ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം സംഘപരിവാര്‍ സംഘടനകളെ കേന്ദ്രീകരിച്ച്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു 

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം സംഘപരിവാര്‍ സംഘടനകളെ കേന്ദ്രീകരിച്ച്; പിന്നില്‍ ‘പ്രൊഫഷണല്‍ കില്ലര്‍’ ആകാമെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തുളള വീടുകളിലേയും കെട്ടിടങ്ങളിലേയും ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എന്തെങ്കിലും തെളിവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ. വീഡിയോ പരിശോധിക്കുന്നതിന് പൊലീസ് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൊലപാതകികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുളള സംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരി ലങ്കേഷിനോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും വിരോധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വ്ക്കും. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നിലപാടിലാണ് ബന്ധുക്കള്‍.

അന്വേഷണം മുന്നോട്ട് പോകുകയാണെന്നും, കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന ്പറയാറായിട്ടില്ലെന്നും കര്‍ണാടക നിയമമന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കല്‍ബുര്‍ഗി വധവുമായി ബന്ധിപ്പിക്കാനുളള തെളിവുകള്‍ ഇപ്പോഴില്ല, എന്നാല്‍ സാധ്യതകള്‍ തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ദേഹത്ത് കയറിയെന്ന് ഒരെണ്ണം നെറ്റിയില്‍ തറച്ചെന്നും ബെംഗളുരു പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. അന്ന് തന്നെ ഗൗരി ജാമ്യം നേടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login