ഗൂഗിളിന് ഇന്ന് പതിനെട്ടാം പിറന്നാള്‍

googles-18th-birthday

ഏതു വിഷയത്തെക്കുറിച്ച് എന്ത് സംശയം വന്നാലും നാം അത് ഒരു തവണയെങ്കിലും ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കാതെയിരിക്കില്ല. പുസ്തകം എടുക്കുന്നതിനു പകരം ഗൂഗില്‍ നോക്കാനേ ഇന്ന് എല്ലാവരും തയ്യാറാകൂ. അതാണ് നമുക്കിടയിലുള്ള ഗൂഗിളിന്റെ സ്വീകാര്യത. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിന് പുതിയ തലങ്ങള്‍ നല്‍കിയ ഗൂഗിളിള്‍ ഇന്നു പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ സ്ഥാപിച്ചത്. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക് ആയിരുന്നു ആദ്യത്തെ ആസ്ഥാനം.1996 ജനുവരിയില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പിറവിയെടുക്കുന്നത്. ബാക്ക് ലിങ്കുകളില്‍ നിന്നും സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടെത്തിയിരുന്ന തിരച്ചില്‍ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും കൂട്ടരും ആദ്യം നല്‍കിയത്.

ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍ എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെര്‍ജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത് എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഒരു അക്ഷരപ്പിശകിലൂടെ ഗൂഗള്‍ എന്ന പദം ഗൂഗിള്‍ ആയി മാറുകയാണുണ്ടാണ്ടായത്.

വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ പിന്നീട് ചിത്രങ്ങള്‍ സൂക്ഷിക്കാനും എഡിറ്റിങ്ങിനുമുളള സംവിധാനം, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സര്‍വ മേഖലകളിലും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

1997 സെപ്റ്റംബര്‍ 15നാണ് ഗൂഗിള്‍ എന്ന ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 1998 ല്‍ കാലിഫോര്‍ണിയയില്‍ ഒരു സുഹൃത്തിന്റെ ഗാരേജില്‍ ലാറിയും സെര്‍ജിയും ചേര്‍ന്ന് ഗൂഗിളിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ 1999 സെപ്റ്റംബര്‍ 21 വരെ ബീറ്റാ വെര്‍ഷന്‍ എന്ന നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ലളിതമായ രുപകല്‍പന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ വേഗം സ്വീകാര്യനാക്കി.

2000ല്‍ കീ വേര്‍ഡുകള്‍ക്ക് അനുസരിച്ച് പരസ്യം നല്‍കി ഇന്റര്‍നെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയര്‍ന്നു. കമ്പനി രൂപീകരിച്ച ദിനമായ സെപ്റ്റംബര്‍ 7 നാണ്    2005 വരെ ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഇന്‍ഡക്‌സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തി സെപ്റ്റംബര്‍ 27 ന് പിറന്നാള്‍ ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലെക്‌സ് ആണ്.

You must be logged in to post a comment Login