ഗ്രാന്‍ഡ് വിറ്റാര, കിസാഷി ഉല്‍പ്പാദനം സുസുക്കി നിര്‍ത്തുന്നു

ജപ്പാന്‍: എസ് യു വിയായ ‘ഗ്രാന്‍ഡ് വിറ്റാരയുടെയും സെഡാനായ ‘കിസാഷിയുടെയും ഉല്‍പ്പാദനം നിര്‍ത്താന്‍ ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കി തീരുമാനിച്ചു. ഇന്ത്യയില്‍ കാര്യമായ വില്‍പ്പന കൈവരിക്കാനാവാതെ വലഞ്ഞ മോഡലുകളാണ് ‘ഗ്രാന്‍ഡ് വിറ്റാരയും ‘കിസാഷിയും.
മൂന്നു വര്‍ഷം മുമ്പ് 2011ല്‍ ആഘോഷമായാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘കിസാഷിയെ വില്‍പ്പനയ്‌ക്കെത്തിച്ചത്. പ്രീമിയം സെഡാനായിരുന്നെങ്കിലും മാരുതി സുസുക്കി ആവശ്യപ്പെട്ട വില കൂടുതലാണെന്നായിരുന്നു കാറിനെക്കുറിച്ചുള്ള പ്രധാന പരാതി. അതുകൊണ്ടുതന്നെ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ‘കിസാഷിക്കു കഴിയാതെ പോയി.ഇതോടെ വിപണിയിലെത്തി രണ്ടാം വര്‍ഷം തന്നെ ആറു ലക്ഷം രൂപയുടെ കൂറ്റന്‍ വിലക്കിഴിവും ‘കിസാഷിക്കു മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കാറിന്റെ വില്‍പ്പന കാര്യമായി മെച്ചപ്പെട്ടില്ല എന്നതാണു ‘കിസാഷിയുടെ വിധിയെഴുതിയത്.
സൗകര്യങ്ങളും സംവിധാനങ്ങളും കുറവാണെന്നതും പെട്രോള്‍ എന്‍ജിനു തീരെ ഇന്ധനക്ഷമത ഇല്ലെന്നതുമാണു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘ഗ്രാന്‍ഡ് വിറ്റാരയ്ക്കു വിനയായത്.ഏതായാലും ഈ രണ്ടു വാഹനങ്ങളും വില്‍പ്പനയില്‍ തുടരുന്നതു കൊണ്ടു ഗുണമൊന്നുമില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ സുസുക്കിയും. ഇതോടെ രണ്ടു മോഡലുകളും പിന്‍വലിക്കുന്നതിനു മുന്നോടിയായി ‘കിസാഷിയുടെയും ‘ഗ്രാന്‍ഡ് വിറ്റാരയുടെയും ഉല്‍പ്പാദനം നിര്‍ത്താനാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവാറ്റ പ്ലാന്റിലായിരുന്നു ‘ഗ്രാന്‍ഡ് വിറ്റാര നിര്‍മിച്ചിരുന്നത്; ‘കിസാഷി പിറന്നിരുന്നതാവട്ടെ സാഗര ശാലയില്‍ നിന്നും. വിപണി വിടുന്ന ഈ മോഡലുകള്‍ക്കു പകരമായി പുതിയ എസ് യു വിയോ പ്രീമിയം സെഡാനോ സുസുക്കി രംഗത്തിറക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.പുതിയ പ്ലാറ്റ്‌ഫോമിന്റെ പിന്‍ബലത്തിലെത്തുന്ന ‘ഐ വി ഫോറിനെയാണ് ‘ഗ്രാന്‍ഡ് വിറ്റാരയുടെ പകരക്കാരനായി സുസുക്കി പരിഗണിക്കുന്നത്. ഉല്‍പ്പാദനഘട്ടത്തില്‍ ഈ എസ് യു വിയെ ‘വിറ്റാര എന്ന പേരിലാവും കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണു സൂചന. ‘ഗ്രാന്‍ഡ് വിറ്റാരയെ അപേക്ഷിച്ചു വലിപ്പം കുറവായ ഈ ‘വിറ്റാരയുടെ അടിത്തറ മോണോകോക്ക് പ്ലാറ്റ്‌ഫോമാണെന്ന മാറ്റവുമുണ്ട്. ‘ഗ്രാന്‍ഡ് വിറ്റാരയുടെ അടിത്തറയാവട്ടെ ലാഡര്‍ ഓണ്‍ ഫ്രെയിമായിരുന്നു.

You must be logged in to post a comment Login