ഗുരുതര പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഹിന്ദു തീവ്രവാദവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടന്‍ കമല്‍ ഹാസനെതിരെ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു മാഗസിനില്‍ എഴുതിയ പരമ്പരയിലാണ് കമല്‍ ഹാസന്‍ ഹിന്ദു തീവ്രവാദത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഇത് എല്ലാ ഹിന്ദുക്കളെയും അപമാനിക്കുന്നതാണെന്നും വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശമാണിതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഇന്ന് ഹിന്ദുവിനെ തീവ്രവാദി എന്ന് വളിച്ചു, നാളെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാം വര്‍ഗീയവാദികളാണെന്ന് പറഞ്ഞാല്‍ അത് വന്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഹര്‍ജിയില്‍പറയുന്നു. കമല്‍ ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദിയായി ചിത്രീകരിച്ചു എന്നാരോപിച്ച് ഒരു വക്കീല്‍ ഗുമസ്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഒരു മതവും വര്‍ഗീയത പഠിപ്പിക്കുന്നില്ലെന്നം എല്ലാ മതങ്ങളും മറ്റ് മതങ്ങളുമായി സൗഹൃദത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തെയാണ് കമല്‍ ഹാസന്റെ പ്രസ്താവനയിലൂടെ ഇല്ലാതാകുന്നതെന്നും പരാതിക്കാരന്‍ വാദിച്ചു. കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവത്തിലെടുക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login