ഗോവ മന്ത്രിസഭയില്‍ അഴിച്ചുപണി; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

പനാജി: ഗോവയില്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

ഇവര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോവയിലെ ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും അമിത്ഷാ അറിയിച്ചിരുന്നു. ആഗ്‌നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണു പരീക്കര്‍.

You must be logged in to post a comment Login