ഗെദലോണ്‍ കോട്ട വിഭ്രമാത്മയുടെ ചരിത്ര പുനര്‍ജ്ജനി

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

അസാധാരണമായൊരു വിഭ്രമാത്മകതയായിരുന്നു അത്! ചരിത്രവും സാഹിത്യവും സംസ്‌കാരപഠനവും പുരാവസ്തു വിജ്ഞാനീയവുമൊക്കെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു പറ്റം പ്രൊഫസര്‍മാരും ഗവേഷകരും ചേര്‍ന്ന് തികച്ചും അപ്രാപ്യമെന്ന് കരുതിയ ഒരു വിഭ്രമാത്മകതയെ മെരുക്കിയെടുത്ത് എങ്ങിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുമെന്ന് തലപുകഞ്ഞാലോചിച്ച നാളുകള്‍. ഈ നൊസ്സിനെ മുഴുത്ത ഭ്രാന്തെന്ന് വിളിച്ച് ഒരുവിഭാഗം നിരുത്സാഹപ്പെടുത്താനും കളിയാക്കാനും .എന്നാല്‍ ന്യൂനപക്ഷം വരുന്ന ആഗോളതലത്തിലുള്ള ഏതാനും ബുദ്ധിജീവികളും വിജ്ഞാനകുതുകികളും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത പ്രസ്തുത ഇച്ഛാശക്തിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതൊരു പകര്‍ച്ചപ്പനി പോലെ രാജ്യാതിര്‍ത്തികള്‍ കടന്നു. ഒടുവില്‍ കൃത്യമായി പറഞ്ഞാല്‍ 1997 ല്‍ ആ വിഭ്രമാത്മകതയ്ക്ക് ഒരു സ്ഥൂലരൂപം കൈവന്നു. മധ്യകാലഘട്ടത്തിലെ ഒരു ഭീമന്‍ കോട്ട അതേ കാലഘട്ടത്തിലെ സാങ്കേതികത മാത്രം ഉപയോഗിച്ച് കൊണ്ട് പുനര്‍ജ്ജനിക്കുക എന്ന ഭ്രാന്തന്‍ ആശയത്തിന്റെ രൂപത്തില്‍!.

രണ്ട് പതിറ്റാണ്ട് എന്ന കാലയളവില്‍, ഗവേഷകരും അധ്യാപകരും മാത്രം പണിയെടുത്ത് നിര്‍മിതിയും രൂപകല്‍പ്പനയിലും പഴമയുടെ മുഴുവന്‍ തനിമയും നിലനിര്‍ത്തിക്കൊണ്ട് യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഫ്രാന്‍സിലെ മധ്യകിഴക്കന്‍ പ്രവിശ്യയായ വടക്കന്‍ ബര്‍ഗണ്ടി എന്ന, ചരിത്രാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട സങ്കീര്‍ണ്ണ വനമേഖലയില്‍ ആ ആശയം പൂര്‍ത്തിയാകുന്നു. ഗെദലോണ്‍ കോട്ടയുടെ രൂപത്തില്‍.
ഈ വര്‍ഷം ഗെദലോണ്‍ കോട്ട പൂര്‍ത്തിയാകുമെങ്കിലും 2020 ല്‍ മാത്രമേ ഈചരിത്ര നിര്‍മിതി അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ലോകസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുകയുള്ളൂ. എന്നാല്‍ ഈ കോട്ടയുടെ വിശേഷങ്ങള്‍ കേട്ടറിഞ്ഞ്, ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തില്‍പ്പരം സന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെ എത്തിച്ചേരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിരവണ്ടികളില്‍ മാത്രം കടത്തിക്കൊണ്ട് വരുന്ന ഭീമന്‍ പാറക്കല്ലുകള്‍, ചണത്താല്‍ തീര്‍ത്ത കയറുപയോഗിച്ച് മാത്രം തിരിക്കുന്ന വലിയ ചക്രങ്ങള്‍ തൂവിയിടുന്ന വെള്ളം, മരച്ചീപ്പും കരിങ്കല്‍ മുട്ടികളും മാത്രമുപയോഗിച്ച് പിളര്‍ത്തുകയും രൂപകല്‍പന ചെയ്യുകയും ചെയ്യുന്ന മരത്തടികള്‍, ചുണ്ണാമ്പും കളിമണ്ണും ചേര്‍ത്ത മിശ്രിതം കൊണ്ട് ഒരുക്കിയെടുക്കുന്ന ഭിത്തികളും തറയും- ഇങ്ങനെ മധ്യകാലഘട്ടത്തിലെ നിര്‍മ്മാണ സാമഗ്രികളും സാങ്കേതികതയും മാത്രമുപയോഗിച്ച് പഴമയുടെ പ്രൗഢിയില്‍ ആധുനികതയുടെ യാതൊരു കറയും പറ്റാതെയാണ് ഗില്‍ബര്‍ട്ട് ഗെദലോണ്‍ എന്ന സാങ്കല്പിക കഥാപാത്രത്തിന് വേണ്ടി ഇത്തരമൊരു കോട്ടയൊരുങ്ങുന്നത്.

ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി പതിനാലാമന് 1229 ല്‍ പതിനഞ്ച് വയസായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭരണചക്രം തിരിക്കാന്‍ തന്റെ മകന്റെ പ്രായം അപക്വമാണെന്ന തോന്നലില്‍ അമ്മ മഹാറാണി ബ്ലാന്‍ഷ് ഓഫ് കാസ്റ്റീന്‍ പണിത കോട്ടയുടെ പകര്‍പ്പിലാണ് ഗെദലോണ്‍ ഒരുങ്ങുന്നത്. ആഭ്യന്തര യുദ്ധത്തിലൂടെ ഫ്രാന്‍സിന്റെ അധികാരവും ഭരണവും പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രഭുക്കന്മാരില്‍ നിന്നും കൗമാരക്കാരനായ രാജകുമാരനെ സംരക്ഷിച്ചെടുക്കാനുള്ള തത്രപ്പാടില്‍ നിന്നാണ് ഈ കോട്ട ഉയര്‍ന്നത് എന്നാണ് ചരിത്രം. ഷേക്‌സ്പിയറടക്കമുള്ള വിശ്വസാഹിത്യകാരന്മാര്‍ ഇത്തരം കോട്ടകളെ തങ്ങളുടെ രചനയുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നതും ഗെദലോണിന്റെ നിര്‍മ്മാണ രീതികളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഴാക് മ്യൂലുന്‍ എന്ന ഫ്രഞ്ച് ആര്‍കിടെക്റ്റാണ് ഇതിന്റെ മുഖ്യശില്പി. രണ്ട് പതിറ്റാണ്ട് കൊണ്ട് പൂര്‍ത്തിയാക്കണമെന്ന രീതിയില്‍ പദ്ധതിയിട്ട പ്രൊജക്റ്റിന് രാജ്യാന്തര തലത്തില്‍ നിന്നും സ്വമേധയ പണിയെടുക്കാനായി മുമ്പോട്ട് വന്നിരിക്കുന്ന നൂറുകണക്കിന് വാളന്റിയര്‍മാരുടെ സേവനം ഏറെ ഉപയോഗപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പോലുള്ള ആധുനിക സൗകര്യങ്ങളില്‍ നിന്നും മുക്തമായ ഈ പഴയ ക്വാറി മേഖലയില്‍ ആധുനികം എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ളത് ആരോഗ്യപരിപാലനത്തിനുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മാത്രം. ഗവേഷണ പര്യവേക്ഷങ്ങളെന്നാല്‍ അക്കാദമികമായ പ്രബന്ധങ്ങളില്‍ മാത്രം ഉറങ്ങുന്ന വാക്കുകളുടെ ചാതുര്യം മാത്രമല്ല എന്നും പുരാവസ്തു പകര്‍പ്പ് നിര്‍മ്മാണവും മനുഷ്യന്റെ വിഭ്രമാത്മകതകളില്‍ പതുക്കെ പ്രവേശിക്കുന്നു എന്നുമുളളതിന്റെ അനിതരസാധാരണമായ ഒരു ഉദാഹരണമായി ഗെദലോണ്‍ കോട്ടയെ ഭാവി ചരിത്രം രേഖപ്പെടുത്തും.

 

You must be logged in to post a comment Login