ഗ്രൂപ്പുകളിക്കുന്നവര്‍ക്ക് രാഹുലിന്റെ താക്കീത്; സുധീരന് പൂര്‍ണ പിന്തുണ

rahulന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള ഗ്രൂപ്പിസവും വെച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഹുല്‍ താക്കീത് നല്‍കിയത്. പാര്‍ട്ടിയാണ് എല്ലാത്തിലും വലുത്. ഗ്രൂപ്പ് കളിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടി വിടാമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്നും രാഹുല്‍ വ്യക്തമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് ഉണ്ടാകില്ല. കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് രാഹുല്‍ പൂര്‍ണ പിന്തുണ നല്‍കി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒരു വ്യക്തിക്കല്ലെന്നും രാഹുല്‍ പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ട ഉത്തരവാദിത്തമുണ്ട്. വ്യക്തിപരമായി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.

സുധീരന്റെ ചില തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഇത്ര മോശപ്പെട്ട പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നും അതിനാല്‍ ഉടനെ തന്നെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്നായിരുന്നു എ,ഐ ഗ്രൂപ്പൂകളുടെ നേരത്തെയുള്ള ആവശ്യം. എന്നാല്‍ സുധീരനെ പിന്തുണച്ചുള്ള രാഹുലിന്റെ ആമുഖപ്രസംഗത്തോടെ നേതാക്കള്‍ നേതൃമാറ്റം ഉന്നയിച്ചില്ല.

തെരഞ്ഞെടുപ്പ് പരാജയത്തോടെ ഗ്രൂപ്പ് കലഹങ്ങള്‍ മൂര്‍ച്ഛിച്ച കോണ്‍ഗ്രസിലെ ഐക്യം പുനഃസ്ഥാപിക്കാനാണ് രാഹുല്‍ ഗാന്ധി നേതൃയോഗം വിളിച്ചത്. മുതിര്‍ന്ന നേതാക്കളെ കൂടാതെ യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു നേതാക്കളെയും രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ 30 ഓളം നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി.

15 റഖബ്ഗഞ്ച് റോഡിലെ ‘യുദ്ധമുറി’യിലായിരുന്നു കൂടിക്കാഴ്ച. കുറച്ചുനാളായി കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുന്‍പു 99 സൗത്ത് അവന്യുവായിരുന്നു പാര്‍ട്ടി ‘വാര്‍ റൂം.’

ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തും. എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളായി ചര്‍ച്ചയില്‍ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുത്തത്.

You must be logged in to post a comment Login