ഗ്യാലക്‌സി ജെ7 മാക്‌സ്, ജെ7 പ്രോ അവതരിപ്പിച്ചു; സാംസംങ് പേ, സോഷ്യല്‍ ക്യാമറയോടു കൂടി

Indian Telegram Android App Indian Telegram IOS App

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച വില്‍പ്പനയുള്ള ഗ്യാലക്‌സി ജെ നിര വിപുലമാക്കികൊണ്ട് സാംസംങ് പുതിയ രണ്ടു മോഡലുകളായ ഗ്യാലക്‌സി ജെ7 മാക്‌സും ജെ7 പ്രോയും അവതരിപ്പിച്ചു. സാംസംങ് പേയും ഏറ്റവും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടും കൂടിയാണ് സാംസംങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ സാംസംങിന്റെ വാഹകരാണ് ഗ്യാലക്‌സി ജെ സീരീസ്. മേക്ക് ഫോര്‍ ഇന്ത്യയ്ക്കു കീഴില്‍ നൂതനമായ അള്‍ട്രാ ഡേറ്റ സേവിംങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ലാനിംങ് എന്നിവയോടു കൂടിയാണ് ജെ സീരീസ് വരുന്നത്. പുതിയ ഉപകരണങ്ങളില്‍ സാംസംങ് പേയും സോഷ്യല്‍ ക്യാമറയും ഉള്‍പ്പെടുത്തുമെന്ന ഉറപ്പു പാലിച്ചുകൊണ്ടാണ് ജെ7 മാക്‌സും ജെ7 പ്രോയും എത്തുന്നത്.

രാജ്യത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡുള്ള ഇടത്തരം സ്മാര്‍ട്ട്‌ഫോണാണ് ജെ എന്നും, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും വരാന്‍ പോകുന്ന ഉപകരണങ്ങള്‍ വിപണിയിലെ മുന്‍നിര സ്ഥാനം തുടര്‍ന്നും നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നതായും സാംസംങ് ഇന്ത്യ മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ സുമിത് വാലിയ പറഞ്ഞു.

ഈയടുത്ത് അവതരിപ്പിച്ച സാംസംങ് പേ ഗ്യാലക്‌സി ജെ7 പ്രോയിലുണ്ട്. ജെ7 മാക്‌സില്‍ സാംസംങ് പേ മിനിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസംങ് സ്മാര്‍ട്ട്‌ഫോണ്‍ വാലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസംങ് പേയിലൂടെ അവതരിപ്പിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള വാലറ്റിലൂടെ പേടിഎം വഴിയും സര്‍ക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകള്‍ നടത്താം.

ഇടത്തരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പുതിയ ഫോണുകളിലുണ്ട്. സാംസംങ് പേ മിനി ആദ്യമായാണ് ജെ7 മാക്‌സിലൂടെ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജെ സീരീസ് ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും. പുതിയ രണ്ടു ഫോണുകള്‍ക്കും എഫ് 1.9 ലെന്‍സോടു കൂടിയ 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന്‍ ക്യാമറയുമുണ്ട്. ഇരുണ്ട സാഹചര്യത്തിലും മികച്ച വെളിച്ചത്തോടു കൂടിയ ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറകള്‍ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും മികച്ച സെല്‍ഫികളെടുക്കാം.

സോഷ്യല്‍ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോണ്‍ടാക്റ്റുകള്‍ ഇനി ക്യാമറക്കുള്ളില്‍ തന്നെ സൂക്ഷിക്കാം.

ഗ്യാലക്‌സി ജെ7 മാക്‌സില്‍ 1.6 ജിഗാഹെര്‍ട്ട്‌സ് ഒക്റ്റാ കോര്‍ പ്രോസസറും 3300 എംഎഎച്ച് ബാറ്ററിയും 4ജിബി റാമുമാണുള്ളത്. തടസമില്ലാത്ത മള്‍ട്ടി ടാസ്‌കിങ്ങിന് സഹായകമാകും. 1.6 ഒക്റ്റാ കോര്‍ എക്‌സൈനോ പ്രോസസറാണ് ജെ7 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമും, 3,600 എംഎഎച്ച് ബാറ്ററിയും ഉപയോഗം സുഗമമാക്കുന്നു. രണ്ട് ഫോണിന്റെയും മെറ്റല്‍ ബോഡി മികച്ച സ്റ്റൈലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഗ്യാലക്‌സി ജെ7 മാക്‌സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. ജെ7 മാക്‌സ് 20 മുതല്‍ എല്ലാ സ്റ്റോറുകളിലും ലഭ്യമാകും. ജെ7 പ്രോ ജൂലൈ പകുതിയോടെ സ്റ്റോറുകളിലെത്തും.

You must be logged in to post a comment Login