ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കച്ചമുറുക്കി ബിജെപി; പ്രചാരണപരിപാടികള്‍ക്കായി അമിത് ഷാ സംസ്ഥാനത്ത് അഞ്ച് ദിവസം

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെത്തും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒമ്പത് തീയതികളിലും ഗുജറാത്തിലെത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് അമിത്ഷായുടെ നീക്കം.

പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുക. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ഏറെ നിര്‍ണായകമാണ്. രാഹുലിന്റെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്തുടനീളം അമിത് ഷാ പര്യടനം നടത്തും. വിവിധ തലത്തിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാ സംസാരിക്കും. കച്ചിലെ ഗാന്ധിധാം, മോര്‍ബി, സുരേന്ദ്ര നഗര്‍, ഭാവ്‌നഗര്‍, ബൊട്ടാഡ്, ആംറേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നാലാം തീയതി ഷാ സന്ദര്‍ശനം നടത്തുക. അഞ്ചിന് വല്‍സദ്, നവ്‌സരി, ദാങ്, പഞ്ച്മഹല്‍, ദഹോദ്, സബര്‍കാന്ത, ആരാവല്ലി ജില്ലകളും ഏഴിന് രാജ്‌കോട്ട്, സൂറത്തിലെ നഗരങ്ങള്‍ എന്നിവയും സന്ദര്‍ശിക്കും.

സൂറത്തില്‍ വജ്ര, വസ്ത്ര വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് പട്ടേല്‍ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ഷാ ശ്രമിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെക്കന്‍ ഗുജറാത്തിലൂടെ കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ നവ്‌സര്‍ജന്‍ യാത്ര കഴിയുന്നതിന് പിന്നാലെയാണു ഷാ സൂറത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് ഷാ സൂറത്തില്‍ അവസാനമായി വന്നത്.

നവംബര്‍ എട്ടിന് ജുനാഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോംനാഥ്, ബറൂച്ച്, നര്‍മദ, ആനന്ദ്, ഖേഡ, മഹിസാഗര്‍ എന്നിവിടങ്ങളും ഷാ സന്ദര്‍ശിക്കും. ഒന്‍പതിന് തിരിച്ചു സൂറത്തിലെത്തുന്ന ഷാ തപി, ജാംനഗര, ദ്വാരക, വഡോദര, ഛോട്ടാ ഉദേപ്പുര്‍ എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഡല്‍ഹിക്കു മടങ്ങും.

You must be logged in to post a comment Login