ഗാന്ധിസ്മരണ തുടിക്കും മ്യൂസിയത്തിലൂടെ

ചന്ദ്രിക ബാലകൃഷ്ണന്‍

ചരിത്രാന്വേഷണത്തില്‍ നമ്മളിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്നു മഹാത്മജി, വായനയില്‍ പുതിയ തിരിച്ചറിവുകള്‍ നമുക്ക് നേടിത്തരുന്നു ഗാന്ധിജി, എന്നാല്‍ പുരാതന ഡല്‍ഹിയിലെ ഗാന്ധി മ്യൂസിയത്തിലും ലൈബ്രറിയിലും ചിലവഴിക്കുന്ന ഓരോ നിമിഷവും മഹാത്മജി ഒരു വികാരമായി അനുഭവപ്പെടുകയാണ്
ഓരോരുത്തര്‍ക്കും

ഇക്കഴിഞ്ഞ നവംബര്‍ മാസം..ഇളം മഞ്ഞില്‍ പൊതിഞ്ഞ് രാജ്ഘട്ട്… ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തില്‍ കെടാവിളക്ക് കത്തിക്കൊണ്ടിരിക്കുന്നു. സന്ദര്‍ശകര്‍ ചുറ്റും പ്രദക്ഷിണം വച്ച് ആ മഹാത്മാവിന് പുഷ്പാര്‍ച്ചന നടത്തുന്നു, നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. തദ്ദേശീയരും വിദേശീയരും അക്കൂട്ടത്തിലുണ്ട്. മദ്ധ്യാഹ്ന സൂര്യന്‍ ചാഞ്ഞുപതിച്ച് ഇതിനെല്ലാം ദൃക്‌സാക്ഷിയായി നില്‍ക്കുന്നു.
രാജ്ഘട്ടിന്റെ പുറംവീഥിയിലൂടെ ട്രാഫിക് സിഗ്നല്‍ കടന്ന് റോഡിന്റെ മറുവശത്തെത്തി. തൊട്ടടുത്തുള്ള അംബേദ്കര്‍ സ്‌റ്റേഡിയത്തിനടുത്തുള്ള പാതയിലൂടെ വശം ചേര്‍ന്നു നടക്കുമ്പോള്‍, ഇ-റിക്ഷാ തൊഴിലാളികള്‍ വട്ടം കൂടിയിരുന്ന് വെയിലിന്റെ ചൂടേറ്റ് രസിച്ച് ഉച്ചഭക്ഷണം ആസ്വദിച്ച് കഴിക്കുന്നു.
കുറച്ചു നീങ്ങി നാലും കൂടിയ കവലയില്‍ ട്രാഫ്ക് സിഗ്നല്‍ ഉണ്ട്. അത് കഴിഞ്ഞെത്തുന്നത് ഡല്‍ഹി ഗേറ്റിലേക്കാണ്. അവിടം മുതലാണ് പുരാതന ദില്ലിയുടെ തുടക്കം. ഇവിടെ അറിയപ്പെടുന്നത് ‘ദരിയ ഗഞ്ച്’ എന്നാണ്. ചെറിയ ചെറിയ ഗലികള്‍ (അതായത് ഇടവഴികള്‍) ആണ് ഇവിടെ നിറയെയുള്ളത്. ഇവിടെ പൗരാണിക ഡല്‍ഹിയുടെ പ്രൗഢ ഗാഭീര്യം വിളിച്ചോതി നില്‍ക്കുന്ന കാഴ്ച പ്രത്യേകതയുള്ളതാകുന്നു.
അംബേദ്കര്‍ സ്റ്റേഡിയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ‘ഗാന്ധി മ്യൂസിയത്തെ’ ലക്ഷ്യംവെച്ച് നടക്കുമ്പോള്‍ ഇവിടെ വരുന്നതിന്റെ ആവര്‍ത്തന വിരസത ഒട്ടംതന്നെ തോന്നിയില്ല. മ്യൂസിയത്തിന്റെ പടികടന്ന് ചെല്ലുമ്പോള്‍ ഇലച്ചാര്‍ത്തുവീണുകിടക്കുന്ന മുറ്റത്തിന്റെ ഒരുവശത്തായി ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു കൊച്ചു ചായക്കട ഉണ്ട്. നിറം മങ്ങിയ രണ്ടുമൂന്ന് പ്ലാസ്റ്റിക് കസേരകളും ബഞ്ചും ഇട്ടിട്ടുള്ളതില്‍ വിദേശീയരടക്കമുള്ള സന്ദര്‍ശകര്‍ ചായയും, ബിസ്‌ക്കറ്റും, മറ്റു പാക്കറ്റ് ഉല്പന്നങ്ങളും കഴിച്ച് ഇരിക്കുന്നു. അവിടെയൊക്കെ ചുറ്റിക്കണ്ട് പുറത്തേക്കിറങ്ങുന്നത് ഇവിടേയ്ക്കാണ്, അല്പം റിഫ്രെഷ്‌മെന്റിനായി ഈ ചായക്കടയ്ക്കു മുന്നില്‍ തടിച്ചുകൂടുന്നു. 10 രൂപയുടെ ‘നമക്കീന്‍’ പാക്കറ്റുകള്‍ക്ക് അപ്പോള്‍ ഏറെ പ്രിയം.
മുന്‍പ് മുന്നിലുള്ള ഉദ്യാനത്തില്‍ മഹാത്മജി മുല്ലവള്ളിചുവട്ടില്‍ ഒരു കൈ നിലത്ത് കുത്തിയിരിക്കുന്ന ഒരു പ്രതിമ വച്ചിരുന്നു. പക്ഷേ ഇന്നവിടെ കാണുന്നില്ല. ഉദ്യാനമെല്ലാം ചെത്തി വെടിപ്പാക്കി പുതിയ ചെടികള്‍ വച്ചിരിക്കുന്നതില്‍ എല്ലാം നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. മുറ്റത്തുള്ള മാവ് പൂത്തുലഞ്ഞു നില്‍ക്കുന്നു. കൂടാതെ പലതരം വൃക്ഷങ്ങള്‍, അവയുടെ തണല്‍ മുറ്റം നിറയെ പരന്നുകിടക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ പ്രാവുകള്‍ കലപില കൂട്ടുന്നു. മറ്റുള്ള പക്ഷികളുടെ കളകൂജനങ്ങളും കേള്‍ക്കാം.
പടികള്‍ പിന്നിട്ട് അകത്തളങ്ങളിലെത്തുമ്പോള്‍, മഹാത്മജിയുടെ ചിരിക്കുന്ന മുഖമുള്ള സ്വര്‍ണ്ണനിറമാര്‍ന്ന ലോഹപ്രതിമ നമ്മെ പതുക്കെ അകത്തേക്ക് വിളിക്കുന്ന പ്രതീതി. അവിടുത്തെ തിങ്ങിനിറഞ്ഞ ശാന്തതയില്‍ ഓരോ മുറികളും അതിന്റെ ഭാഗഭാക്കുകളായി നിലകൊള്ളുന്നു. വലതുവശത്തുള്ള മുറിയില്‍, ഗാന്ധിജിക്കേറ്റവും പ്രിയങ്കരമായിരുന്ന ‘ഭജന്‍ സംഗീത’ത്തിന്റെ ഈരടികള്‍ കേള്‍ക്കാം. ചുവരിലുള്ള ടി.വി സ്‌ക്രീനില്‍ അദ്ദേഹത്തിന്റെ ജീവിതകഥയുടെ വീഡിയോ ദൃശ്യങ്ങളും വിവരണങ്ങളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. ഇത് സശ്രദ്ധം വീക്ഷിച്ച് കുടെയുള്ള തങ്ങളുടെ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്ന ഒരു വിദേശീയ കുടുംബത്തേയും, മറ്റ് ദേശവാസികളെയും കണ്ടു.
മ്യൂസിയം ലൈബ്രറി
അകത്തളത്തിന്റെ ഇടതുവശത്തെ വിശാലമായ മുറിയില്‍ ആണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഈ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. 1948ലാണ് ഇത് ഉദയം ചെയ്തത് എങ്കിലും ഈ കെട്ടിടത്തില്‍ 1961-ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ലൈേബ്രറിയനായി ചുമതല വഹിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ പത്മനാഭനാണ്. ഇദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമി ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ചശേഷം ഇവിടുത്തെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. ലൈബ്രറിയെക്കുറിച്ച് അദ്ദേഹം വിവരിച്ചതിങ്ങനെ.
‘ഇവിടെ 45000ത്തോളം ബുക്കുകളും, അനവധി റെഫറന്‍സ് ഗ്രന്ഥങ്ങളും, അതിപുരാതനവും, നൂതനവുമായ ഒട്ടനവധി രചയിതാക്കളുടെ പുസ്തകങ്ങളും, വളരെ പഴക്കമുള്ള പത്രക്കട്ടിംഗുകളും ചാക്രീകമായി ഫയല്‍ ചെയ്ത് ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗാന്ധിജിയെപ്പറ്റി എഴുതിയിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളും എനിക്ക് വായിക്കുവാന്‍ സമയം ലഭിച്ചിട്ടില്ലാ എങ്കിലും കുറെയൊക്കെ ബുക്കുകളിലൂടെ യാത്രചെയ്തപ്പോള്‍ ചിലത് മനസ്സില്‍ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍, ദീര്‍ഘവീക്ഷണം, അഹിംസയോടുള്ള അടങ്ങാത്ത തൃഷ്ണ, ആ തത്വങ്ങള്‍ എന്നിവ എന്നെ ഹഠാതാകര്‍ഷിച്ചവയാണ്. അടുത്ത തലമുറ ഇത് മനസ്സിലാക്കുവാനിരിക്കുന്നേയുള്ളൂ. അമ്മയെ തല്ലിയാല്‍ രണ്ടുപക്ഷം എന്നത് ഏതിനും ഉണ്ടാകുമല്ലോ.’ എന്നു പറഞ്ഞ് കുറേ പറയാനുള്ളത് തിരക്കു കാരണം ഈ ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കി. നിരവധി റാക്കുകളിലായി പുസ്തകങ്ങള്‍ ഇറുകിച്ചേര്‍ന്നിരിക്കുന്നതും, ആ സ്‌പൈറല്‍ പത്ര കട്ടിംഗുകളും മറ്റും വളരെയേറെ കൗതുകം ജനിപ്പിക്കുന്നു.
പുറത്തെ വിശാലമായ വായനാമുറിയില്‍ തികഞ്ഞ നിശബ്ദതയില്‍ സൗകര്യപ്രദമായ ഓരോ ഇരിപ്പിടങ്ങളിലായിരുന്ന് സന്ദര്‍ശകരും പതിവായി വരുന്നവരും വായിക്കുന്നുണ്ട്. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പഠനാവശ്യങ്ങള്‍ക്കായി അവര്‍ നീണ്ടനേരം ഇവിടെ ചിലവാക്കുന്നു. വളരെ സ്വതന്ത്രമായി വായിക്കുവാനും, എഴുതുവാനും, ചിന്തിയ്ക്കുവാനും പറ്റിയ ഈ ഇടത്തില്‍ അല്പനേരം ചിലവഴിച്ച് ലൈബ്രറിയുടെ പുറത്തേക്കുള്ള വാതില്ക്കലെത്തി.
അവിടെ നിന്നും മരഗോവണി കയറി മുകളിലെ നിലയില്‍ എത്തി. വരാന്തയുടെ ഒരു വശത്തായി രണ്ടുമൂന്ന് പഴയ ആകൃതിയിലുള്ള കറുത്ത ഫോണ്‍ സെറ്റുകള്‍ നിരത്തിവെച്ചിട്ടുണ്ട്. ആ ഫോണിന്റെ റിസീവര്‍ കാതുകളില്‍ ചേര്‍ക്കുമ്പോള്‍ മഹാത്മജിയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗം അലയടിച്ചെത്തുന്നു. ആ ദൃഢതയും ഗാംഭീര്യവുമുള്ള ശബ്ദം കാതുകളില്‍ മുഴങ്ങുന്നു.
അകത്തെ മുറികളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളില്‍ പലതും ചില്ലുകൂട്ടില്‍ നിരത്തിവച്ചിട്ടുണ്ട്. അതില്‍ പ്രധാനമായവ അദ്ദേഹത്തിന്റെ കണ്ണട, കിടക്കുന്നതിനായി ചര്‍ക്കയില്‍ നെയ്‌തെടുത്ത ഷീറ്റ്, കുഞ്ഞുതലയിണ, മെതിയടി ചെരുപ്പ്, ദണ്ഡിയാത്രയ്ക്കുപയോഗിച്ച ദണ്ഡ്, ടൈംപീസ്, ഉപഹാരങ്ങള്‍, പല്ല്, കൈയ്യൊപ്പ് ഉള്ള എഴുത്തുകള്‍ മുതലായവയുമാണ്. ഇതു കൂടാതെയും വസ്തുക്കളുണ്ട്. ചുമരുകളില്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിത്രങ്ങള്‍, അന്നത്തെ സമരനായകന്മാരായ നെഹ്‌റു, വല്ലഭായ് പട്ടേല്‍ മുതലായ സമരനായകന്മാര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍, പ്രസംഗിച്ച വേദികള്‍, ദണ്ഡിയാത്രയുടെ ദൃശ്യം, കസ്തൂര്‍ബ അരികിലിരുന്ന് ശുശ്രൂഷിക്കുന്ന കാഴ്ച, ഗുജറാത്തിലെ ആശ്രമദൃശ്യങ്ങള്‍, എന്നിങ്ങനെ അനവധി ചിത്രങ്ങള്‍ ചുവരില്‍ നിരത്തിവച്ചിരിക്കുന്നു. ഇതെല്ലാം ആ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ വരച്ചുകാണിക്കുന്നു.
വിശാലമായ മറ്റൊരു ഹാളില്‍ അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങളുടെ ഓര്‍മ്മകള്‍ ചുവരില്‍ ഫോട്ടോകളിലൂടെ നിരത്തിവെച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെടിയേല്‍ക്കുമ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തിലുതിര്‍ന്ന ചോരക്കറയുടെ പാടുകള്‍ അതുപടി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ മൂകത തളംകെട്ടിയ മുറിയില്‍ നമ്മെ വേദനിപ്പിക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ ചിതാഭസ്മം വിവിധയിടങ്ങളില്‍ കൊണ്ടുപോയ കുടം, വഹിച്ചുകൊണ്ടുപോയ തീവണ്ടിയുടെ ഫോട്ടോ, ഉടുത്തിരുന്ന ചോരക്കറ വീണ ഉടുമുണ്ട്, മേല്‍വസ്ത്രം, എന്നീ വസ്തുക്കള്‍ ആ അര്‍ദ്ധനഗ്ന കര്‍മ്മ ധീര യോദ്ധാവിന്റെ ധീരതയുടെ ചോരപ്പൂക്കള്‍ സമ്മാനിക്കുന്നു. ദിവസേന ഡല്‍ഹിയിലെത്തുന്ന സന്ദര്‍ശകര്‍ ഏവരും ഈ മ്യൂസിയം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഇവിടെയുള്ള ഈ സമാഹാരങ്ങള്‍ കാലം കഴിയുന്തോറും കാലാനുവര്‍ത്തികളായി മാറുന്നു എന്നത് ഇവിടെയെത്തുന്ന ഓരോരുത്തരിലും വന്നു നിറയുന്നു. അനന്തരം അടുത്ത തലമുറയും ഇദ്ദേഹത്തിന്റെ ഇന്ത്യക്കായുള്ള പോരാട്ടകഥകള്‍ അടുത്തറിയുന്നു എന്നും ചിന്തിയ്ക്കാം.
കസ്തൂര്‍ബയുടെ
കരിംപച്ച വളകള്‍

ഇടവേളകളില്‍ ഈ മ്യൂസിയത്തില്‍ വന്നുപോകാറുണ്ടായിരുന്നെങ്കിലും ചില്ലുകൂട്ടില്‍ മറ്റു വസ്തുക്കളെ നിരത്തിവച്ചിരിക്കുന്നതുപോലെ ഈ വളകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും കണ്ടു നടന്നുപോയി എന്നല്ലാതെ മനസ്സില്‍ ആത്മനൊമ്പരം അനുഭവിച്ചിരുന്നില്ല. ഇത്തവണ ഇതുകണ്ടപ്പോള്‍ ചില്ലൂകൂടിനരികെ നിന്നും മാറാതെ സൂക്ഷിച്ചപ്പോള്‍ ആ പച്ചവളകള്‍ക്ക് കഥ പറയുവാനുണ്ടെന്നൊരു തോന്നല്‍.
ആ പച്ചവളകള്‍ സാധാരണ വളകളില്‍ നിന്നും വ്യത്യസ്തമാണ്. കാരണം മഹാത്മജിയുടെ ഭാര്യ കസ്തൂര്‍ബ അവസാനം വരെ ധരിച്ചിരുന്നതും, മരണശേഷം ചിതയില്‍ ഒപ്പമുണ്ടായിരുന്നു എന്നതും വേറൊരു പ്രത്യേകത. ‘ചിതയില്‍ നിന്നെടുത്തത്’ എന്ന് പ്രത്യേകം എഴുതിവച്ചിരിക്കുന്നത് അപ്പോള്‍ വീണ്ടും ശ്രദ്ധിച്ചു. ആ സമയത്ത് ആ വളകളെ ഉറ്റുനോക്കി, ഒരു ഫീനിക്‌സ് പക്ഷി തന്നെയാണ് ആ വളകള്‍ എന്നും തോന്നി.
കസ്തൂര്‍ബ ഗാന്ധിയുടെ സന്തതസഹചാരിയായി ആ കൈകളില്‍ ഒതുങ്ങി, അവരുടെ ദുഃഖങ്ങളിലും സുഖങ്ങളിലും പങ്കാളിയായി, അവര്‍ക്കൊപ്പം ചിതയിലെരിഞ്ഞ്, അത് നമ്മോടു പറയുവാനായി യാതൊരു പോറലും കൂടാതെ തിരിച്ചുവന്നിരിക്കുന്നു. ആ വളകള്‍ പറയുകയാവാം… ‘ഞാന്‍ മാത്രമാണ് കസ്തൂര്‍ബയുടെ യഥാര്‍ത്ഥ കൂട്ടുകാരി’ എന്ന്. തനിയ്‌ക്കെന്നും കസ്തൂര്‍ബയുടെ പച്ചവളകളായി, ഇവിടെ സഖിയുടെ വേര്‍പാടിന്റെ വേദനയും പേറി കിടക്കുവാനാണ് ഇഷ്ടം, അതിനെ സാധിക്കൂ’ എന്ന്.
കാലങ്ങള്‍ എത്ര മാറിമറിഞ്ഞാലും ഗാന്ധിസ്മരണകള്‍ അതാതുകാലഘട്ടത്തില്‍ പ്രസ്‌ക്തിയുടെ കൊടുമുടികള്‍ താണ്ടും എന്നതിന് ഒട്ടും സംശയമില്ല. പ്രത്യേകിച്ച് ഇത്രയും നല്ല വിവരണ പ്രാധാന്യമുള്ള ഈ മ്യൂസിയം സന്ദര്‍ശിക്കുന്നതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജം മുഖേന, അതിന് ആഗോള പ്രചാരമേ ലഭിക്കൂ എന്നതും വ്യക്തം. ജനവീര്യം നമ്മുടെ പിതാമഹനെ ഊര്‍ജ്ജ്വസ്വലനായ ആ കര്‍മ്മയോഗിയെ എന്നും ആദരിക്കും. അദ്ദേഹത്തിന്റെ 150-ാം ജന്മദിനം കൊണ്ടാടപ്പെടുന്നത് തന്നെ അതിനൊരു തെളിവാണ്. സ്വതന്ത്ര ഇന്ത്യ എന്ന വാക്കുച്ചരിക്കാനുതകുമാറാക്കിയ, ആ മഹാത്മാവിന്റെ ആത്മസ്മൃതിയ്ക്കായ് നമുക്ക് ഒത്തുചേരാം.

You must be logged in to post a comment Login