ഗാസ മുനമ്പ് വാസയോഗ്യമല്ലാതായെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

പത്ത് വര്‍ഷമായി ഇസ്രയേല്‍ ഉപരോധം നേരിടുന്ന ഗാസ മുനമ്പ് വാസയോഗ്യമല്ലാതായെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഊര്‍ജ്ജം,ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഗാസ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ ഭരണത്തില്‍ വന്നതിന് ശേഷം ഗാസയ്ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പത്ത് വര്‍ഷമായി തുടരുകയാണ്. ഈ കാലയളവിനുള്ളില്‍ ജോലിയില്ലായ്മ 60 ശതമാനമായി ഉയരുകയും വൈദ്യുതി ലഭ്യത തീരെ കുറയുകയും വരുമാനം ഇല്ലാതാകുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമാവുകയും വിദ്യാഭ്യാസത്തിനുള്ള അവസരം നിലക്കുകയും ചെയ്തു. ഗാസ പത്ത് വര്‍ഷത്തിന് ശേഷം എന്ന തലക്കെട്ടില്‍ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ദാരുണമായ അവസ്ഥ വിവരിക്കുന്നത്.

ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഇവിടെ വൈദ്യുതി ലഭിക്കുന്നത്. ഓരോ ദിനവും ഗാസ ജീവിതയോഗ്യമല്ലാതാവുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയുടെ ഏക ജലശ്രോതസ് സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 2020തോടെ പൂര്‍ണമായും അത് ഇല്ലാതാവുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

You must be logged in to post a comment Login