ഗ്രോബാഗിന് പകരം മണ്‍ചട്ടി; മട്ടുപ്പാവ് കൃഷിയില്‍ ഇനി മുതല്‍ സബ്‌സിഡി

കൊണ്ടോട്ടി: മട്ടുപ്പാവ് കൃഷിയില്‍ ഗ്രോബാഗിന് പകരം മണ്‍ചട്ടി ഉപയോഗിച്ചാലും ഇനി മുതല്‍ സബ്‌സിഡി. മട്ടുപ്പാവിലെ പച്ചക്കറി കൃഷിയില്‍ ഗ്രോ ബാഗിനാണ് സാധാരണയായി 75 ശതമാനം സബ്‌സിഡി നല്‍കി വരുന്നത്. എന്നാല്‍ എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രോ ബാഗിന് പകരം പദ്ധതിയില്‍ മണ്‍ചട്ടിയായിരുന്നു ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്.
ഇതിന് സബ്‌സിഡി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കഴിഞ്ഞയാഴ്ച നടന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പരാതി പരിശോധിച്ച് സബ്‌സിഡി നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ഗ്രോ ബാഗിന് 60 രൂപയാണ് നിലവില്‍ നല്‍കിവരുന്നത്. മണ്‍ചട്ടിക്കും ഇതേ തുക അനുവദിച്ച് 75 ശതമാനം സബ്‌സിഡി നല്‍കാനാണ് നിര്‍ദേശം.
കൃഷിവകുപ്പുമായി സഹകരിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഗ്രോബാഗിനേക്കാള്‍ ആയുസ് മണ്‍ചട്ടിക്കാണ്. മാത്രമല്ല പ്ലാസ്റ്റിക് ഉപയോഗവും ഇതുവഴി ഒഴിവാക്കാനാകും. അഞ്ഞൂറ് രൂപക്ക് 25 ഗ്രോബാഗുകളാണ് നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്നത്. എന്നാല്‍ മണ്‍ചട്ടി ഉപയോഗം കൊണ്ട് തുക 740 ആയി വര്‍ധിക്കുമെങ്കിലും ദീര്‍ഘകാലം കൃഷിക്ക് പ്രയോജനപ്പെടുത്താനാവുമെന്ന് തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി.പൗലോസ് പറഞ്ഞു.
മണ്‍ചട്ടി ഒരിക്കല്‍ നല്‍കിയാല്‍ പിന്നീട് പുതിയ ഗുണഭോക്താക്കളെ കണ്ടെത്താം. എന്നാല്‍ ഗ്രോബാഗുകള്‍ ഓരോ വര്‍ഷവും മാറ്റേണ്ടതായി വരുമ്പോള്‍ ഒരിക്കല്‍ നല്‍കിയവര്‍ക്ക് വീണ്ടും നല്‍കേണ്ട അവസ്ഥയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login