ചക്രവ്യൂഹത്തില്‍ ചിത്രലേഖ

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.


 

പ്രണയിച്ച് സ്വന്തം ജാതിക്കു പുറത്തുനിന്ന് വിവാഹം കഴിക്കുക; ശബ്ദമില്ലാത്തവളായി അടുക്കളയിലോ നടുവ് നിവരാത്തവളായി ചേറ്റുപാടത്തോ ഒതുങ്ങുന്നതിനുപകരം സ്ത്രീകള്‍ അധികമൊന്നും കടന്നുചെല്ലാത്ത ഓട്ടോ ഡ്രൈവര്‍ എന്ന ജോലി ചെയ്യാന്‍ ആത്മവിശ്വാസം കാട്ടുക; ആണധികാരത്തിന്റേയും ജാതിവെറിയുടെയും ശാസനകള്‍ക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ തലയുയര്‍ത്തി നില്‍ക്കുക; ഇതൊക്കെ നിരന്തരം ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ട കടുത്ത കുറ്റങ്ങളാണ്; ഉത്തരേന്ത്യയിലെ ജ•ിത്തമേധാവിത്വമുള്ള ഏതെങ്കിലും ഗ്രാമക്കോടതി പഞ്ചായത്തിലല്ല ഇത്. ആയിരം നാവാല്‍ നാമൊക്കെ മേനി പറയുന്ന കേരളത്തില്‍. പി. കൃഷ്ണപിള്ളയും ഏ.കെ. ഗോപാലനും ഇ.എം.എസും നയനാരുമൊക്കെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ മോചനത്തിനായി, പണിയാളരുടെ ഉയിര്‍ത്തെഴുന്നേല്പിനായി കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ ചുവന്ന കണ്ണൂരിലാണിത്. ഒരു ദളിത് സ്ത്രീയെയും കുടുംബത്തെയും നീതിയും ജനാധിപത്യവും പൗരാവകാശവും മനുഷ്യത്വപരിഗണനയും നിഷേധിച്ച് ഒന്നര പതിറ്റാണ്ടായി വേട്ടയാടുന്നത്. അതേ ചെങ്കൊടി പിടിക്കുന്നവരാണ് എന്നറിയുമ്പോള്‍ നടുങ്ങണമോ, ലജ്ജിക്കണമോ നമ്മള്‍? കീഴടങ്ങാന്‍ തയ്യാറാവാതെ ചിത്രലേഖ സമരമുഖത്ത് നില്‍ക്കുന്ന ഓരോ നിമിഷവും തോറ്റുപോകുന്നത് തങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രാഷ്ട്രീയ വിവേകമുള്ള ഒരാള്‍പോലുമില്ലേ കണ്ണൂരിലെ സിപിഐഎമ്മില്‍?

വനിതാ ദളിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയുടെ പോരാട്ടം ബോളിവുഡ് ചലച്ചിത്രമാക്കുന്നു എന്ന സന്തോഷവാര്‍ത്ത വന്നതിന്റെ പിറ്റേന്നാണ്, അവര്‍ക്ക്, കഴിഞ്ഞ യു.ഡി.എഫ്. ഗവണ്മെന്റ് നല്‍കിയ അഞ്ച് സെന്റ് സ്ഥലം ഇപ്പോഴത്തെ സര്‍ക്കാര്‍ റദ്ദാക്കിയതായുള്ള ദു:ഖവാര്‍ത്തയും മലയാളിയുടെ പൊതുഇടങ്ങളിലേക്ക് ചര്‍ച്ചകള്‍ക്കായി ഊറിക്കൂടിയത്.. തൊഴിലിടത്തിലെ ജാതിവിവേചനത്തിനെതിരായ ചിത്രലേഖയുടെ പോരാട്ടത്തെ പ്രശസ്ത നടി വിദ്യാ ബാലനിലൂടെ ഹിന്ദി സിനിമാ ലോകത്തിന് പരിചയപ്പെടുത്താന്‍ തയ്യാറായിരിക്കുന്നത് ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ട് ആണ്. ബോളിവുഡ് ചലച്ചിത്രകാരന്‍ ശേഖര്‍ കപൂര്‍ ചിത്രലേഖയെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ‘ഫൂലന്‍ ദേവിയോളം ധീരയായ വനിത” എന്ന കമന്റിട്ടതിനെ തുടര്‍ന്നാണ് ഈ പോരാട്ടനായിക ആഗോളശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത്. പുരുഷ ഡ്രൈവര്‍മാര്‍ മാത്രം അരങ്ങുവാഴുന്ന ഓട്ടോ സ്റ്റാന്റിലേക്ക്, പട്ടിണി മാറ്റാന്‍ ഒരു ഓട്ടോക്കാരിയായി ചിത്രലേഖ എത്തിയത് 2004 ലാണ്. ഒരു ദളിത് സ്ര്തീ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഢനങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിയ അവരും, മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമായിത്തീര്‍ന്ന അവരുടെ ഓട്ടോയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനങ്ങളുടെ കേരളീയ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിലെ ഒരു പതിവ് കാഴ്ചയായിരുന്നു.

122 ദിവസം കണ്ണൂര്‍ കലക്റ്ററേറ്റ് പടിക്കല്‍ സമരമിരുന്ന്, അധികൃതരില്‍ നിന്നും എന്തൊക്കെയോ ഉറപ്പുകളും വാങ്ങി, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഉറപ്പുകള്‍ക്ക് തീരെ ഉറപ്പില്ല എന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ചിത്രലേഖ മനസ്സിലാക്കിയിരുന്നു. പിന്നീട് അവര്‍ സമരം സെക്രട്ടേറിയേറ്റ് പടിക്കലിലാക്കി. ഇന്ദ്രപ്രസ്ഥത്തിലെ ജന്തര്‍ മന്തറിലും സമരം ചെയ്തു. സാമ്പത്തിക, പ്രാദേശിക, ജാതീയ ഘടനകള്‍ സൃഷ്ടിക്കുന്ന പാര്‍ശ്വവല്‍ക്കരണം നക്‌സല്‍, മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ വേരോട്ടത്തിന് ആക്കം കൂട്ടുന്ന വര്‍ത്തമാന സാമൂഹ്യ യാഥാര്‍ത്ഥ്യത്തില്‍, ഈ സ്ര്തീ എന്തുകൊണ്ട് മാവോയിസ്റ്റായില്ല എന്ന ഒരു അടക്കിപ്പിടിച്ച പൊതുജനസംസാരത്തെ പയ്യന്നൂരുകാര്‍ക്ക് അവഗണിക്കാന്‍ സാധ്യമാകില്ല. സാംസ്‌ക്കാരിക പുരോഗമനം കൈവരിച്ചു എന്നഹങ്കരിക്കുന്ന മലയാളിമനസ്സിലും കീഴാള ജാതിയും ലിംഗവിവേചനവും നീതിനിഷേധങ്ങള്‍ക്ക് ഇപ്പോഴും കാരണമാകുന്നു. നിരാശ നല്‍കിയ വിളര്‍ച്ചയും നീതിനിഷേധം മാത്രം കണ്ട് നരച്ചുതുടങ്ങിയ കണ്ണുകളും, പക്ഷെ, അവരുടെ ജ്വാല കെടുത്തുന്നില്ല.

‘പൊലച്ചീം വന്നല്ലോ, വണ്ടീം കൊണ്ട്!”

പട്ടിണിയെന്ന, ജീവിതത്തിലെ അതിതീഷ്ണമായ യാഥാര്‍ത്ഥ്യം മാത്രമായിരുന്നു അതിജീവനത്തിനായി ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയും കൊണ്ട് സ്റ്റാന്റിലെത്തിയപ്പോള്‍ ചിത്രലേഖയുടെ മൂലധനം. ഏതുമേഖലയിലും പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കുന്ന നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളില്‍ സാധാരണ കാണാറുള്ള പ്രതികരണങ്ങളില്‍ നിന്നും വിഭിന്നമായി, ഇവര്‍ സ്വീകരിക്കപ്പെട്ട രീതിയാണ് പ്രസക്തമാകുന്നത്: ‘പൊലച്ചീം (പുലയസ്ര്തീ) വണ്ടീം കൊണ്ട് വന്നല്ലോ!” എന്ന വരവേല്‍പ്പ് കമന്റിലൂടെ. വെറുമൊരു റാഗിങ് സ്‌റ്റൈലിലുള്ള കമന്റ് എന്ന് കരുതി സഹ ഓട്ടോക്കാരെ അവഗണിച്ച ഈ ദളിത് സ്ര്തീ പിന്നീട് നേരിട്ടത് സാംസ്‌ക്കാരിക കേരളമെന്ന് നാം മേനിപറഞ്ഞുനടക്കുന്ന ഇന്നാട്ടില്‍ ഇനിയും ഉച്ചാടനം ചെയ്യപ്പെടാതെ കിടക്കുന്ന ജാതിവിചാരങ്ങളുടെ വിചാരണകളായിരുന്നു. രാഷ്ട്രീയം എന്നും ജീവിതത്തിന്റെ സാംസ്‌ക്കാരികതയായി കൊണ്ട് നടക്കുന്ന കണ്ണൂരിലെ പുരോഗമന (?) രാഷ്ട്രീയ ഫാഷിസ്റ്റുകള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചിത്രലേയുടെ ചിത്രവധചരിത്രം മനുഷ്യാവകാശലംഘനമായി ഇപ്പോഴും തുടരുന്നു – ഊരുവിലക്ക് എന്ന ഓമനപ്പേരില്‍. ചിത്രലേഖയെ ഒരു ഓട്ടോക്കാരിയായി മാറ്റിയെടുക്കുന്നത്് ഭര്‍ത്താവ് ശ്രീഷ്‌ക്കാന്തിന്റെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകള്‍ മേഘയുടെയും തൊഴില്‍രഹിതനായ മകന്‍ മനുവിന്റെയും ഉറച്ച പിന്തുണ മാത്രമാണ്. മുച്ചക്രവാഹനത്തിന്റെ സുഖകരമല്ലാത്ത മുരള്‍ച്ചയില്‍ ജീവിതത്തിന്റെ സ്പന്ദനങ്ങളില്‍ സംഗീതസാന്ദ്രത അനുഭവിക്കാമെന്ന ഈ കുടുംബത്തിന്റെ പ്രതീക്ഷയുടെ സ്വപ്‌നലോകത്ത് വീഴുന്ന ആദ്യത്തെ അണുബോംബായിരുന്നു ‘പൊലച്ചി’ എന്ന ജാതിവിചാരം.

പട്ടികജാതിക്കാരിയാണെന്ന ഒരൊറ്റ കാരണത്താല്‍ ചിത്രലേഖയുടെ ഓട്ടോയെ, സ്റ്റാന്റില്‍ വെക്കാന്‍ മറ്റ് ഡ്രൈവര്‍മാര്‍ സമ്മതിച്ചില്ല. അന്നം മുടങ്ങുമെന്ന് ഉറപ്പായപ്പോള്‍ കൈമുതലായിട്ടുണ്ടായിരുന്ന പ്രതികരണ ശേഷി പുറത്തെടുത്തതാണ് ഇവരുടെ ജീവിതത്തെ ആകെ താറുമാറാക്കിയിരിക്കുന്നത്. തന്റെ പ്രതികരണങ്ങള്‍ക്കെതിരെ വാക്കുകളും, പിന്നീട് പരാക്രമങ്ങളും മറുപടി ലഭിച്ചപ്പോള്‍ ഒരു സ്ര്തീയെന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ ഇവര്‍ക്ക് കരുത്ത് നല്‍കിയത് സ്വന്തം കുടുംബം മാത്രം. രാത്രിയുടെ ഇരുട്ടിന്റെ മറപറ്റി, ആരൊക്കെയോ ചേര്‍ന്ന് തന്റെ ഓട്ടോ തീവച്ചു നശിപ്പിച്ചപ്പോള്‍ ഇവര്‍ അറിഞ്ഞിരുന്നില്ല തൊട്ടുകൂടായ്മയുടെയും തീണ്ടലിന്റെയും ന്യൂജനറേഷന്‍ രീതികളും അതിഭീകരം തന്നെയാണെന്ന്. അക്രമങ്ങള്‍ പതിവായപ്പോള്‍ ചിത്രലേഖ കണ്ണൂരുള്ള പത്രമാധ്യമങ്ങളുടെ പ്രാദേശിക കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി. ഇടതുപക്ഷ (ഫാസിസ്റ്റ്) പ്രവര്‍ത്തകരെയാണ് ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സി.പി.എം. എന്ന പാര്‍ട്ടി എന്ന് ഇവര്‍ തറപ്പിച്ചു പറയുമ്പോഴും കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ചിന്താഗതി ചോരാതെ സൂക്ഷിക്കുന്ന ഏതാനും ചില നല്ല മനുഷ്യരെ ഇവര്‍ക്ക് കുറ്റവിമുക്തയാക്കേണ്ടി വരുന്നുണ്ട്. ലോക്കല്‍, ബ്രാഞ്ച്, ഏരിയ എന്നീ രീതികളില്‍ വിഭജിക്കപ്പെട്ട പ്രത്യയശാസ്ര്ത ഘടനാ സംവിധാനങ്ങളെ വിചാരണയ്ക്ക് വിധേയമാക്കാന്‍ ഈ വനിത നമ്മെ നിര്‍ബന്ധിക്കുമ്പോള്‍, അത് ഓര്‍മ്മപ്പെടുത്തുന്ന സാംസ്‌ക്കാരിക അപചയത്തിന്റെ ബാക്കിപത്രം തെല്ലൊന്നുമല്ല അമ്പരപ്പ് സൃഷ്ടിക്കുന്നത്.. അധികൃതര്‍ ഇടപെട്ടപ്പോള്‍, പ്രതിസ്ഥാനത്ത് ശക്തമായ സംവിധാനങ്ങളുള്ള ഒരു പാര്‍ട്ടി ആയതിനാല്‍ നീതി നിഷേധിക്കപ്പെട്ട അടിസ്ഥാനവര്‍ഗ്ഗവ്യഥ ആരും കാര്യമാക്കുന്നില്ല എന്ന് ചിത്രലേഖ.

സ്വന്തം അനുജത്തിയുടെ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നിടുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ നിയമപരമായ പരിരക്ഷയുടെ പ്രതീക്ഷ മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഭയം കൈമുതലായ ഉദ്യോഗസ്ഥവൃന്ദത്തെ പരിചയപ്പെടാന്‍ സാധിച്ചതിലെ ഞെട്ടല്‍ ഇന്നും ചിത്രലേഖയ്ക്ക് മാറിയിട്ടില്ല. പൊലീസുകാരില്‍ തുടങ്ങി ജില്ലാ ഭരണകൂട മേധാവികളിലൂടെ തലസ്ഥാനത്തെ മന്ത്രിമന്ദിരങ്ങള്‍ വരെ നീണ്ടുകിടക്കുന്ന ഒരു ദളിത് പോരാട്ടക്കഥയാണ് ചിത്രലേഖ നമ്മെ പരിചയപ്പെടുത്തുന്നത്. പക്ഷെ, ഉറപ്പുകള്‍ ലഭിച്ച്, തിരിച്ച് നാട്ടിലെത്തുമ്പോള്‍ എല്ലാം പഴയ പടിയിലേക്ക് തന്നെ മാറുന്ന ദൈന്യതയായിരുന്നു ഇത്രയും കാലം. കണ്ണൂര്‍ കളക്ടര്‍ പയ്യന്നൂര്‍ പൊലീസിനെ അന്വേഷണത്തിന് ഏല്‍പ്പിച്ച് റിപ്പോര്‍ട്ട് തേടുക, ആ റിപ്പോര്‍ട്ടില്‍ പ്രതികളായി ചൂണ്ടിക്കാണിക്കപ്പെടുന്നവര്‍ നിരപരാധികളായി മാറുക – ഈ പൊറാട്ട് നാടകം തുടരുന്നതിനിടയിലാണ് മൂന്ന് ക്രിമിനല്‍ (കള്ള) കേസുകള്‍ ചിത്രലേഖയ്‌ക്കെതിരെ ചുമത്തപ്പെടുന്നത്: പരിചയം പോലുമില്ലാത്ത അയല്‍വാസിയായ ഏതോ ഒരു നേപ്പാളിയെ വധിക്കാന്‍ ശ്രമിച്ചു (ഐ.പി.സി. 308), ഇതേ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി (ഐ.പി.സി. 195 എ), ധനസഹായം ലഭിക്കേണ്ട പട്ടിക ജാതിവകുപ്പിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നിങ്ങനെ.

ഈ കേസുകള്‍ പിന്‍വലിക്കുക, ഭരണഘടന ഉറപ്പ് നല്‍കുന്ന സൈ്വരജീവിതം ഉറപ്പാക്കുക, സ്വന്തം ജീവിതമാര്‍ഗ്ഗത്തെ തടസ്സപ്പെടുത്തുന്നതില്‍ നിന്നും ഛിദ്രശക്തികളെ മാറ്റിനിര്‍ത്തുക – ചിത്രലേഖയ്‌ക്കെതിരെ നടക്കുന്ന നീതിനിഷേധത്തോടും അവരുടെ മനുഷ്യാവകാശ ആവശ്യങ്ങളോടും പ്രതികരണമറിയിച്ച് ജനാധിപത്യവാദികളായ പലരും ഇപ്പോള്‍ ഇവരോട് ഐക്യദാര്‍ഢ്യപ്പെടുന്നുണ്ട്. അധികൃതരുടെ മൗനത്തിന്റെ ദൈര്‍ഘ്യം എന്ന് അവസാനിക്കും എന്ന കാത്തിരിപ്പിന് ഈ സ്ര്തീയോടും അവരുടെ സന്തതസഹചാരിയായ ഓട്ടോറിക്ഷയോടുമൊപ്പം ഇവിടുത്തെ മനുഷ്യാവകാശപ്രവര്‍ത്തകരും കൂട്ടുനില്‍ക്കുന്നു. എടാട്ട് നിന്നും മുപ്പതില്‍പ്പരം കിലോമീറ്റര്‍ മാറി, കാട്ടാമ്പള്ളിയില്‍ കഴിഞ്ഞ യു.ഡി.എഫ്. ഗവണ്മെന്റ് അനുവദിച്ചുകൊടുത്ത അഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ചിത്രലേഖയും കുടുംബവുമുള്ളത്. സ്ഥലം തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ചിത്രലേഖ ഇപ്പോഴും സമരമുഖത്താണ്. അനാരോഗ്യം മൂലം ഓട്ടോ ഓടിക്കാനാവാതെ കഷ്ടപ്പാടും പരിവട്ടവുമൊക്കെയായി ജീവിക്കുന്ന ഈ സ്ത്രീയുടെ പോരാട്ടഗാഥ, തനിക്ക് ലഭിച്ച ഒരു തുണ്ട് ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള രണ്ടാം പോരാട്ട ഘട്ടത്തിലെത്തുമ്പോഴാണ് വിദ്യാ ബാലനിലൂടെ ലോകം അറിയാന്‍ പോകുന്നത്..

 

 

You must be logged in to post a comment Login