ഗ്രാമമുഖ്യയെ കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ച്‌ നിലത്തിരുത്തി; കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുടെ നടപടിയില്‍ രോക്ഷം; (വീഡിയോ)

ജോധ്പുര്‍: തനിക്ക് അരികില്‍ ഇരിക്കാന്‍ ശ്രമിച്ച ഗ്രാമമുഖ്യയെ കസേരയില്‍ നിന്നും ഇറക്കി വിട്ട് നിലത്തിരുത്തി രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയുടെ വിവേചനം. ദിവ്യ മഡേന എംഎല്‍എയാണ് ഗ്രാമ മുഖ്യയെ ഇറക്കിവിട്ടത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്ത നാട്ടുകാരോട് ന്നദി പറയാനായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് എംഎല്‍എ മോശമായി പെരുമാറി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ജോധ്പുരിലെ ഓസിയാന്‍ മേഖലയിലെ ഖെതാസര്‍ ഗ്രാമത്തിലാണ് വിവാദസംഭവം. ദിവ്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ സര്‍പഞ്ച് ബോഡി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, വനിതയെന്ന കാരണത്താലാണ് ഗ്രാമ മുഖ്യയ്ക്ക് എംഎല്‍എ കസേര നിഷേധിച്ചതെന്നും ഇത് വനിതകളോടുള്ള ആക്ഷേപമാണെന്നും ബിജെപി ആരോപിക്കുന്നു.

എംഎല്‍എയുടെ പെരുമാറ്റം വേദനിപ്പിച്ചെന്നും ഗ്രാമീണരുടെ ആവശ്യം മാനിച്ചാണ് ചടങ്ങിലേക്ക് പോയതെന്നും എംഎല്‍എയ്ക്ക് അരികിലിരിക്കാന്‍ അവരാണ് ആവശ്യപ്പെട്ടതെന്നും അപമാനിക്കപ്പെട്ട ഗ്രാമ മുഖ്യ ചന്ദുദേവി പ്രതികരിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ചടങ്ങായിരുന്നു അതെന്നും ബിജെപി അംഗമായ ചന്ദുദേവിയെ എങ്ങനെ വേദിയിലിരുത്തും അതിനാലാണ് ഇറക്കിവിട്ടതെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. തലമൂടിയതിനെ തുടര്‍ന്ന് ആളെ മനസിലായില്ലെന്നും പരാതി പറയാനെത്തിയ ആളാണെന്ന് കരുതിയാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ക്കുന്നു.

You must be logged in to post a comment Login