ഗാന്ധിമാര്‍ഗം

  • രശ്മി ജി./ അനില്‍കുമാര്‍

കോഴിക്കോട്ടെ ഒരു എളിയ കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പത്തിലെ തുടങ്ങിയ വായനാശീലങ്ങളിലൂടെ ഗാന്ധിയെ അടുത്തറിഞ്ഞു. ആത്മാവിനുള്ളില്‍ സന്നിവേശിപ്പിച്ച ആശയങ്ങളുടെ അടിത്തറയിലാണ് ഇത്രയും നാള്‍ ജീവിച്ചത്. സമൂഹത്തിലെ വിവിധ ധാരകളിലുള്ളവരോട് ഗാന്ധിയന്‍ ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. മുപ്പത്തിയാറുവര്‍ഷത്തിലധികമായി മദ്യവിരുദ്ധ സമിതിയുടെ ഭാഗമായി ലഹരി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. കുടുംബത്തേയും സമൂഹത്തേയും പാടെ തകര്‍ത്തു കളയുന്ന ലഹരിയില്‍ നിന്നും നമ്മുടെ നാട് വിമുക്തമാകേണ്ടതുണ്ട്.

ഗാന്ധിയന്‍ അല്ല, ഗാന്ധിമാര്‍ഗ്ഗം:

ഗാന്ധിയുടെ ആശയങ്ങളെ പങ്കു വെയ്ക്കുന്നതുകൊണ്ട് പലരും ഗാന്ധിയന്‍ എന്നു വിശേഷിപ്പിക്കാറുണ്ട് അതു കേള്‍ക്കുമ്പോള്‍ ഭയമാണ്. ലോകത്ത് ഒരേയൊരാളെ ഗാന്ധിയായി ഉണ്ടായിരുന്നുള്ളൂ അതാണ് മഹാത്മാഗാന്ധി .ഞാനൊക്കെ ഗാന്ധിമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നയാളാണ്. കഴിയുന്നത്ര മനുഷ്യര്‍ക്കു സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. പൊതുസമൂഹത്തില്‍ മാത്രമല്ല കുടുംബത്തിനുള്ളിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഭാര്യയും രണ്ട് ആണ്‍മക്കളും എല്ലാത്തരം പിന്തുണകളും നല്‍കുന്നുണ്ട് .അത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്.

മദ്യമെന്ന വിപത്തും മദ്യനിരോധനവും:

ജനതയെ ഒന്നാകെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മദ്യമെന്ന വിപത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പൊതുജനങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല. ഗവണ്‍മെന്റുകളുടെ ലാഭകരമായ ബിസിനസ് മദ്യം ആയതുകൊണ്ട് മദ്യംനിരോധിക്കുവാന്‍ അവര്‍ക്കു മടിയാണ്. അച്ചടി ദൃശ്യമാധ്യമങ്ങള്‍ക്കു പിന്നില്‍ മദ്യമുതലാൡമാര്‍ ഉള്ളതുകൊണ്ടുതന്നെ മദ്യവിരുദ്ധ സമരങ്ങള്‍ പോലും ചര്‍ച്ചചെയ്യപ്പെടാറില്ല. ‘മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത്,’ എന്നുള്ള വാദമൊക്കെ തികച്ചും ബാലിശമാണ്. മദ്യം നിരോധിച്ചാല്‍ കഞ്ചാവ്ഉപയോഗം കൂടുമെന്നു പറയുന്നതും വലിയ വിഡ്ഢിത്തരമാണ്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇവിടെയുള്ളു. ജനങ്ങളുടെ ക്ഷേമമാണ് ആത്യന്തിക ലക്ഷ്യമെങ്കില്‍ അതിനു മദ്യനിരോധനം അനിവാര്യമാണ്.

ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ:

ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങളെ പിന്നാലെ വന്ന നെഹ്‌റു നിര്‍മൂലീകരിക്കുകയാണ് ചെയ്തത്. നെഹ്‌റുവിലൂടെ ഇന്ത്യ കൂടുതല്‍ വികസിതമായി എന്നതു നേരാണ്. പക്ഷേ സാംസ്‌കാരികമായി ഇന്ത്യ അധഃപതിച്ചു പോയി .വര്‍ഗ്ഗീയതയും സംഘട്ടനങ്ങളും ഇന്ത്യയുടെ ആത്മാവിനെ തന്നെ തകര്‍ത്തു കളയുന്നു. ഗാന്ധിയന്‍ ആശയങ്ങളെ വിസ്മരിച്ചതാണ് വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക്് അടിത്തറയായത്. ഗ്രാമങ്ങളിലൂടെ ഉണരുന്ന ഇന്ത്യയാണ് ജനതയെ നിലനിര്‍ത്തുന്നത്. ജാതിമതാതീതമായ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്ന, എല്ലാവരും സംതൃപ്തമായി കഴിയുന്ന ഇന്ത്യയായിരുന്നു ഗാന്ധിജി വിഭാവനം ചെയ്തത്. സ്വാതന്ത്യത്തിന്റെ 70-ാം വര്‍ഷത്തില്‍ ഇന്ത്യ അതില്‍ നിന്നും ബഹുദൂരങ്ങള്‍ മാറി സഞ്ചരിച്ച് അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നു.

ഗാന്ധി വിമര്‍ശിക്കപ്പെടുമ്പോള്‍:

ഗാന്ധിജിയെ വെറുക്കുന്ന ഒരു ചിന്താരീതി ഇന്ത്യയില്‍ വളര്‍ന്നുവരുന്നുണ്ട്. പക്ഷേ ഇന്ത്യന്‍ ഭൂരിപക്ഷം ഗാന്ധിജിയെ നിരാകരിക്കുന്നില്ല. സത്യങ്ങളെ നിഷേധിക്കുവാന്‍ നമ്മള്‍ക്കു കഴിയില്ല. ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി അരുന്ധതി റോയിയെ കാണുവാന്‍ കഴിയില്ല. കൈയ്യടികള്‍ക്കു വേണ്ടി മാത്രമുള്ള പറച്ചിലുകളാണവ. യേശുവിനെയും ശ്രീനാരായണ ഗുരുവിനെയും സ്വന്തം അച്ഛനെപ്പോലെയും തള്ളിപ്പറയുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ നടക്കുന്നതില്‍ അസ്വഭാവികത ഒന്നുമില്ല.

മനുഷ്യന്റെ കാപട്യങ്ങള്‍:

നമ്മള്‍ നിഷേധിക്കുന്നതിനെയൊക്കെ സ്വീകരിക്കണമെന്ന നിലപാടാണ് ആധുനിക മനുഷ്യനുള്ളത്. മദ്യപിക്കരുതെന്നുപറയുകയും അതേ ആള്‍ തന്നെ മദ്യപിക്കുകയും ചെയ്യും,സ്ത്രീകളെ മോശമായി നോക്കരുതെന്നു പറയുമ്പോള്‍ അങ്ങേയറ്റം അശ്ലീലമായി നോക്കും. ഇത്തരം വികലതകള്‍ സമൂഹത്തില്‍ പെരുകിപ്പെരുകിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന പരമായി ഇത്തരം നെറികേടുകളില്‍ നിന്നും മാറിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകളായിരിക്കുന്നവവരും ദൈവവിശ്വാസികളായിരിക്കുന്നവരുമാണ്. പക്ഷേ അത്തരമാളുകളും കാലഹരണപ്പെട്ടിരിക്കുന്നു. സ്വാര്‍ത്ഥതകള്‍ നിറഞ്ഞ ലോകത്ത് അന്യന്റെ ജീവിതത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. സമരങ്ങളും പ്രതിഷേധങ്ങളും പോലും കമ്പോളത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ മാറ്റപ്പെടേണ്ടതുണ്ട്. വര്‍ഗ്ഗീയ ധ്രൂവീകരണങ്ങള്‍ ഇല്ലാത്ത ഒരു ജനസമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

രാഷ്ട്രീയ അപചയങ്ങള്‍:

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൃത്യമായ പ്രത്യയശാസ്ത്രങ്ങളും സംഘടന സംവിധാനങ്ങളുമുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അത്തരം രീതികൡല്ലായിരുന്നു. ദേശീയ തലത്തില്‍ പല കാലങ്ങളിലായി അരങ്ങേറിയ കുടുംബവാഴ്ചകളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നുപോയത്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തള്ളപ്പെട്ടപ്പോള്‍ ഇന്ത്യ തകര്‍ച്ചയെ നേരിട്ടു. വിമര്‍ശിക്കപ്പെടുമ്പോഴും ഗാന്ധിയന്‍ ആശയങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഇരുട്ടില്‍ തെളിയുന്ന ദീപം പോലെ ഇന്ത്യയിലെ അന്ധകാരങ്ങള്‍ തുടച്ചുനീക്കുന്ന വെളിച്ചമായി ഗന്ധിയന്‍ ദര്‍ശനങ്ങള്‍ നിലനില്‍ക്കും. എന്തൊക്കെ കാലഹരണപ്പെട്ടാലും അവസാനകാലം വരെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൂടുതല്‍ പ്രസക്തിയോടെ നിലനില്‍ക്കുക തന്നെ ചെയ്യും.

 

You must be logged in to post a comment Login