ഗൃഹാതുരമുണര്‍ത്തുന്ന വായനാനുഭവം

  • ഡോ. ടി. ശശിധരന്‍

സംഗീത പ്രേമികളില്‍ നോസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പേരും കവറുമാണ് എ എസ് മുഹമ്മദ്കുഞ്ഞിയുടെ ഈയിടെയിറങ്ങിയ പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ ഒരു നായക്കുട്ടിയുടെ ചിത്രമുള്ള എച്ച്.എം.വി. ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍ പഴയ തലമുറയുടെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. നായക്കുട്ടി കോളാമ്പിപ്പെട്ടിക്ക് മുമ്പിലിരിക്കുന്ന ആ സിമ്പള്‍ ഒരു കാലത്ത് ഗാനാസ്വാദകരുടെ ഒരു വീക്‌നെസ് ആയിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങുടെ ഒരു പാലാഴിയാണ് എ എസ.് ഈ പുസ്തകത്തിലൂടെയും തീര്‍ത്തിരിക്കുന്നത്. പതിനാല് ഹിന്ദീ സിനിമാ സംഗീത സംവിധായകരെ വിശദമായും ഇരുപത് പേരെ ആനുഷംഗീകമായും പരിചയപ്പെടുത്തുന്ന ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്.’ എന്ന പുസ്തകം മെലഡി ശ്വസിക്കുന്ന ഒരു ഗാനാസ്വാദകന്റെ നീണ്ട വര്‍ഷങ്ങളുടെ പ്രയത്‌നത്തിന്റെ അടയാളമാണ്. ഗാനങ്ങളെ ആസ്വാദ്യമാക്കാന്‍ സംഗീതോപകരണങ്ങളുടെ പരിചരണം എപ്രകാരം സഹായകമായി എന്ന് സോദാഹരണം വിവരിക്കുന്ന ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിലൂടെ ആസ്വാദനത്തിന്റെ സൂക്ഷ്മ തലത്തിലേക്കുള്ള യാത്രയില്‍ വായനക്കാരെയും പങ്കാളികളാക്കുന്നു.

ആമുഖത്തില്‍ സൂചിപ്പിച്ച, ‘ഒരു മൂളിപ്പാട്ട് പോലും മൂളാത്ത, എന്നാല്‍ അകം മുഴുവന്‍ സംഗീതമാണെന്ന’ തിരിച്ചറിവാണ് ഹിന്ദി സിനിമയില്‍ അനശ്വര ഗാനങ്ങളൊരുക്കിയ സംവിധായകര്‍ക്ക് പുസ്തക രൂപത്തില്‍ ഇങ്ങനെ ഒരു ഗാനോപഹാരമൊരുക്കാന്‍ മുഹമ്മദ്കുഞ്ഞിയെ പ്രേരിപ്പിച്ചത്.
ആസ്വാദനം വ്യക്തി നിഷ്ഠമാണ്. പക്ഷെ ഈ പുസ്തകത്തില്‍, ഉദാഹരണ രൂപത്തില്‍ എടുത്ത് ചേര്‍ത്ത ഗാനങ്ങള്‍, അതല്ല വേറെ ഒന്നാണ് നല്ലതെന്ന് വായനക്കാരെക്കൊണ്ട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അപൂര്‍വ്വമായെ ഗ്രന്ഥ കര്‍ത്താവ് അവസരം നല്‍കിയിട്ടുള്ളൂ. രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന്, ഉഷാ ഖന്ന സംഗീതം നല്‍കിയ ഏറ്റവും നല്ല മെലഡി, ‘ഹവസ്’ എന്ന ചിത്രത്തില്‍ സാവന്‍ കുമാര്‍ എഴുതി മുഹമ്മദ് റഫി പാടിയ ‘തെരീ ഗലിയോം മെ ന രഖേംഗെ കദം.. ആജ് കെ ബാദ്.’ ആണെന്നാണ് പൊതുവെ അഭിപ്രായം. ഈ കുറിപ്പുകാരന്റേയും അത് തന്നെ. മുഹമ്മദ്കുഞ്ഞി വ്യത്യസ്തമായ വീക്ഷണമാണ് ഇവിടെ പുലര്‍ത്തുന്നത്. ‘ആഓ പ്യാര്‍ കറേം’ (64) എന്ന പടത്തിലെ ‘ബഹാര്‍ ഇ ഹുസ്‌ന് തെരീ..’ ആണ് ഫാവ്‌റിറ്റ് ആയി ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. രണ്ട്, ലക്ഷ്മീകാന്ത് പ്യാരെലാലിന്റെ മെലഡികളില്‍ എന്തു കൊണ്ടും മുന്‍ നിരയിലുള്ള ഗാനമാണ്. ‘ശോര്‍’ എന്ന ചിത്രത്തില്‍ ലത പാടിയ ‘ഇക് പ്യാര്‍ ക നഗ്മാ ഹെ..’. മുഹമ്മദ്കുഞ്ഞിയുടെ ടെയിസ്റ്റ് അവിടെയും വ്യത്യസ്തമാണ്. ലക്ഷ്മീകാന്ത് പ്യാരെലാലിന്റെ രണ്ടാമത്തെ ചിത്രമായ 1963ലിറങ്ങിയ ‘പാരസ്മണി.’യുടെ ഗാനങ്ങളാണ് എ എസ്. ഉദ്ധരിക്കുന്നത്. ‘ഹംസ്താ ഹുവാ നൂറാണി ചെഹ്‌റാ..’, ‘വൊ ജബ് യാദ് ആയെ.’, ‘രോഷന്‍ തുമീ സെ ദുനിയാ..’ തുടങ്ങി..

സിനിമാ ഗാനങ്ങള്‍ പലപ്പോഴും കഥാ പൂരണങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മാത്രമായിരിക്കും. ഈ ബാധ്യത ശ്രമകരമായി ഏറ്റെടുക്കുന്നത് ഗാനരചയിതാക്കളാണ്. ഇത്തരം ഗാനങ്ങള്‍ക്ക് തിയേറ്ററിന് പുറത്തും നില നില്‍പ്പുണ്ടാക്കുന്നതിന്റെ ഏറ്റക്കുറച്ചിലുകളാണെന്ന് തോന്നുന്നു സംഗീത സംവിധായകരുടെ പോപ്പുലാരിറ്റിയെ നിര്‍ണ്ണയിക്കുന്നത്. മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ച ഒന്നിനൊന്ന് മെച്ചപ്പെട്ട ഗാനങ്ങളിലൂടെ ജന മനസുകളില്‍ ഇടം തേടിയവരാണ് മുഹമ്മദ്കുഞ്ഞി പരിചയപ്പെടുത്തിയ സംഗീത സംവിധായകരെല്ലാം. ഇവരുടെ ഗ്യാലറിയില്‍ ഇരിപ്പിടം നേടാന്‍ അര്‍ഹരായ ബുലോ സി. റാണി, പണ്ഡിറ്റ് രവി ശങ്കര്‍, ഒ.പി. നയ്യാര്‍, വേദപാല്‍ വര്‍മ്മ, സി. അര്‍ജ്ജുന്‍ എന്നിവരില്‍ ചിലര്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നത് പരിമിതിയായി കാണുന്നു.

ലക്ഷ്മീകാന്ത് പ്യാരേലാല്‍ ജോടിയുടെ തുടക്ക കാലത്ത് ലതയുടെ കൃപാ കടാക്ഷം അവരിലുണ്ടായിരുന്നു. ലത എല്‍.പി.ക്ക് പരിചയപ്പെടുത്തിയ സംഗീത സംവിധായകരുടെ കൂട്ടത്തില്‍ എസ്.ജെ-(ശങ്കര്‍ ജയ്കിഷന്‍)-യുമുണ്ട്. 125-ാം പേജില്‍ ഇതിന്റെ നിഷേധാത്മകമായ പ്രസ്ഥാവന കാണുന്നു. പില്‍ക്കാലത്ത് എല്‍.പി.മാര്‍ എസ്.ജെ. ജോടിക്ക് ശക്തരായ എതിരാളികളായെന്നത് ചരിത്രം. പുസ്തകത്തില്‍ സൂചിപ്പിച്ച പോലെ സി. രാമചന്ദ്ര ആദ്യം സംഗീതം നല്‍കിയത് തമിഴ് ചിത്രമായ ‘വനമോഹിനി’ ക്കാണെങ്കിലും അതിനു മുമ്പ് 1939ല്‍ ‘ജയ കോടി’ എന്ന ചിത്രത്തിന് സംഗീതം നല്‍കാന്‍ സംവിധായകന്‍ ഭഗവാന്‍ ദാദാ മുഖേന അവസരം ലഭിച്ചിരുന്നു. സുന്ദരനായ സി. രാമചന്ദ്രക്ക് നായികാ നടിയോട് പ്രേമം തോന്നി,. നിര്‍മ്മാതാവിനും ഈ നടിയോട് പ്രേമമയിരുന്നു. ഫലമോ, സി. ആര്‍. പടത്തില്‍ നിന്ന് പുറത്തായി.

ഹിന്ദി സിനിമയിലെ ആദ്യ സംഗീത സംവിധായക ജോടിയാണല്ലോ ഹുസ്ന്‍ലാല്‍ ഭഗത്‌റാമിന്റേത്. ഇവരില്‍ ഭഗത് റാം, ‘ബാത്തിശ’ എന്ന പേരില്‍ നാല്‍പതുകളില്‍ സംഗീത രംഗത്ത് ഉണ്ടായിരുന്നു. ‘കാജല്‍’ എന്ന ചിത്രത്തിലെ ‘ഛു ലേനെ ദോ നാജുക്ക് ഹോഠോം കോ.’ എന്ന ഗാനം രവിയുടേതാണ്. പാടിയത് മുഹമ്മദ് റഫിയും. ചില സ്ഖലിതങ്ങളെക്കുറിച്ച് കൂടി പറയാം. ഖയ്യാം എന്ന സംഗീത സംവിധായകനെ വിശേഷിപ്പിച്ചത് മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന ആളാണെന്നാണ്. ഹിന്ദിയില്‍ ഖയ്യാം എന്നത് മൂന്നക്ഷരമാണെങ്കിലും മലയാളത്തില്‍ രണ്ടക്ഷരമേയുള്ളൂ.

ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളോട് സംഗീതത്തെ സ്‌നേഹിക്കുന്ന ഒരു നല്ല ആസ്വാദകന്‍ യോജിക്കണമെന്നില്ല. അത്തരം ചില അഭിപ്രായ ഭിന്നതകളെ മറന്നാല്‍ ഈ പുസ്തകം സംഗീതത്തെ സ്‌നേഹിക്കുന്ന, ഹിന്ദി സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്. എളുപ്പം തിരുത്താവുന്ന ചില അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി ഇല്ലാതില്ല. ഹിന്ദി വാക്കുകളും വരികളും മലയാളത്തിലാക്കുമ്പോള്‍ അത് വരിക സ്വാഭാവികം. ഇവിടെ അത് വളരെ കുറച്ചിരിക്കുന്നത് പ്രൂഫ് റീഡിങ്ങിന്റെ മികവായി കാണാവുന്നതാണ്. ഹിന്ദി സിനിമാ ഗാന പ്രേമികള്‍ക്ക് ഒരു റെഫറന്‍സ് പുസ്തകമാണ്, ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്.’ എന്ന് ധൈര്യപൂര്‍#്‌വം പറയാന്‍ ഞാനാഗ്രഹിക്കുന്നു. എച്ച്.എം.വി. എന്ന പേര് തന്നെ ഹിന്ദി സിനിമാ ഗാനാസ്വാദകര്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. പ്രശസ്തമായ ഒരു സിനിമാ ഗാന റെക്കാര്‍ഡ് കമ്പനിയുടെ പേര് നല്‍കി പഴയ ഗാനങ്ങളുടെ ആസ്വാദകരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനുള്ള ശ്രമമാണ് മുഹമ്മദ്കുഞ്ഞി വിജയകരമായി ഇവിടെ നടത്തിയിരിക്കുന്നത്. അതിന് ഈ വേളയില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

 

You must be logged in to post a comment Login