ഗുജറാത്ത് വോട്ടെടുപ്പ് തീയതി പുറത്തുവിടാത്തത് ആശങ്കാജനകമെന്ന് മുന്‍ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടെടുപ്പ് തീയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. ഹിമാചല്‍പ്രദേശിലെ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്തത് ആശങ്കാജനകമാണ്. അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തെരെഞ്ഞെടുപ്പ് തീയതി വെളിപ്പെടുത്താത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരെഞ്ഞെടുപ്പ്് കമ്മീഷന്റെ തീരുമാനം ഒരുമിച്ച് നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നിലവിലെ മന്ത്രിസഭയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കും. ഹിമാചല്‍പ്രദേശിലെ തെരെഞ്ഞെടുപ്പ്് തീയതി പ്രഖ്യാപിക്കുകയും ഗുജറാത്തിലേത് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ കമ്മീഷന്‍ തയാറാവണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പ്് തീയതി പ്രഖ്യാപിക്കാതിരിക്കുകയും മോദി അടുത്ത ആഴ്ച ഗുജറാത്ത് സന്ദര്‍ശനം നടത്തുകയും ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു സംസ്ഥാനത്തെ തെരെഞ്ഞെടുപ്പ് ഫലം നേരത്തെ വെളിപ്പെടുത്തിയാല്‍ അത് മറ്റ് ഫലങ്ങളെയും സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇരു ഫലങ്ങളും ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. സാധാരണ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇക്കാര്യം ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ഇത്തവണ അതുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

തെരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കേണ്ടത്. എന്നാല്‍, തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പോ, ശേഷമോ ഇത്തരം നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഖുറേഷി അറിയിച്ചു.

You must be logged in to post a comment Login