ഗോവ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ 10 എംഎൽഎമാർ ഇന്ന് അമിത് ഷായെ കാണും

 

ന്യൂഡൽഹി: ഗോവയിൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് ബിജെപിയിൽ ചേര്‍ന്ന പത്ത് എംഎൽഎമാര്‍ ഇന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലാണ് എംഎൽഎമാര്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇന്ന് പത്ത് മണിയ്ക്ക് എംഎൽഎമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെടും മുൻപ് ഗോവയിലെ ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുതുതായി കൂടുതൽ എംഎൽഎമാര്‍ ഭരണകക്ഷിയിലേയ്ക്ക് വന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

നാൽപതംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് പത്ത് അംഗങ്ങളെ ബിജെപി അടര്‍ത്തിയെടുത്തതോടെ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കര്‍ ഉള്‍പ്പെടെയുള്ള എംഎൽഎമാരാണ് കോൺഗ്രസിൽ നിന്ന് പിരിഞ്ഞത്. സ്പീക്കര്‍ രാജേഷ് പട്നേക്കറെ കണ്ട എംഎൽഎമാര്‍ സഭയിൽ പ്രത്യേക ബെഞ്ചായി ഇരിക്കാൻ അനുമതി തേടി. ജൂലൈ പതിനഞ്ചിനാണ് ഗോവയിൽ മൺസൂൺ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

മുൻ മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് റാണെ, ദിഗംബര്‍ കമ്മത്ത്, രവി നായിക്ക്, ലൂസിഞ്ഞോ ഫലേറോ എന്നിവരും കര്‍ട്ടോറിം എംഎൽഎ അലെക്സോ റെജിനാള്‍ഡോ ലൊറെൻസോയുമാണ് നിലവിൽ ശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാര്‍.

You must be logged in to post a comment Login