ഗൂഗിള്‍ ക്രോംകാസ്റ്റ് പുറത്തിറങ്ങി

വെബ് ലോകത്തെ എല്ലാ കാഴ്ച്ചകളും ടെലിവിഷന്‍ സ്ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഹൈ ഡെഫനിഷന്‍ മള്‍ട്ടീ മീഡിയ ഇന്റര്‍ഫെയ്‌സ് ക്രോംകാസ്റ്റ് ഗൂഗിള്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന നെക്‌സസ് 7 ടാബ് അവതരണ ചടങ്ങിനൊപ്പമാണ് ക്രോം കാസ്റ്റിനെ ഗൂഗിള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്.chrome-cast

കാണാന്‍ ഒരു തബ്‌ഡ്രൈവിന്റെ വലുപ്പമേ ഉള്ളൂ എങ്കിലും അത്ര നിസാര സാധനമല്ല ക്രോംകാസ്റ്റ്.ഗൂഗിളിന്റെ ഏറ്റവും പുതിയ ക്രോം വെബ്ബ് ബ്രൗസര്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത വിന്‍ഡോസ് അല്ലെങ്കില്‍ മാക് കമ്പ്യൂട്ടര്‍ വഴിയും, ക്രോംകാസ്റ്റ് വെബ്ബ്കാസ്റ്റിങ്ങ് സപ്പോര്‍ട്ടുള്ള ഐഒഎസ്, അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ വഴിയും ഈ ഉപകരണത്തെ നിയന്ത്രിക്കാം.
മൊബൈലിലോ ടാബിലോ മറ്റേതെങ്കിലും ഇന്‍റര്‍നെറ്റ് കണക്റ്റ് ചെയ്ത ഡിവൈസില്‍ നിന്നും വീഡിയോയും ടെക്സ്റ്റുമെല്ലാം സ്വീകരണമുറിയിലെ ടെലിവിഷനിലെ വലിയ സ്ക്രീനില്‍ കാണാനാകും എന്നതാണ് ക്രോംകാസ്റ്റിനെക്കൊണ്ടുള്ള ഗുണം.

ടിവിയുടെ HDMI പോര്‍ട്ട് വഴിയാണ് ഇത് ടെലിവിഷനില്‍ കണക്റ്റ് ചെയ്യാനാവുക. വൈഫൈ സംവിധാനത്തിലാണ് ഗൂഗിളിന്‍റെ ഈ പുതിയ ഇന്‍റര്‍നെറ്റ് സ്ക്രീമിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം ആന്‍ഡ്രോയിഡ് ഫോണിലും ഐഒഎസിലും വിഡോസ് ലാപ്‌ടോപ്പിലുമെല്ലാം പ്രവര്‍ത്തിക്കും. ഗൂഗിളിന്‍റെ ക്രോംകാസ്റ്റിന് അമേരിക്കയിലെ വില 35 ഡോളറാണ്. എന്നാല്‍ ആഗോളതലത്തില്‍ എപ്പോഴാണ് ക്രോംകാസ്റ്റ് വിപണിയിലെത്തുക എന്ന കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

യുട്യൂബ്, നെറ്റ്ഫഌക്‌സ്, ഗൂഗിള്‍ മ്യൂസിക്, പണ്ടൊര തുടങ്ങിയ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ അപ്ലിക്കേഷനുകള്‍ ക്രോംകാസ്റ്റില്‍ സപ്പോര്‍ട്ട് ചെയ്യും. അതുവഴി വീഡിയോയും, പാട്ടും ടിവിയില്‍ കാണുകയും, കേള്‍ക്കുകയുമാകാം. അതായത് ഇന്റര്‍നെറ്റ് വീഡിയോ കാണാന്‍ ഉള്ള ഒരു റിമോട്ട് കണ്‍ട്രോളായി ആന്‍ഡ്രോയിഡ്/ഐഒഎസ് ഉപകരണങ്ങള്‍ ഉപയോഗിക്കാം.
ക്രോംകാസ്റ്റ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച ചെറിയ പതിപ്പില്‍ ആണ് ക്രോംകാസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ തന്നെ നെക്‌സസ് ക്യു എന്ന ഉപകരണത്തിന്റെ ഒരു പിന്‍ഗാമി ആണ് ക്രോംകാസ്റ്റ്.

You must be logged in to post a comment Login