ഗൗണിലെ പുതുമകള്‍

Untitled-5 copyകഥകളിലെ രാജകുമാരിയെ പോലെ അല്ലെങ്കില്‍ സ്വര്‍ഗത്തിലെ മാലാഖയെ പോലെ കാല്‍പാദവും കവിഞ്ഞു കിടക്കുന്ന നിറയെ ഞൊറികളുള്ള നേര്‍ത്തു വെളുത്ത് മിനുസമുള്ള മഞ്ഞു പോലുള്ള ഉടുപ്പണിഞ്ഞെത്തുന്ന വധു… കുറേ കാലം മുമ്പ് വരെ സിനിമകളിലും വിദേശ വിവാഹങ്ങളിലും മാത്രം കണ്ടിരുന്ന നീണ്ട ഗൗണുകള്‍ ഇപ്പോള്‍ മലയാളികളുടെ വിവാഹസ്വപ്നങ്ങളിലേക്കുമെത്തുകയാണ്. ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ മാത്രമല്ല മതങ്ങളുടെ വേലിക്കെട്ടുകളിലൊന്നുമൊതുങ്ങാതെ പല നിറങ്ങളുടെ മനോഹാരിതയില്‍ മണവാട്ടിയെ സുന്ദരിയാക്കുകയാണിപ്പോള്‍ ഗൗണുകള്‍.
നിറങ്ങളണിഞ്ഞ ഗൗണുകള്‍
ക്രിസ്ത്യന്‍ വധുക്കളാണ് ഗൗണുകളെ ആദ്യം കൂട്ടു പിടിച്ചത്. പിന്നെ വെളുത്ത നിറം മാത്രമുണ്ടായിരുന്ന ഗൗണുകള്‍ സ്വര്‍ണനിറവും ഇളം പിങ്കുമെല്ലാമായി മാറി. ഇപ്പോള്‍ പല നിറങ്ങളിലുള്ള ഗൗണുകള്‍ വധുവിനെ കാത്തിരിപ്പുണ്ട് വിവാഹവസ്ത്രവിപണികളില്‍. വിവാഹ റിസപ്ഷനില്‍ അണിയുന്നതിനായി ഹിന്ദു വധുക്കളും മൈലാഞ്ചിയിടല്‍ ചടങ്ങില്‍ സുന്ദരിയാവാന്‍ മുസ്ലിം വധുക്കളും നിറമുള്ള ഗൗണുകളെ തെരഞ്ഞെടുക്കുന്നുണ്ട്. ഇതിനായി ചുവപ്പ്, പിങ്ക്, ലാവെന്‍ഡര്‍, പച്ച തുടങ്ങിയ നിറങ്ങളിലും ഗൗണുകള്‍ ലഭ്യമാണ്. ഫ്‌ലെയര്‍ കട്ട്, ഫിഷ് കട്ട് മോഡലുകളിലുള്ള ഗൗണുകള്‍ക്കാണ് ഇതില്‍ ഏറ്റവും പ്രിയം. ബോള്‍ ഗൗണിനും ആവശ്യക്കാരുണ്ട്.
സ്ലീവ് ലെസ്സ് ഗൗണുകള്‍ക്കും ഓഫ് ഷോള്‍ഡര്‍ ഗൗണുകളും തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവാണ്. എങ്കിലും ഭാവിയില്‍ ഇവ ട്രെന്‍ഡ് ആകുമെന്നു തന്നെയാണ് ഫാഷന്‍ ഡിസൈനേഴ്‌സ് പ്രവചിക്കുന്നത്.
എലൈന്‍ ഗൗണും ബോള്‍ ഗൗണും
മുന്‍പിലും പുറകിലും ഒറ്റപ്പാളിയായി പീസുകള്‍ ഉള്ള എലൈന്‍ ഫ്രോക്കുകളാണ് മറ്റൊരു ട്രെന്‍ഡ്. ഫ്‌ലെയര്‍ തീരെ കുറവായിരിക്കും ഇവക്ക്. നെറ്റ് , സാറ്റിന്‍ പോലുള്ള തുണികളില്‍ എലൈന്‍ ഫ്രോക്കുകള്‍ ഭംഗിയാകില്ല. സില്‍ക്ക് തുണികളിലാണ് ഈ ഫ്രോക്കുകള്‍ അതിന്റെ മനോഹാരിത പൂര്‍ണ്ണമായും കൈവരിക്കുന്നത്. സാറ്റിന്‍, സില്‍ക്ക് റിബണുകള്‍ കൊണ്ട് തയാറാക്കുന്ന അരപ്പട്ടയും ഗൗണിന്റെ ഭംഗി കൂട്ടും. വിവാഹദിനത്തിനു ശേഷം മറ്റു പാര്‍ട്ടികളിലും വേണമെങ്കില്‍ ഈ ഗൗണുകള്‍ അണിഞ്ഞെത്തുകയും ചെയ്യാം. താഴെ വരെ നീണ്ടു ഭംഗിയായി കിടക്കുന്ന ബോള്‍ ഗൗണ്‍ ഫ്രോക്കുകള്‍ ഇവയ്ക്ക് നീളം കുറയുന്നതനുസരിച്ച് ഭംഗിയും കുറയും. യോക്കും വെയ്സ്റ്റും പെര്‍ഫെക്റ്റ് ഫിറ്റാകുകയും ചെയ്യണം. ബോള്‍ ഗൗണ്‍ ഫ്രോക്കുകള്‍ക്ക് താഴെ നിറയെ ഫ്‌ലെയറുകള്‍ വേണം.
പഫുകളുള്ള സ്ലീവോ വൈഡ് നെക് വിത്ത് ഷോര്‍ട്ട് സ്ലീവോ ഉപയോഗിക്കാം. ഫുള്‍ ലെങ്ത് ടൈറ്റ് ഫിറ്റിങ് ആയുള്ള ഷീത്ത് ഫ്രോക്കുകളും വിപണിയില്‍ ഉണ്ട്. പക്ഷേ ഒരുപാട് മെലിഞ്ഞവര്‍ക്കും ഒരുപാട് വണ്ണമുള്ളവര്‍ക്കും ഇവ യോജിക്കില്ലയെന്നതാണ് പ്രധാന പ്രശ്‌നം.കാല്‍മുട്ടിന്റെ  ഭാഗം വരെ ടൈറ്റ് ഫിറ്റിങ്ങും താഴേക്ക് ഫ്‌ലെയേഡ് പാറ്റേണിലുമുള്ള മെര്‍മെയ്ഡ് ഫ്രോക്കുകള്‍ക്ക് ഈ പ്രശ്‌നമുണ്ടായിരിക്കില്ല. വെയ്സ്റ്റ് റിബണുകള്‍ ഇതിന് യോജിക്കില്ല. യോക്കിനു തൊട്ടു താഴെ വെയ്സ്റ്റ് ലൈനുള്ള എംപയര്‍ലൈന്‍ ഫ്രോക്കുകള്‍ ആണ് മറ്റൊന്ന്. ബീഡ് വര്‍ക്കോ സാറ്റിന്‍ തുണി കൊണ്ട് നിര്‍മിച്ച റിബണോ കൊണ്ട് വെയ്സ്റ്റ് ലൈന്‍ വേര്‍തിരിച്ചിട്ടുണ്ടാവും. താഴ്ഭാഗം നിറയെ മനോഹരമായ ചുരുക്കുകള്‍ ഉണ്ടായിരിക്കും.

You must be logged in to post a comment Login