ഗോള്‍ വേട്ടക്കാരന്‍ ഹ്യൂം ഐഎസ്എല്ലിലേക്ക് തിരിച്ചു വരുന്നു; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഔദ്യോഗിക പ്രഖ്യാപനം

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമിനെ സ്വന്തമാക്കി ഐഎസ്എല്‍ ടീം എഫ് സി പൂനെ സിറ്റി. ഹ്യൂം പൂനെയില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താരവുമായി കരാറില്‍ ഒപ്പുവെച്ച വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ് പൂനെ സിറ്റി.

ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ഹ്യൂം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ്. പിന്നീടുള്ള രണ്ട് സീസണുകളില്‍ എടികെയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ കനേഡിയന്‍ താരം, അവര്‍ക്കൊപ്പം ഒരു തവണ കിരീടവും നേടി.

കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹ്യൂമിന് സീസണിലെ അവസാന മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. പിന്നീട് അഞ്ചാം സീസണ് മുന്നോടിയായി ഹ്യൂമിനെ ടീമില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് താല്‍പര്യവും കാണിക്കാതിരുന്നതോടെ താരം മറ്റൊരു ടീം തേടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

അതേസമയം, കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരാന്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മാനേജ്‌മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. താന്‍ പുതിയ ടീം തിരഞ്ഞെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ഹ്യൂം എഴുതിയിരുന്നത്. ഇതിന് പിന്നാലെയാണ് പുണെ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഹ്യൂമിന്റെ തീരുമാനം.

ബ്ലാസ്റ്റേഴ്‌സിലേക്കില്ലെന്ന് സ്ഥിരീകരിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ ഹ്യൂം എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

ഇതുവരെ മൗനം പാലിച്ചതിന് ക്ഷമ ചോദിക്കട്ടെ. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഐഎസ്എല്‍ അഞ്ചാം സീസണില്‍ നിര്‍ഭാഗ്യവശാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഞാന്‍ മടങ്ങിവരില്ല. പരുക്കില്‍നിന്ന് മുക്തനായി മടങ്ങിവന്ന് ടീമിനായി കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും (ക്ലബ്ബും അങ്ങനെ ആഗ്രഹിച്ചുവെന്നാണ് ഞാന്‍ കരുതിയത്), അതില്‍ മാറ്റം സംഭവിക്കുകയും മറ്റൊരു പാതയില്‍ മുന്നോട്ടുപോകാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.

ഫുട്‌ബോളില്‍ എപ്പോഴും ഇങ്ങനെയാണ്. ചില സമയത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ക്രൂരമായിരിക്കും. എങ്കിലും, എന്നത്തേയും പോലെ ക്ലബ്ബിനും ക്ലബ്ബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.

എന്റെ കരിയറിലെ ഏറ്റവും നല്ല ആരാധകരായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. അവര്‍ എല്ലാ വിജയവും അര്‍ഹിക്കുന്നുമുണ്ട്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, ഇതു ഫുട്‌ബോളാണ്. ഇവിടെ സാഹചര്യങ്ങള്‍ എന്തായാലും മുന്നോട്ടുപോയേ തീരൂ.

ഐഎസ്എല്‍ ആദ്യ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നതുമുതല്‍ എനിക്ക് നിങ്ങള്‍ നല്‍കിവരുന്ന എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ എക്കാലവും എനിക്ക് ‘സ്‌പെഷല്‍’ ആളുകളായിരുന്നു. എന്നും ഞാന്‍ നിങ്ങളോട് കൃതഞ്ജതയുള്ളവനായിരിക്കും.

ചിലര്‍ കരുതുന്നതുപോലെ, മറ്റൊരു ടീമുമായും ഞാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ല. പുതിയൊരു ടീമുമായി കരാര്‍ ഒപ്പിടുന്നതിനു മുമ്പ് കായികക്ഷമത പൂര്‍ണമായും വീണ്ടെടുക്കാനാണ് ശ്രമം.

കേരളാ ബ്ലാസ്റ്റേഴ്‌സിലെ എല്ലാ മെഡിക്കല്‍ ടീമംഗങ്ങള്‍ക്കും സൗരഭ്, ഡോ. മനോജ്, മെല്‍ഡ്രിക്, ഫിറ്റ്‌നസ് പരിശീലകന്‍ ഡേവ് റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ തന്ന സര്‍വ പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. നല്ല വ്യക്തികളും മരണം വരെ ഉറ്റസുഹൃത്തുക്കളുമാണ് നിങ്ങളെല്ലാം. എക്കാലവും എല്ലാ പിന്തുണയും നല്‍കി നിങ്ങള്‍ക്കൊപ്പമുണ്ടാകും. എന്നെന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം…

നിലവില്‍ ഹ്യൂമിന് പകരക്കാരനായി സ്ലൊവേനിയന്‍ മുന്നേറ്റതാരം മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റൊജനോവിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ളത്. ഇതില്‍ സ്ലൊവേനിയന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ ഗോളടിച്ച് കൂട്ടിയ പോപ്പ്‌ലാറ്റ്‌നിക്കില്‍ വലിയ പ്രതീക്ഷയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുള്ളത്. ഇയാന്‍ ഹ്യൂമിന് പകരക്കാരനാവാന്‍ പോപ്പ്‌ലാറ്റ്‌നിക്കിന് കഴിയുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. ഇത്തരം പ്രതീക്ഷകളോട് പോപ്പ്‌ലാറ്റ്‌നിക്ക് ന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഹ്യൂം മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാനാണ് തന്റെ പരിശ്രമമെന്നും പോപ്പ്‌ലാറ്റ്‌നിക്ക് അഭിമുഖത്തിനിടെ പറഞ്ഞു. ‘ ഹ്യൂം കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, മികച്ച താരമാണ് അദ്ദേഹം, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അദ്ദേഹം നിരവധി ഗോളുകളും നേടിയിട്ടുണ്ട്, ആ വലിയ താരത്തിന്റെ പകരക്കാരനായിട്ടാണ് ഞാനുള്ളതെന്ന് എനിക്ക് അറിയാം, അതെന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നില്ല, ഞാന്‍ നേരത്തെ കുറേ ഗോളുകള്‍ നേടിയിട്ടുണ്ട്, അത് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും.’ പോപ്പ്‌ലാറ്റ്‌നിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login