ഗാന്ധി മേനോന്‍

  • താജിഷ് ചേക്കോട് 

പാലക്കാട് ജില്ലയിലെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുളള ഒരു കൊച്ചു ഗ്രാമമാണ്  ആനക്കര .ലോക പ്രശസ്തരായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും മൃണാളനി സാരാഭായിയുടെയും തറവാടായ ആനക്കര വടക്കത്തു വീട് ഇവിടെയാണ് . ഈ തറവാട്ടില്‍ നിന്നു തന്നെയാണ് അമ്മു സ്വാമിനാഥനും കുട്ടുമാളു അമ്മയും മല്ലികാ സാരാഭായിയും സുഭാഷിണി അലിയും ജന്‍മം കൊണ്ടത് .ആനക്കരയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ചേക്കോട് . ചേക്കോടു ഗ്രാമത്തിന്റെ തലസ്ഥാനമാണ് ആനക്കര. പണ്ടും ഇന്നും അങ്ങിനെത്തന്നെ. ആനക്കരയിലെ സ്വാതന്ത്ര്യ സമര പാരമ്പര്യത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരധ്യായമാണ് ഗാന്ധിമേനോന്‍ എന്ന ടിഎന്‍ രാമുണ്ണി മേനോന്റേത്. നാടിന്റെ ചരിത്രമെഴുതിയവരും കോണ്‍ഗ്രസിന്റെ ചരിത്രം തയ്യാറാക്കിയവരും മനഃപൂര്‍വ്വം വിട്ടു കളഞ്ഞ നാമം. ചേക്കോട്  നയ്യൂര്‍  തേന്‍കുറിശ്ശി നൂഞ്ഞിയില്‍  തറവാട്ടില്‍ 1902 ജൂലായ് 28 നു ടിഎന്‍ രാമുണ്ണി മേനോന്‍ ജനിച്ചു.അച്ഛന്‍ അധ്യാപകനായ അച്ച്യുത മേനോനായിരുന്നു. അമ്മ നാണിയമ്മയും .രാമുണ്ണിക്കു രണ്ടു വയസുളളപ്പോള്‍ അച്ഛനും ആറു വയസുളളപ്പോള്‍ അമ്മയും മരിച്ചു.പിന്നീട് മുത്തശ്ശിയുടെ തണലിലാണ് രാമുണ്ണി വളര്‍ന്നത്.
നയ്യൂര്‍ -ചേക്കോട് പ്രദേശത്തെ പ്രമുഖ തറവാടുകളിലൊന്നായിന്നു തേന്‍കുറിശ്ശി.ഏക്കറുകണക്കിനു നിലവും ,കുടിയാന്‍മാരും വേലക്കാരുമായി ഒരുപാട് തൊഴിലാളികളുമുളള ജന്‍മി കുടുംബം .പാടത്തിറങ്ങിപ്പണിയെടുത്തു ജന്‍മിയുടെ പത്തായത്തില്‍ നെല്ലു നിറക്കുന്നതു  താഴ്ന്ന സമുദായങ്ങളില്‍പ്പെട്ട കര്‍ഷകത്തൊഴിലാളികളായിരുന്നു .നെല്ല് പത്തായത്തിലായിക്കഴിഞ്ഞാല്‍ അതില്‍ തൊഴിലാളിക്കൊരു അവകാശവുമില്ല. അവര്‍ക്കു  മുറ്റത്തു കുഴികുത്തി , കുഴിയില്‍ ഇല വിരിച്ചു അതിലാണു  കഞ്ഞി വിളമ്പിയിരുന്നത് .വളര്‍ത്തു നായക്കു പോലും പിഞ്ഞാണത്തില്‍ കഞ്ഞി പാരുമ്പോള്‍ , മനുഷ്യനായിപ്പിറന്നവനു കുഴിയില്‍ സദ്യ വിളമ്പുന്ന കാലം ! ഓണം വന്നാലും ,ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ . അതു മാത്രമോ….? നല്ല വസ്ത്രം ധരിക്കാനോ, കുട്ടികള്‍ക്കു നല്ല പേരിടുവാനോ, ആഭരണങ്ങളണിയുവാനോ, എന്തിന് ക്ഷേത്രങ്ങളില്‍ പോകുവാന്‍ പോലും അവകാശമുണ്ടായിരുന്നില്ല.
ജന്‍മികളില്‍  നിന്നും കുടിയാന്‍ ,നടക്കാനും ഇരിക്കാനും നില്‍ക്കാനുമൊക്കെ നിശ്ചിത അകലം പാലിക്കണം. ആ ദുരാചാരത്തിന്റെ പേരായിരുന്നു ‘അയിത്തം’ . ചെറുപ്പം മുതലേ രാമുണ്ണിക്കു  ഇത്തരം  ആചാരങ്ങളോടു  വെറുപ്പായിരുന്നു. മനുഷ്യനെ മനുഷ്യനായിക്കാണണം,  അവന്‍ മനസ്സില്‍ തീരുമാനമെടുത്തു. ഇന്നു നയ്യൂര്‍ ജിബിഎല്‍പി സ്‌ക്കൂള്‍ എന്നറിയപ്പെടുന്ന വിദ്യാലയത്തിലായിരിക്കണം അദ്ദേഹത്തിന്റെ  പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഒറ്റപ്പാലത്തായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം രാമുണ്ണി മേനോന്‍ ബ്രീട്ടീഷ് സര്‍ക്കാരില്‍ സഹകരണ വകുപ്പില്‍  ഉദ്ദ്യോഗസ്ഥനായി ജോലി പ്രവേശിച്ചു. 1920 ല്‍ യങ്ങ് ഇന്ത്യയെന്ന പ്രതിവാര പത്രത്തിലൂടെ  ഗാന്ധിജിയെക്കുറിച്ചും ,അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞാപ്പോള്‍ ആ മഹാത്മാവിനെക്കാണാന്‍ രാമുണ്ണി മേനോന്റെ മനസ്സില്‍ ആഗ്രഹമുണ്ടായി.ഗാന്ധിജിയുടെ ആശയങ്ങളേയും  സന്ദേശങ്ങളേയും കേരളീയരുടെ ഇടയില്‍ പ്രചരിപ്പിക്കണമെന്നദ്ദേഹം തീരുമാനിച്ചു. ഒരു ബ്രിട്ടീഷ് ഉദ്ദ്യോഗസ്ഥനായി ഗാന്ധിജിയെ കാണുന്നതെങ്ങനെ…?ജോലി രാജി വെയ്ക്കുവാന്‍ തയ്യാറാണെന്നു കാണിച്ചു മേനോന്‍  ഗാന്ധിജിക്കു കത്തെഴുതി.ധൃതിപിടിച്ചു തീരുമാനമെടുക്കരുതെന്നും മദ്രാസ്സില്‍ വരുമ്പോള്‍ നേരിട്ടു കാണാമെന്നും അദ്ദേഹം മറുപടിയെഴുതി. ഇതിനിടയിലാണ് മഹാത്മാ ഗാന്ധി ഉപ്പു സത്യാഗ്രഹം ആരംഭിക്കുന്നത്. ഉപ്പു സത്യാഗ്രത്തില്‍ ആകൃഷ്ടനായ രാമുണ്ണി മേനോന്‍ സര്‍ക്കാര്‍ ജോലി രാജി വെച്ചു .സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി.സബര്‍മതി ആശ്രമത്തില്‍പ്പോയി മഹാത്മ ഗാന്ധിജിയെക്കണ്ടു. കുറേ നാള്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു. ഗാന്ധിക്കൊപ്പം വിവിധ സഥലങ്ങള്‍ സന്ദര്‍ശിച്ചു.
നാട്ടില്‍ തിരിച്ചെത്തിയ മേനോന്‍ ഗോവര്‍ദ്ധനമെന്ന തന്റെ വീട്ടില്‍വെച്ചു ഗാന്ധിജിയുടെ ഉപദേശ പ്രകാരം ചര്‍ക്കാ ക്ലാസ് ആരംഭിച്ചു. മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഹരിജനോദ്ധാരണമെന്ന പദ്ധതി രാമുണ്ണി മേനോനെ ഏറെ ആകര്‍ഷിച്ചിരുന്നു.ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടിക ജാതിയില്‍പ്പെട്ട വീടുകളില്‍  സന്ദര്‍ശനം നടത്തുക പതിവായിരുന്നുഒരു ദിവസം ആനക്കരയിലെ പട്ടികജാതി  വീടുകളില്‍ ചെന്നു അവിടെയുളളവരെ  കണ്ടു അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണു ഒരു വീട്ടിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതു കണ്ടത്. മേനോന്‍ ഉടന്‍തന്നെ അവളുടെ അടുത്തു ചെന്നു,  കാര്യമെന്തെന്നു അന്വേഷിച്ചു .അവള്‍ തേങ്ങിക്കൊണ്ടു പറഞ്ഞു.”എനിക്കു പളളിക്കൂടത്തില്‍പ്പോയി പഠിക്കണം””എന്തിനാണു പഠിക്കുന്നതു.നിനക്കു ആരാകുവാനാണു മോഹം ?”രാമുണ്ണി മേനോന്റെചാദ്യങ്ങള്‍ക്കു പെണ്‍കുട്ടി മറുപടി നല്‍കി ”എനിക്കു പഠിച്ചു വലുതായി ടീച്ചറാകണം ”അവളുടെ വാക്കുകളിലെ ആവേശം കണ്ടപ്പോള്‍  മേനോനുസന്തോഷമായി.അദ്ദേഹം ആ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെക്കണ്ടു അവളെ സ്‌ക്കൂളില്‍ ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ടു.അതുകേട്ടു രക്ഷിതാക്കള്‍ പേടിച്ചു.’തമ്പ്രാ ഒളെ പളളിക്കൂടത്തില്‍ ചേര്‍ത്താല് ,ഞാളുടെ കാല് തല്ലിയൊടിക്കുമെന്നാണ് വല്ല്യമ്പ്രാന്‍ പറഞ്ഞിട്ടുളളത്.”  മേനോന്‍ ഒരു നിമിഷം ചിന്തിച്ചു.പിന്നെ അവളുടെ തലയില്‍ തലോടിക്കൊണ്ടു പറഞ്ഞു.  ”ഇവളെ നാളെ മുതല്‍ എന്റെ വീട്ടിലേക്കു വിടൂ. ഞാന്‍ പഠിപ്പിച്ചോളാം, ഈ മിടുക്കിക്കുട്ടിയെ.എന്റെ വീട്ടില്‍ വരാനും പഠിക്കാനും എന്റെ അനുവാദം മതി.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാപ്പോള്‍ അവളുടെ കണ്ണുകളില്‍ സന്തോഷപ്പൂക്കള്‍ വിരിഞ്ഞു.പട്ടികജാതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനുമായി  രാമുണ്ണി മേനോന്‍  നയ്യൂര്‍ സേവാ നിലയം സ്ഥാപിച്ചു. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാലയ പ്രവേശനം നിഷേധിച്ചിരുന്ന  അക്കാലത്ത് നിരവധി അക്ഷര മോഹികള്‍ അറിവു തേടി  ഇവിടെ വന്നിരുന്നു.
തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ശക്തമായി നിലനിന്നിരുന്ന കാലം .ഒരിക്കല്‍ മേനോന്‍ ഒരു യാത്ര കഴിഞ്ഞു മടങ്ങി  വരികയായിരുന്നു.ആകെ ക്ഷീണിച്ചിട്ടുണ്ട്.തീവണ്ടിയിലായിരുന്നു യാത്ര.അതുകൊണ്ടുതന്നെ രണ്ടു   ദിവസമായി കുളിച്ചിട്ട്.വീട്ടില്‍ ചെന്നു നന്നായൊന്നു കുളിക്കണം  രാമുണ്ണി മേനോന്‍ തോട്ടു വരമ്പിലൂടെ വേഗത്തില്‍  നടന്നു .ഇടവപ്പാതി തോരാതെ പെയ്യുന്ന കാലം. തോട്ടിലൂടെ വെളളം കുത്തിയൊലിച്ചൊഴുകുന്നു. അപ്പോള്‍ , മുന്നിലൊരു കാഴ്ചകണ്ട് മേനോന്‍ അദ്ഭുപ്പെട്ടു.ഒരാള്‍ തോളില്‍ കൈക്കോട്ടും (തൂമ്പ )വെച്ച് കുത്തിയൊലിച്ചൊഴുകുന്ന തോട്ടു വെളളത്തിലിറങ്ങി നില്‍ക്കുന്നു. അദ്ദേഹത്തിനു  ആളെ മനസ്സിലായി ,പാടത്തു പണിക്കു വരുന്ന’ താമി’.”എന്താ താമി, അരക്കൊപ്പം വെളളത്തിലിറങ്ങി നിക്കണത്…? മീന്‍ പിടിക്കാ…?””അല്ലമ്പ്രാ, അടിയന്‍ തമ്പ്രാന്‍ വരണു കണ്ടാപ്പോള്‍ …? തൊടേണ്ടെന്നു കരുതി …”’ഓഹോ….എടോ താമി…താന്‍ തന്റെ കുടീന്നിപ്പോള്‍ കുളിച്ചിങ്ങട്ട് പാടത്തേക്കിറങ്ങിയതേയുളളൂ.ഞാനാണെങ്കില്‍ രണ്ടു ദിവസമായി തീവണ്ടിയിലാണ് യാത്ര .കുളിക്കാന്‍ അവസരം കിട്ടിയിട്ടില്ല.അതു കൊണ്ടു എന്റെ ശരീരമാണ് അശുദ്ധിയായിട്ടുളളത്..അപ്പോള്‍ ഞാനാണ് തനിക്കു വഴിമാറേണ്ടത്. അതു വേണോ….?””വേണ്ടമ്പ്രാ….””ന്നാങ്ങട്ട്  കയറിവരാ…”സന്തോഷത്തോടെ മേനോന്‍ നീട്ടിയ കൈയ്യില്‍ പിടിച്ച് താമി മുകളിലോട്ടുകയറി.
അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കുവാന്‍ ഗാന്ധി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു  പന്തിഭോജനം. അയിത്തത്തമടക്കമുളള അനാചാരങ്ങളോടു കടുത്ത വിയോജിപ്പുണ്ടായിരുന്ന മേനോന്‍ നട്ടിലെമ്പാടും പന്തിഭോജനങ്ങള്‍  സംഘടിപ്പിക്കുവാന്‍   തീരുമാനിച്ചു. തന്റെ വീട്ടില്‍വെച്ചു ഉയര്‍ന്ന ജാതിക്കാരേയും പട്ടിക ജാതിക്കാരേയും മറ്റു താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരേയും ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പി. .ഇതു പലരേയും പ്രകോപിപ്പിച്ചു.അദ്ദേഹത്തിനു വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.എന്നാല്‍ അത്തരം എതിര്‍പ്പുകളേയും വെല്ലുവിളികളേയും മേനോന്‍  അവഗണിച്ചു.
ആനക്കരയിലോ ചേക്കോടോ നയ്യൂരോ ഗാന്ധിജി വന്നിട്ടില്ല.അവിടെത്തുകാരാരും ഗാന്ധിജിയെ കണ്ടിട്ടുമില്ല.എന്നാല്‍ രാമുണ്ണി മേനോനില്‍ ഗ്രാമീണര്‍  കണ്ടതു ഗാന്ധിജിയെത്തന്നെയായിരുന്നു.അവര്‍ അദ്ദേഹത്തെ ആദരപൂര്‍വ്വം ഗാന്ധി മേനോനെന്നു വിളിച്ചു.വീടിനടുത്തുളള വലിയൊരു മൈതാനം . കണ്ണാന്തളിയും തുമ്പയും പൂത്തുലഞ്ഞു നിന്നിരുന്ന ആ മൈതാനത്തു വെച്ചു രാമുണ്ണി മേനോന്റെ നേതൃത്വത്തില്‍ പൊതുയോഗങ്ങളും രാഷ്ട്രീയ ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടു.. ഗാന്ധി മേനോന്റെ നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍ നടന്ന മൈതാനം എന്ന നിലക്കു ആ സ്ഥലം ‘ഗാന്ധി മേനോന്‍ മൈതാനം’ എന്നറിയപ്പെടുവാന്‍ തുടങ്ങി.
ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മേനോന്‍ , ‘നയ്യൂര്‍ ഗാന്ധി’യെന്നു പ്രസിദ്ധനായിത്തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ മലബാര്‍ മേഖലയുടെ ചുമതലയുളള സെക്രട്ടറിയായി ടിഎന്‍ രാമുണ്ണി മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു.അതേ വര്‍ഷം നിയമ ലംഘന സമരത്തില്‍ പങ്കെടുത്തതിനു അദ്ദേഹം ജയിലിലടക്കപ്പെട്ടു.1932ല്‍ ബാബു രാജേന്ദ്ര പ്രസാദ് കേരളത്തിലെത്തിയാപ്പോള്‍ തിരൂരിലും മലബാറിലെ മറ്റു കേന്ദ്രങ്ങളിലും പരിപാടിയുടെ പ്രധാന സംഘാടകന്‍ രാമുണ്ണി മേനോനായിരുന്നത്രേ… 1934ല്‍ ഹരിജന്‍ ഫണ്ടു ശേഖരണം  എന്ന ലക്ഷ്യത്തോടെ  ഗാന്ധിജി കേരളത്തില്‍ പര്യടനം നടത്തിയപ്പോള്‍ മേനോനും കൂടെയുണ്ടായിരുന്നു.അന്നു ഗാന്ധി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ രാമുണ്ണി മേനോന്‍ മലയാളത്തിലേക്കു തര്‍ജ്ജിമ ചെയ്തു .
1937 ല്‍ ജാതീയതയെ  വെല്ലുവിളിച്ചു കൊണ്ട്  രാമുണ്ണി മേനോന്‍ ,ഒരു പാവപ്പെട്ട ഈഴവ സമുദായത്തില്‍പ്പിറന്ന അമ്മുക്കുട്ടിയെ വിവാഹം കഴിച്ചു .പുരോഗമന വാദികള്‍ക്കതൊരു വലിയ  വാര്‍ത്തയായിരുന്നു. കെ കേളപ്പനടക്കമുളള കോണ്‍ഗ്രസ്് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. മാതൃഭൂമി പത്രം ‘നായിരീഴവ വിവാഹം’ എന്ന തലക്കെട്ടോടെ വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചു. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിലും തുടര്‍ന്നു നടന്ന ജാഥകളിലും സത്യാഗ്രഹ സമരങ്ങളിലും മേനോന്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. 1947 ആഗസ്റ്റു 15 നു രാജ്യം സ്വാതന്ത്ര്യത്തിലേക്കുണര്‍ന്നപ്പോള്‍ ആ രാജ്യ സ്‌നേഹിയുടെ നേതൃത്വത്തില്‍ ഗാന്ധിമേനോന്‍ മൈതാനത്തു പൊതുയോഗം സംഘടിപ്പിച്ചതും നാടു മുഴുവന്‍ ജാഥ നടത്തിയതും ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്.
സ്വാതന്ത്ര്യാനന്തരം അദ്ദേഹം  പാലക്കാട് മാങ്കുറിശ്ശിയിലേക്കു താമസം മാറി. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന ഗാന്ധി മേനോന്‍ അവിടേയും പുസ്തകരചനയും  ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളും ഖാദി പ്രചാരണവുമായി ജീവിച്ചു.ജീവിത കാലം മുഴുവന്‍ സസ്യാഹാരിയായിരുന്ന ടിഎന്‍  രാമുണ്ണി മേനോന്‍ ഒരിക്കല്‍പ്പോലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായില്ലെന്നതും ആധുനികകാലത്തു അദ്ഭുതമായിത്തോന്നാം.1992 ജൂണ്‍ 18 നു പാലക്കാടുവെച്ചു ആ സൂര്യതേജസ് അസ്തമിച്ചു.  സ്വാതന്ത്ര്യ സമര സേനാനി   ,ഗാന്ധിയന്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്നീ നിലകളിലൊക്കെ  പ്രശസ്തനായ ഗാന്ധി മേനോന്‍ മലയാളത്തിനു പുറമേ  ഹിന്ദി, ഇംഗ്ലീഷ് ,സംസ്‌കൃതം , ഗുജറാത്തി എന്നീ ഭാഷകളിലും പ്രവീണ്യം നേടിയിരുന്നു. കൂടാതെ അദ്ദേഹം നല്ലൊരു കവിയുമായിരുന്നു.ധാരാളം കവിതകളും ശ്ലോകങ്ങളും മേനോന്‍ എഴുതിയിട്ടുണ്ട്.ഇംഗ്ലീഷ് വ്യാകരണ സ്വബോധിനി , ഇംഗ്ലീഷ് സംഭാഷണ സ്വബോധിനി തുടങ്ങി അഞ്ചോളം ഗ്രന്ഥങ്ങളും രാമുണ്ണി മേനോന്‍ രചിച്ചിട്ടുണ്ട്.
ടിഎന്‍ രാമുണ്ണി മേനോന്റെ നേതൃത്വത്തില്‍ പൊതു യോഗങ്ങള്‍ ചേര്‍ന്നിരുന്ന ചേക്കോട് ഗാന്ധി മേനോന്‍ മൈതാനം ഇന്നു  വ്യവസായ വകുപ്പിന്റെ കൈവശമാണ്. എങ്കിലും  ഇപ്പോഴും  നാട്ടുകാര്‍ ഈ  മൈതാനം  സംരക്ഷിക്കുന്നു . അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ  ഇരമ്പുന്ന ഓര്‍മ്മകളുമായിത്തന്നെ…

You must be logged in to post a comment Login