ഗോഡ്‌സെ യഥാര്‍ഥത്തില്‍ ഗാന്ധിജിയെ രക്ഷിക്കുകയായിരുന്നു; ഇന്ത്യയില്‍ അഴിമതിക്ക് തുടക്കം കുറിച്ചത് നെഹ്‌റു: വി.കല്യാണം

കൊച്ചി: ഗോഡ്‌സെ യഥാര്‍ഥത്തില്‍ ഗാന്ധിജിയെ രക്ഷിക്കുകയായിരുന്നുവെന്ന് മഹാത്മാ ഗാന്ധിയുടെ പഴ്‌സനല്‍ സെക്രട്ടറി ആയിരുന്ന സ്വാതന്ത്ര്യ സമരസേനാനി വി.കല്യാണം. കൊച്ചി രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഭാഗമായി ‘ഗാന്ധി ദര്‍ശനം സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തു വളര്‍ന്ന മതസ്പര്‍ധ, അഴിമതി, അശാന്തി എന്നിവയില്‍ ഗാന്ധിജി ഏറെ അസ്വസ്ഥനായിരുന്നു. എത്രയും പെട്ടെന്ന് ഈ ലോകത്തുനിന്നു മടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതാണു ഗോഡ്‌സെയിലൂടെ നടപ്പായത്. ബ്രിട്ടിഷ് ഭരണകാലത്തും മുഗള്‍ ഭരണകാലത്തും ഒന്നായിരുന്ന ഇന്ത്യ സ്വാതന്ത്ര്യാനന്തരം മതസൗഹാര്‍ദം തകര്‍ന്നു 2 കഷണങ്ങളായി. മുഹമ്മദലി ജിന്നയുടെ അധികാര മോഹമാണ് അതിനു കാരണം. ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ ഗാന്ധിജി നെഹ്‌റുവിനോടു പറഞ്ഞെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. അതാണു വിഭജനത്തില്‍ കലാശിച്ചത്.

നെഹ്‌റുവും മന്‍മോഹന്‍ സിങ്ങും വ്യക്തിപരമായി സത്യസന്ധരായിരുന്നു. പക്ഷേ സ്വതന്ത്ര ഇന്ത്യയില്‍ അഴിമതിക്കു തുടക്ക കാരണം നെഹ്‌റുവാണ്. ചെറിയ അഴിമതികള്‍ക്കു നേരെ അദ്ദേഹം കണ്ണടച്ചു. എന്നാല്‍ അവര്‍ ഇരുവരും തങ്ങളുടെ ഭരണത്തില്‍ കീഴിലുള്ള അഴിമതിക്കെതിരെ ഒന്നും ചെയ്യാന്‍ തയാറായില്ല എന്നതാണു പ്രശ്‌നം. കുറച്ചു കാലത്തേക്കെങ്കിലും ഒരു ഏകാധിപതി ഭരണം രാജ്യത്തിനു നല്ലതാണ്. അതു തന്നെയാണു സുഭാഷ് ചന്ദ്രബോസും പറഞ്ഞത്.

‘ഇന്ത്യന്‍ രാഷ്ട്രപതി ശമ്പളം വാങ്ങാന്‍ പാടില്ലെന്നും എംപിമാരും എംഎല്‍എമാരും 400 രൂപയില്‍ കൂടുതല്‍ അലവന്‍സ് വാങ്ങരുതെന്നും ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 3 മാസത്തിനകം ഗാന്ധിജിയെ മറന്നു. തന്റെ പ്രതിമ സ്ഥാപിക്കരുതെന്നും തന്റെ പേരില്‍ സ്ഥാപനങ്ങള്‍ വേണ്ടെന്നും പറഞ്ഞ ഗാന്ധിജിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ പേരു നല്‍കുന്നതും അനാദരമാണ് ഇപ്പോള്‍ ജനപ്രതിനിധികള്‍ പലരും കുറ്റവാളികളാണ്’-കല്യാണം പറഞ്ഞു.

You must be logged in to post a comment Login