ഗൂഗിള്‍ ഗ്ലാസ് ആദ്യമായി ശസ്ത്രകിയാ മുറിയില്‍

ചെന്നൈ: ലൈഫ് ലൈന്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍ ചീഫ് സര്‍ജനായ ഡോക്ടര്‍ ജെ.എസ്. രാജ്കുമാറിന്റെ ശസ്ത്രക്രിയാകത്തി ഹെര്‍ണിയാ രോഗിയുടെ അടിവയറില്‍ ചുവന്ന വരയിടുമ്പോള്‍ രണ്ടു ബ്ലോക്ക് അപ്പുറത്തുള്ള ക്ലാസ് മുറിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തൊട്ടുമുമ്പിലെ സ്‌ക്രീനിലേക്കു കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. രാജ്യത്ത് ആദ്യമായി ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയാണു വിദ്യാര്‍ഥികള്‍ തല്‍സമയം കണ്ടത്. സോഫ്റ്റ്‌വെയര്‍ ഭീമനായ ഗൂഗിള്‍ അവതരിപ്പിച്ച ഈ പുതിയ ഉപകരണം പാശ്ചാത്യലോകത്ത് നിരവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ പരീക്ഷിക്കപ്പെടുന്നത് ആദ്യമായാണ്. നാല്‍പ്പത്തിയഞ്ചുകാരനായ രോഗിയുടെ ഗാസ്‌ട്രോ ഇന്റസ്‌റ്റൈന്‍ല്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയും നാല്‍പ്പത്തിരണ്ടുകാരിയുടെ ഹെര്‍ണിയ ശസ്ത്രക്രിയയുമാണ് ഗൂഗിള്‍ ഗ്ലാസ് ധരിച്ചുകൊണ്ട് ഡോക്ടര്‍ രാജ്കുമാര്‍ നടത്തിയത്.

 

കാര്‍ ഓടിക്കുമ്പോള്‍ റിയര്‍വ്യൂ ഗ്ലാസില്‍ നോക്കുന്ന പ്രതീതിയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതിനൊപ്പം വിദ്യാര്‍ഥികളുമായി സംവദിക്കാനും കഴിഞ്ഞിരുന്നു. പരമ്പരാഗത കണ്ണടയുടെ ഫ്രെയിമിനോടു സാദൃശ്യമുള്ള ഒരു കമ്പ്യൂട്ടറാണ് ഗൂഗില്‍ ഗ്ലാസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗിക്കുന്ന ആള്‍ വാക്കാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു ഫോട്ടോയും വീഡിയോയും ശേഖരിക്കപ്പെടും. മുതിര്‍ന്ന ഡോക്ടറുടെ കണ്ണിലൂടെ വിദ്യാര്‍ഥികള്‍ക്കു ശസ്ത്രക്രിയ കാണാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നു ഡോക്ടര്‍ പറഞ്ഞു. ശസ്ത്രകിയ ചെയ്യുന്നതിനിടയില്‍ എക്‌സ്‌റേ, എംആര്‍ഐ, മറ്റു വിവരങ്ങള്‍ എന്നിവ കാണാനും ഡോക്ടര്‍മാര്‍ക്കു കഴിയും. ദൂരെ സ്ഥലങ്ങളിലുള്ള വിദഗ്ധ ഡോക്ടര്‍മാരില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇതുവഴി സാധിക്കുമെന്നതു നേട്ടമാണ്.

You must be logged in to post a comment Login