ഗിലാനിയുടെ മോചനത്തിനായി ആരും ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടെന്ന് മകള്‍ നസ്‌റത്ത്

തന്റെ പിതാവിന്റെ മോചനം ആര്‍ക്കും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. ജെ.എന്‍.യുവിനൊപ്പം നില്‍ക്കുന്നവര്‍ എന്തുകൊണ്ട്  തന്റെ അച്ഛനൊപ്പം നില്‍ക്കുന്നില്ലെന്നും നസ്‌റത്ത് ചോദിക്കുന്നു.

s a r geelani
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ പോലെ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് എസ്.എ.ആര്‍ ഗിലാനി. എന്നാല്‍ ഗിലാനിയുടെ മോചനത്തിനായി ആരും ശബ്ദമുയര്‍ത്തുന്നില്ലെന്നും അത് എന്തുകൊണ്ടാണെന്നും ചോദിക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ നസ്‌റത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഗിലാനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ പരിപാടിയുടെ സംഘാടകനായിരുന്നു ഗിലാനി. പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ലഭിക്കുന്ന അതേ ശ്രദ്ധ ഗിലാനിക്ക് ലഭിക്കുന്നില്ലെന്നാണ് മകള്‍ പറയുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ മോചനത്തിനായി വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ നടക്കുന്നു. എന്നാല്‍ തന്റെ പിതാവിന്റെ മോചനം ആര്‍ക്കും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. ജെ.എന്‍.യുവിനൊപ്പം നില്‍ക്കുന്നവര്‍ എന്തുകൊണ്ട് തന്നെ അച്ഛനൊപ്പം നില്‍ക്കുന്നില്ലെന്നും നസ്‌റത്ത് ചോദിക്കുന്നു.

ജെ.എന്‍.യുവിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം അറസ്റ്റ് ചെയ്തത് അന്യായമായ നടപടി തന്നെയായിരുന്നു. എന്നാല്‍ എന്റെ അച്ഛന്റെ കാര്യവും അതില്‍ നിന്നും വ്യത്യസ്തമല്ല. ഒരുപക്ഷേ അദ്ദേഹം ഒരു കാശ്മീരി മുസ്ലീം ആയതിന്റെ പേരിലായിരിക്കും അദ്ദേഹത്തിന് പിന്തുണയുമായി ആരും രംഗത്തെത്താത്തത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം നിരവധി തവണ അനുസ്മരണ പരിപാടികള്‍ പലരും നടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് പലപ്പോഴും തന്റെ പിതാവിനെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നസ്‌റത്ത് പറയുന്നു.

പ്രസ് ക്ലബ്ബില്‍ നടത്തിയ അനുസ്മരണപരിപാടിക്കിടെ അദ്ദേഹം രാജ്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞതായി ഇതുവരെ പോലീസിന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും നസ്‌റത്ത് പറയുന്നു. കാച്ച്‌ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

You must be logged in to post a comment Login