. അതിനു മുമ്പുള്ള കാലയളവില്‍ എന്നെ സംബന്ധിച്ച് എനിക്കുതന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്താണ്. എന്റെ അവസ്ഥ എന്താണ് എന്തെല്ലാം. 2015 ല്‍ മാനവീയം ക്വീയര്‍ ഫെസ്റ്റാണ് ജീവിതത്തില്‍ ഒരു വഴിത്തിരിവാകുന്നത്. അതിനുശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. അപ്പോള്‍ എന്നെ സംബന്ധിച്ചുള്ള പ്രശ്‌നം എന്നെ എങ്ങിനെ അടയാളപ്പെടുത്തുമെന്നുള്ളതായിരുന്നു. ആ ഒരു ചോദ്യമാണ് എന്നില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചത്. ഗേ കമ്യൂണിറ്റിക്കുള്ളില്‍ ഭൂരിപക്ഷം പേരും പൊതുസമൂഹത്തില്‍ അദൃശ്യരായി നില്ക്കുന്നവരാണ്. അവര്‍ അവരുടേതായ രഹസ്യ ഗ്രൂപ്പുകളില്‍ സംസാരിച്ചും ഇടപെട്ടും ആശ്വാസങ്ങള്‍ കണ്ടെത്തുന്നു. ഇത്തരമൊരു സാഹചര്യത്തെ പൊളിക്കുകയും രാഷ്ട്രീയവല്ക്കരിക്കുകയും പൊതുമണ്ഡലത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ്. ഞാന്‍ എന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിയത്.

? കൗമാര കാലഘട്ടത്തിലാണ് ലൈംഗികമായ അഭിരുചികള്‍ ഭൂരിപക്ഷം പേരും കൂടുതലായി പ്രകടിപ്പിക്കുന്നത്. അത്തരമൊരു കാലഘട്ടത്തില്‍ പ്രിജിത്തിന്റെ ‘ഹോമോസെക്ഷ്വാലിറ്റി’ തിരിച്ചറിയപ്പെട്ടിരുന്നില്ലേ.
ചെറിയ കാലയളവിലേ ഞാനത് തിരിച്ചറിഞ്ഞിരുന്നു. കുട്ടിക്കാലത്തെ കൂട്ടുകാരോടും അടുത്ത പരിചയക്കാരോടും അത്തരത്തില്‍ ഇഷ്ടം തോന്നിയിരുന്നു. പക്ഷേ എനിക്കതു പറയുവാനോ പ്രകടിപ്പിക്കുവാനോ കഴിഞ്ഞിരുന്നില്ല. നമ്മുടെ സമൂഹത്തില്‍ ഹെട്രോസെക്ഷ്വാലിറ്റിയുടെ പ്രിവിലേജിനുള്ളിലാണ് ഭൂരിപക്ഷം പേരും കഴിഞ്ഞുകൂടുന്നത്. ആ പ്രിവിലേജ് ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹെട്രോസെക്ഷ്വലായ പ്രണയത്തിനു ശ്രമിച്ചിരുന്നു. ഗേ ആക്ടിവിസ്റ്റായ എന്റെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞത് വേണമെങ്കില്‍ പെണ്‍കുട്ടികളെ പ്രണയിക്കാന്‍ സാധിക്കും. പക്ഷേ അവരോട് ഒരിക്കലും ലൈംഗികമായ താല്പര്യങ്ങളോ അഭിനിവേശങ്ങളോ ഉണ്ടാകില്ല എന്നാണ്. എന്റെ ഗേ ഐഡന്റിറ്റി ഞാന്‍ തിരിച്ചറിഞ്ഞുവെങ്കിലും അത് കൃത്യമായ രീതിയില്‍ അറിയിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. ഇതൊക്കെ പുറത്തു പറയാന്‍ പാടില്ല. എന്നൊരു ബോധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ക്വീയര്‍ സമൂഹത്തിന്റെ മുന്നേറ്റങ്ങളാണ് എന്നെ വെളിപ്പെടുത്തലുകളിലേക്കു നയിച്ചത്.

? വീട്ടിലുള്ളവര്‍ക്ക് ഇത്തരമൊരു ഐഡന്റിറ്റിയെക്കുറിച്ച് തിരിച്ചറിവുണ്ടോ? അവരുടെ പ്രതികരണങ്ങള്‍ എന്തായിരുന്നു.
വീട്ടിലെ കാര്യം പറഞ്ഞാല്‍ രസകരമാണ്. അവര്‍ക്ക് എന്റെ ഐഡന്റിറ്റി അറിയില്ല. വീട്ടില്‍ ഞാന്‍ കമിംഗ് ഔട്ട് അല്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്ക് അത് കൃത്യമായ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞെന്നുവരില്ല. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ സാമൂഹ്യമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വീട്ടുകാര്‍ക്ക് അറിയാം. എനിക്കു തോന്നുന്നത് ഇപ്പോള്‍ ഒരുപക്ഷേ അവര്‍ക്ക് എന്റെ ഐഡന്റിറ്റിയെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. കൃത്യമായി അവരെ അതിനായി ഞാന്‍ ഒരുക്കിക്കൊണ്ട് വരികയുമാണ്. കമിംഗ്ഔട്ട് പലരീതിയില്‍ നടത്താന്‍ സാധിക്കും എന്നും ഞാന്‍ മനസ്സിലാക്കുന്നു. ധൃതിപ്പെടാതെ സാഹചര്യങ്ങള്‍ക്കനുസൃതമായി അത് നടത്തണം.

? വളരെയേറെ സങ്കുചിത മനോഭാവങ്ങളും യാഥാസ്ഥിതികത്വങ്ങളും നിറഞ്ഞതാണ് നമ്മുടെ അക്കാദമിക് മണ്ഡലവും കേരളീയ പൊതുസമൂഹവും. അത്തരം ഇടങ്ങളില്‍ താങ്കളുടെ ‘ഗേ’ ഐഡന്റിറ്റി വെല്ലുവിളികള്‍ നേരിടുകയുണ്ടായോ.
എന്റെ പി ജി പഠന കാലയളവിലേ എന്റെ ഐഡന്റിറ്റി ഞാന്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്ക് ആര്‍ക്കും തന്നെ അത് പ്രശ്‌നമായിരുന്നില്ല. ഒരു ഗേയാണ് എന്നു പറഞ്ഞ് എന്നെ ആരും മാറ്റിനിര്‍ത്തുകയോ അകല്‍ച്ച കാണിക്കുകയോ ചെയ്തിരുന്നില്ല. സ്വാഭാവികമായ രീതിയില്‍ തന്നെ അവര്‍ എന്നോട് ഇടപഴകിയിരുന്നു. ഇപ്പോള്‍ ഞാന്‍ ഗവേഷണം ചെയ്യുമ്പോള്‍ എന്റെ ഗൈഡിന് എന്റെ ഐഡന്റിറ്റി അറിയാം. അവര്‍ക്ക് അത് ഒരു പ്രശ്‌നമല്ല. ഞാന്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലയളവില്‍ എന്റെ വിദ്യാര്‍ത്ഥികള്‍ക്കും അത് പ്രശ്‌നമായിരുന്നില്ല. പിന്നെ ചെറിയ അപസ്വരങ്ങള്‍ സമൂഹത്തില്‍നിന്നും ഉണ്ടായിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെ അടുത്തു പരിചയമുള്ള എന്റെ ഒരു കസിന്‍ എന്റെ ഐഡന്റിറ്റി അറിഞ്ഞപ്പോള്‍ അതില്‍നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുമാത്രമല്ല, അക്കാലയളവില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. അവനെ ഈ പറഞ്ഞ കസിന്‍ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്തിരുന്നു. നമ്മുടെ സമൂഹത്തിലിപ്പോഴും ഇത് ഒരു രോഗമാണെന്നും ഭ്രാന്താണ് എന്നും വിശ്വസിക്കുന്ന ആളുകള്‍ ഉണ്ട് എന്നതാണ് വാസ്തവം. അത്തരം കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഞാനൊക്കെ പ്രവര്‍ത്തിക്കുന്നത്.

? എല്‍ ജി ബി റ്റി ക്യു ഐയില്‍ ഗേ കമ്യൂണിറ്റി പൊതുവില്‍ ഒരു ‘എലൈറ്റ്’ ഗ്രൂപ്പായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത് അതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു.
ക്ലാസ് കോണ്‍ഷ്യസും കാസ്റ്റ് കോണ്‍ഷ്യസും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കെവിന്റെ കൊലപാതകം അടക്കമുള്ള കാര്യങ്ങളില്‍ നിന്നും അത് വ്യക്തമാണ്. കമ്യൂണിറ്റിയില്‍ ക്ലാസ് ബോധം പ്രബലമായി തന്നെയുണ്ട്. ആയതിനാല്‍ തന്നെ ക്വീയര്‍ ദളിത് രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ട്. ‘ഉന്നത’ ജാതിബോധവും അവര്‍ക്കായി രഹസ്യഗ്രൂപ്പുകളും മതഭേദ്യമന്യേ സവര്‍ണ്ണ വിഭാഗങ്ങളെന്ന് ജാത്യാഭിമാനമുള്ളവര്‍ ചേര്‍ന്ന് നടത്തുന്നുണ്ട്. എന്റെ സുഹൃത്തായ മുഹമ്മദ് ഉനൈസ് ഞാനൊരു മുസ്ലീം ഗേയാണ് എന്നു പറഞ്ഞാണ് കമിംഗ് ഔട്ട് നടത്തിയത് അത്തരമൊരു സാഹചര്യത്തില്‍ ക്ലാസ്/കാസ്റ്റ് എന്നിവയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കമ്യൂണിറ്റികള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. ചിലയിടങ്ങളിലെങ്കിലും വേര്‍തിരിവുകള്‍ നിലനില്ക്കുന്നുണ്ട്. ഞങ്ങള്‍ ക്വീയറിഥം പോലൊരു സംഘടന രൂപപ്പെടുത്തുമ്പോള്‍ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വേര്‍തിരിവുകള്‍ കമ്യൂണിറ്റികള്‍ക്കിടയില്‍ പാടില്ലായെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഹെട്രോ സെക്ഷ്വാലിറ്റിയുടെ പ്രവിലേജിനുള്ളില്‍ സുരക്ഷിതരായി നില്ക്കുന്ന ഗേകളും അതിനെ വെല്ലുവിളിച്ചുകൊണ്ടു നില്ക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ട്രാന്‍സ് വിഭാഗങ്ങളെ അപേക്ഷിച്ച് ഗേ ആയ ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും സാമ്പത്തികശേഷിയും ഒരു പരിധിവരെ കൂടുതല്‍ ലഭ്യമാണ്. ട്രാന്‍സുകളോട് ഗേ ആയ ആളുകളോ ഗേ യോട് ട്രാന്‍സ് വിഭാഗങ്ങളോ അകല്‍ച്ച കാട്ടേണ്ട കാര്യമില്ല. അത്തരം അകല്‍ച്ചകള്‍ സംഘടിതമായ മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. ക്ലാസ് വേര്‍തിരിവുകള്‍ ഉള്ള ആളുകള്‍ക്ക് ട്രാന്‍സ്‌ഫോബിയ, ഹോമോഫോബിയ ഉണ്ടായിരിക്കും. ചിലപ്പോ അവര്‍ക്കുള്ളില്‍ അടിഞ്ഞു കൂടിയ പൊതുബോധങ്ങളുടെ ഫലമായിരിക്കാം അത്. അത്തരം ചിന്തകള്‍ എല്ലാം മാറ്റിവെച്ച് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എല്ലാംതന്നെ ഒന്നിച്ചുനിര്‍ത്താന്‍ മാത്രമേ അവകാശങ്ങളും അംഗീകാരങ്ങളും നേടിയെടുക്കുവാന്‍ കഴിയുകയുള്ളൂ.

? കേരളത്തില്‍ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുള്ള ഒരേയൊരു സംഘടന താങ്കള്‍ നേതൃത്വം നല്കുന്ന ക്വീയറിഥം ആണ്. ഇത്തരമൊരു സംഘടനയുടെ രൂപീകരണം സാധ്യമായത് എങ്ങിനെയാണ്.
2015 ലാണ് സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് ഞാനെത്തുന്നത്. അക്കാലയളവില്‍ കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന സംഘടനകള്‍ ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെ (ഗേ/ലെസ്ബിയന്‍) കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാല്‍ മുഴുവന്‍ ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളെ ഒന്നിച്ചണി നിരത്തുന്ന ഒരു സംഘടന നിലവിലില്ലായിരുന്നു. അങ്ങനെയാണ് ക്വീയറിഥം എന്ന സംഘടനയുടെ ആലോചനകള്‍, അതിനെത്തുടര്‍ന്നുള്ള കൂട്ടായ്മകള്‍ നടക്കുന്നത്. ക്വീയറിഥത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് ഞാന്‍. നിലവില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ഒപ്പം ശ്യാമ സെക്രട്ടറിയും അഖില്‍ ട്രഷററുമായി പ്രവര്‍ത്തിക്കുന്നു. ഭരതന്‍, ബിന്‍സി, ഡോ. ഷാലിന്‍ വര്‍ഗ്ഗീസ്, ഡോ. പരശുരാമന്‍ തുടങ്ങിയവരും ബോര്‍ഡ് മെമ്പേഴ്‌സായുണ്ട്. 2016 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയാണ് ഞങ്ങളുടേത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. പ്രശ്‌നങ്ങള്‍ നേരിടുന്ന ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു ആവശ്യമായ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നല്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിനു ഐ പി ഉള്‍പ്പെടെയുള്ളവരുടെ സഹായങ്ങളും വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ വരെ എത്തിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഹെട്രോ സെക്ഷ്വാലിറ്റിയുടെ സ്ഥാപനമായ കുടുംബത്തിനുള്ളില്‍ നിന്നാണ് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരുന്നത്. ഞങ്ങളുടെ ഹെല്‍പ് ലൈനില്‍ വരുന്ന കോളുകളില്‍ ഭൂരിപക്ഷവും ആത്മഹത്യയ്ക്ക് നില്ക്കുന്നവരുടെയോ മനസുകൊണ്ട് അതിനു തയ്യാറെടുക്കുന്നവരുടെയോ ആണ്. അവരെയെല്ലാം നല്ല രീതയില്‍ സംസാരിച്ചുകൊണ്ട് ജീവിതത്തിലേക്കു മടക്കികൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ആത്മഹത്യാ പ്രവണതകള്‍ പുലര്‍ത്തുന്നവരെക്കുറിച്ച് ഒരു മാധ്യമങ്ങളും അന്വേഷിക്കാറില്ല. യഥാര്‍ത്ഥത്തില്‍ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിത പശ്ചാത്തലങ്ങള്‍, അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന ധാരണകളെ മാറ്റിമറിക്കമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9745545559. പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതില്‍ വിളിക്കാവുന്നതാണ്.

? ഹോമോഫോബിയ, ട്രാന്‍സ്‌ഫോബിയ തുടങ്ങിയവ പൊതുസമൂഹത്തിലെ വെല്ലുവിളികളാണ്. അത് കമ്യൂണിറ്റി അംഗങ്ങള്‍ക്കിടയിലും പ്രതിഫലിക്കാറുണ്ടോ.
ഞങ്ങള്‍ ലക്ഷ്യമിടുന്നത് അഡ്വക്കസി പ്രോഗ്രാമുകള്‍ക്കൊപ്പം ഒരു മാസ് മൊബിലൈസേഷനാണ്. കമ്യൂണിറ്റി അംഗങ്ങള്‍ക്കിടയില്‍ തന്നെ ഹോമോഫോബിയയും ട്രാന്‍സ്‌ഫോബിയയുമുണ്ട്. അതിന്റെ പേരില്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തിയിട്ടു കാര്യമില്ല. കൃത്യമായ തിരിച്ചറിവുകളും കൂട്ടായ്മകളും സഹകരണങ്ങളുമാണ് വേണ്ടത്. ക്വീയറഥം തുടങ്ങിയ കാലം മുതലേ കൂട്ടായ്മയിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തിവരുന്നു. അതിനു ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച തിരുവനന്തപുരത്തെ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററിലാണ് മീറ്റിംഗ് നടക്കുന്നത്. ഇത്തരം പരിപാടികള്‍ കമ്യൂണിറ്റിക്കുള്ളിലും പൊതുസമൂഹത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

? ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജന്റര്‍ പോളിസി അവതരിപ്പിച്ചത് കേരള ഗവണ്‍മെന്റാണ്. ആ സമയത്തും തുടര്‍ന്നുള്ള കാലയളവിലും ഉയര്‍ന്നുവന്ന ആരോപണം എല്‍ ജി ബിക്കാര്‍ക്ക് (ലെസ്ബിയന്‍/ഗേ/ബൈസെക്ഷ്വല്‍ ആളുകള്‍) പരിഗണനകള്‍ ലഭ്യമാകുന്നില്ല എന്നതാണ്. ഇതിനെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം/നിലപാട് എന്താണ്.
എല്‍ ജി ബിക്ക് അര്‍ഹമായ പരിഗണനകള്‍ ലഭിക്കണമെന്നതാണ് എന്റെ നിലപാട്. നിലവില്‍ ട്രാന്‍സ്ജന്റര്‍ പോളിസിക്ക് പല പരിമിതികളുമുണ്ട്. ഒന്നുകില്‍ അതു പരിഷ്‌കരിക്കുകയോ എക്‌റ്റെന്‍ഡ് ചെയ്യുകയോ ചെയ്യണം. സ്വവര്‍ഗ്ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്ന ഐ പി സി 377 കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ കേരള ഗവണ്‍മെന്റിന് അതു വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. അതിനായി ഞങ്ങള്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഗേ/ലെസ്ബിയന്‍ ആയ ആളുകള്‍ക്ക് ഒന്നിച്ചു ജീവിക്കുവാനും വിവാഹം കഴിക്കുവാനും കഴിയുന്ന സാഹചര്യങ്ങളുണ്ടാകണം. ഒപ്പംതന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും നിലനില്പിനുമായി എല്‍ ജി ബി ആക്‌ടോ, എല്‍ ജി ബി പോളിസിയോ രൂപപ്പെടണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്ജന്റര്‍ പോളിസി വന്നത് ഞങ്ങള്‍ക്കും ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങള്‍ക്കും ഒരുപോലെ ഗുണകരമായിരുന്നു. പോളിസി വന്നതിലൂടെ ട്രാന്‍സ്ജന്ററായ ആളുകള്‍ പൊതുസമൂഹത്തിലുണ്ടെന്നു കേരളീയര്‍ കൂടുതലായി തിരിച്ചറിഞ്ഞു. ഇന്നു പകല്‍വെളിച്ചത്തില്‍ നിരത്തുകളില്‍ ട്രാന്‍സ്ജന്ററുകളെ കാണാന്‍ കഴിയുന്നുവെങ്കില്‍ അതിനു കാരണം പോളിസിയാണ്. ജന്റര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടുകൂടി സെക്ഷ്വാലിറ്റിയെ ഞങ്ങള്‍ക്കു പ്രശ്‌നവല്ക്കരിക്കുവാനും പൊതുചര്‍ച്ചയിലേക്കു കൊണ്ടുവരാനും കഴിഞ്ഞു. ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് സ്വീകാര്യതയും അംഗീകാരവും ലഭിക്കുമ്പോള്‍ എല്‍ ജി ബി ആളുകള്‍ മാറ്റിനിറുത്തപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മാറ്റപ്പെടുന്നതിലേക്കാണ് എല്‍ ജി ബി പോളിസി കൂടി ഉണ്ടാകണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

? ഇന്ത്യന്‍ സമൂഹത്തില്‍ ഫാസിസം അതിന്റെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ദളിത് ജനസമൂഹങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നു. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നിലനില്പുതന്നെ അപകടത്തിലാകുന്ന അവസ്ഥ. ഇതിനെതിരെയുള്ള പ്രതിരോധങ്ങള്‍ ഏതൊക്കെയാണ്.
ഞാനിപ്പോള്‍ എന്നെ വിലയിരുത്തുന്നത് അംബേദ്കറൈറ്റ് എന്നാണ്. കോളേജ് പഠന കാലയളവിലെ എന്നിലുള്ള ഭക്തി അടക്കമുള്ള കാര്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരുന്നു. ഫ്രീതിങ്കറായി, ഹ്യൂമനിസ്റ്റായി പല പല ഘട്ടങ്ങളിലൂടെയാണ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. ഒരു ക്യൂര്‍ – ദളിത് ആക്ടിവിസ്റ്റ് എന്ന നിലയിലാണ് ഇന്നു ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്നതുകൊണ്ടുതന്നെ ദളിതര്‍, മതന്യൂനപക്ഷങ്ങള്‍, ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരെല്ലാം തന്നെ വെല്ലുവിളികള്‍ നേരിടുന്നു. സ്വവര്‍ഗ്ഗാനുരാഗം അടക്കമുള്ള കാര്യങ്ങള്‍ പാശ്ചാത്യ അനുകരണവും സ്വാധീനവുമാണെന്നാണ് സംഘ്പരിവാര്‍ അടക്കമുള്ള ഹിന്ദുത്വവാദികള്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹോമോഫോബിയയെയാണ് പാശ്ചാത്യസമൂഹം സൃഷ്ടിച്ചതും ഇന്ത്യന്‍ ജനസമൂഹത്തില്‍ വളര്‍ത്തിയെടുത്തതും. സ്വവര്‍ഗ്ഗരതിയെ തള്ളിപ്പറയുന്ന ഇക്കൂട്ടരുടെ ചരിത്ര-പുരാണ-മത ഗ്രന്ഥങ്ങളിലെല്ലാം ഇത്തരം ബന്ധങ്ങളുടെ പ്രതിപാദനങ്ങളുണ്ട്. അതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രതിരോധങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.

സംഘ്പരിവാര്‍ സംഘടനകള്‍ എല്ലാകാലത്തും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ ആക്രമിച്ചിട്ടേയുള്ളൂ. ഫ്യൂഡല്‍ പുരുഷാധികാര ഘടനകളെ അതേപടി നിലനിര്‍ത്തുകയെന്ന അജണ്ട മാത്രമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. നരേന്ദ്രമോദി ഗവണ്‍മെന്റ് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളിലൊന്നാണ് ട്രാന്‍സ്ജന്ററുകളുടെ നിലനില്പ് തന്നെ അപകടകരമാക്കുന്ന ബില്‍. അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഞങ്ങള്‍ പൊളിറ്റിക്കലായി അംഗീകരിക്കപ്പെടുകയെന്നുള്ളതാണ്. ശശിതരൂര്‍ അടക്കമുള്ള ആളുകളും സി പി എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ പക്ഷേ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി സംഘടിത പ്രക്ഷോഭങ്ങള്‍ നടത്താനുള്ള സംഘടനാശേഷിയിലേക്കു വളരുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. എങ്കിലും സാധ്യമാകുന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടത്തിവരുന്നു.

 

 

 

You must be logged in to post a comment Login