ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം  

 

 

പനജി: അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനജിയില്‍ ബുധനാഴ്ച തുടക്കമാകുന്നു. നവംബര്‍ 20 മുതൽ 28വരെ 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഒമ്പതിനായിരത്തിലധികം പേര്‍ മേളയിൽ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 2004-മുതലാണ് ഗോവ മേളയുടെ സ്ഥിരം വേദിയായത്.

ബുധനാഴ്ച വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജിനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കുന്നുമുണ്ട്.

മേളയുടെ ഉദ്ഘാടനചിത്രമായി ഗോരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത ‘ഡെസ്പൈറ്റ് ഫോഗ്’ ആണ് പ്രദര്‍ശിപ്പിക്കുന്നത്. മൊഹ്സിന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ’ണ് സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ പനോരമയില്‍ ഇക്കുറി 41 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്.

26 സിനിമകള്‍ ഫീച്ചര്‍ വിഭാഗത്തിലും 15 സിനിമകള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകൻ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലരോ’ ആണ് ഫീച്ചര്‍ വിഭാഗം ഓപ്പണിങ് സിനിമയായി പ്രദര്‍ശിപ്പിക്കുന്നത്.

You must be logged in to post a comment Login