ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി; വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഭീമന്‍ പിഴ വിധിച്ച് സിസിഐ

 

ന്യൂഡല്‍ഹി: ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു ചുമത്തിയത്. ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ ഇന്ത്യന്‍ വിപണിയില്‍ ചില അധാര്‍മിക നടപടികള്‍ക്കു ഗൂഗിള്‍ ശ്രമിച്ചെന്നും സിസിഐ വ്യക്തമാക്കി. തിരച്ചില്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെ ഗൂഗിള്‍ പക്ഷപാതം കാണിക്കുന്നെന്ന വിവിധ കമ്പനികളുടെ പരാതിയിലാണു തീരുമാനം. ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ തങ്ങളുടെ ആധിപത്യം തുടരാനായി ചില മോശം പ്രവണതകള്‍ക്ക് ഗൂഗിള്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു. പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടാണ് സിസിഐ പിഴ ശിക്ഷ.

വിവിധ രാജ്യങ്ങളില്‍ ഗൂഗിളിനെതിരെ സമാനമായ പരാതികളുണ്ട്. എന്നാല്‍ അപൂര്‍വമായേ ഇപ്പോള്‍ ലഭിച്ചതു പോലെ പിഴശിക്ഷാ നടപടികള്‍ ഉണ്ടാകാറുള്ളൂ. സംഭവത്തില്‍ സിസിഐ ഉന്നയിച്ചത് നിസ്സാര വിഷയമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ തുടര്‍നടപടി വൈകാതെ വ്യക്തമാക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ മാത്രമേ കമ്പനി കൊണ്ടു വന്നിട്ടുള്ളൂവെന്നും ഗൂഗിള്‍ അവകാശപ്പെട്ടു.

ഗൂഗിളിനെതിരെയുള്ള പരാതിയില്‍ സിസിഐ ഡയറക്ടര്‍ ജനറല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം ചില കാര്യങ്ങളില്‍ കമ്മിഷന്‍ പ്രത്യേക ശ്രദ്ധ നല്‍കി. തിരച്ചില്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ ഗൂഗിള്‍ പക്ഷപാതം കാണിച്ചോ, പരസ്യം നല്‍കുന്നവരുമായി അംഗീകരിക്കാന്‍ സാധിക്കാത്ത വ്യവസ്ഥകള്‍ ഉണ്ടായിരുന്നോ, കമ്പനിയുടെ വ്യവസ്ഥകള്‍ ഗൂഗിളിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തിലുള്ളവയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സിസിഐ പ്രധാനമായും പരിഗണിച്ചത്. 2012ലാണ് ഗൂഗിളിനെതിരെ മാട്രിമോണി ഡോട്ട് കോമും കണ്‍സ്യൂമര്‍ യൂണിറ്റ് ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റിയും പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ അംഗങ്ങള്‍ പരിശോധിച്ചു.

ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ ഒന്നാം സ്ഥാനക്കാരെന്ന പദവി ഗൂഗിള്‍ വിപണി ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നാണു കണ്ടെത്തല്‍. ഇതു പ്രകാരം ഇന്റര്‍നെറ്റിലെ തിരച്ചിലില്‍ വേര്‍തിരിവു കാണിച്ചു. ഗൂഗിളിന് താത്പര്യമുള്ള തിരച്ചില്‍ ഫലങ്ങള്‍ മാത്രം നല്‍കി. ഇന്ത്യന്‍ വിപണിയിലെ അവസ്ഥയാണ് ഇക്കാര്യത്തില്‍ സിസിഐ പരിഗണിച്ചത്. വെബ് സേര്‍ച്ച് സേവനങ്ങളിലും ഓള്‍ലൈന്‍ സേര്‍ച്ച് അഡ്വര്‍ടൈസിങ് സേവനങ്ങളിലുമായിരുന്നു പ്രധാനമായും ശ്രദ്ധ. റിപ്പോര്‍ട്ടിന്മേല്‍ ഗൂഗിളും വിശദീകരണം നല്‍കിയിരുന്നു. ഗൂഗിളിന്റെ വാദങ്ങളെല്ലാം പരിഗണിച്ചെങ്കിലും പിഴ വിധിക്കാനായിരുന്നു തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

കമ്മിഷന്‍ ചെയര്‍പേഴ്‌സനും മൂന്ന് അംഗങ്ങളുമാണ് ഗൂഗിളിനു പിഴ ശിക്ഷ നല്‍കണമെന്നു നിര്‍ദേശിച്ചത്. എന്നാല്‍ കോംപറ്റീഷന്‍ ആക്ടിലെ നാലാം വകുപ്പ് ഗൂഗിള്‍ ലംഘിച്ചിട്ടില്ലെന്നു രണ്ട് അംഗങ്ങള്‍ വ്യക്തമാക്കി. ഭൂരിപക്ഷാഭിപ്രായത്തില്‍ നടപടി അംഗീകരിക്കുകയായിരുന്നു. വിപണിയിലെ ഒന്നാംസ്ഥാനം കമ്പനി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാലാം വകുപ്പ്. 2013, 2014, 2015 സാമ്പത്തിക വര്‍ഷങ്ങളിലായി ഗൂഗിളിന് ഇന്ത്യയിലെ വിവിധ ബിസിനസുകളില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെ അഞ്ചു ശതമാനമെന്ന കണക്കിലാണ് പിഴത്തുകയായി 135.86 കോടി രൂപ വിധിച്ചത്.

സാങ്കേതിക മേഖലയിലുണ്ടാകുന്ന ഏതു പുതിയ മാറ്റവും കൃത്യതയോടെ, ശ്രദ്ധയോടെ നടപ്പാക്കണമെന്ന് കമ്മിഷന്‍ പറഞ്ഞു. അല്ലാത്ത പക്ഷം എന്തിനു വേണ്ടിയാണോ ആ മാറ്റം കൊണ്ടു വന്നത് ആ ഗുണഫലം ഉപയോക്താക്കള്‍ക്കു ലഭിക്കാതെയാകും. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു തന്നെ ഇത്തരത്തിലുള്ള ‘ശ്രദ്ധയില്ലായ്മ’ കോട്ടമുണ്ടാക്കുമെന്നും സിസിഐ ഉത്തരവില്‍ നിരീക്ഷിച്ചു.

You must be logged in to post a comment Login