ഗാംഗുലിയുടെ റെക്കോർഡ് മറികടന്ന് കോലി; ഇനി മുന്നിലുള്ളത് ധോണി

ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ സൗരവ് ഗാംഗുലിയെ മറികടന്ന് കോലി. 11 വിജയങ്ങളെന്ന ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. ഇന്നലെ വിൻഡീസിനെതിരെ കോലിയുടെ 12ആം എവേ വിജയമായിരുന്നു.

26 ടെസ്റ്റുകളിൽ നിന്നാണ് കോലിയുടെ ഈ നേട്ടം. ഗാംഗുലിയും 26 മത്സരങ്ങളിൽ നിന്നു തന്നെയാണ് 11 വിജയങ്ങൾ കുറിച്ചിരുന്നത്. മൂന്നാം സ്ഥാനത്തുള്ള ധോണി ഏറെ പിന്നിലാണ്. ധോണിക്ക് കീഴിൽ 6 വിദേശ വിജയങ്ങൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അഞ്ച് വിജയങ്ങൾ നേടിയ ദ്രാവിഡാണ് നാലാമത്.

ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ കുറിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ ധോണിക്കൊപ്പമാണ് ഇപ്പോൾ കോലി. ഇരുവർക്കും 27 വിജയങ്ങളാണ് ഇപ്പോൾ ഉള്ളത്. കോലി 46 മത്സരങ്ങളിൽ നിന്നും ധോണി 60 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. അടുത്ത ടെസ്റ്റിൽ കൂടി ഇന്ത്യക്ക് ജയം കുറിയ്ക്കാനായാൽ കോലി ഈ നേട്ടം ഒറ്റക്ക് സ്വന്തമാക്കും.

You must be logged in to post a comment Login