ചതുഷ്‌കോണമല്ല ഒറ്റയാള്‍ പോരാട്ടം; പൂഞ്ഞാറില്‍ പിസി ജയിച്ചു; കെ. ബാബുവിന് അടിപതറി; വീണ നേടി, നികേഷും സെബാസ്റ്റിയന്‍ പോളും വീണു; ശ്രീശാന്ത് ഔട്ട്

election winners

കോട്ടയം. പൂഞ്ഞാറില്‍ പ്രബല മുന്നണികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടു സ്വതന്ത്രനായി രംഗത്തിറങ്ങിയിട്ടും പൂഞ്ഞാര്‍ പി.സി. ജോര്‍ജിനൊപ്പം നിന്നു. അതിശക്തമായ തിരിച്ചുവരവാണ് പി.സി. ജോര്‍ജ് നടത്തിയത്. വന്‍ ഭൂരിപക്ഷത്തോടെയാണ് പിസിയുടെ വിജയം.

ഒരു ഘട്ടത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ അവസാനനിമിഷം സ്ഥാനാര്‍ഥിപട്ടികയില്‍നിന്ന് പിസിയെ ഒഴിവാക്കുകയായിരുന്നു. ആദ്യം മുതല്‍ തന്നെ പ്രചാരണ രംഗത്ത് നടത്തിയ മുന്നേറ്റവും പിസിക്കു തുണയായി

ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ ഫലം തീര്‍ത്തും പ്രവചനാതീതമായിരുന്നു. മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട നഗരസഭയും തീക്കോയി. പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, കോരൂത്തോട്, എരുമേലി പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലം.

ശക്തമായ പോരാട്ടത്തില്‍ തൃപ്പൂണിത്തുറ എം. സ്വരാജിനെ (സിപിഎം) തുണച്ചു. ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ബാബു(കോണ്‍ഗ്രസ്) നേരിട്ട അഗ്‌നിപരീക്ഷണത്തിനൊടുവില്‍ 4353 വോട്ടിനാണ് ബാബുവിനെ സ്വരാജ് പരാജയപ്പെടുത്തിയത്. ബാബുവിന്റെ പരാജയം കോണ്‍ഗ്രസില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കും.

മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മത്സരിച്ച തിരഞ്ഞെടുപ്പില്‍ നികേഷ്‌കുമാറിനും സെബാസ്റ്റ്യന്‍ പോളിനും അടിപതറിയപ്പോള്‍ വീണ ജോര്‍ജ് വിജയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലില്‍നിന്നാണ് വീണ മത്സരരംഗത്തേക്കെത്തുന്നത്. വീണയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യഘട്ടത്തില്‍ വലിയ പ്രതിഷേധമാണ് മണ്ഡലത്തിലുണ്ടായത്. എന്നാല്‍, ആരോപണങ്ങളെ ശക്തമായ പ്രചാരണത്തിലൂടെ മറികടക്കാന്‍ വീണയ്ക്കായി. കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയ ഭൂതകാലമാണ് മണ്ഡലത്തിനുള്ളത്. 2011ല്‍ പത്തനംതിട്ട മണ്ഡലം ഇല്ലാതായതിനെത്തുടര്‍ന്നാണ് ആറന്‍മുളയില്‍ മത്സരിക്കാന്‍ കെ. ശിവദാസന്‍നായര്‍ എത്തിയത്. 6511 വോട്ടുകള്‍ക്കായിരുന്നു ജയം. ഇത്തവണ വീണയിലൂടെ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. ബെന്നി ബഹന്നാന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്ന് ശ്രദ്ധേയമായ മണ്ഡലത്തിലാണ് കോണ്‍ഗ്രസിലെ പി.ടി. തോമസിനെതിരെ മത്സരിക്കാന്‍ തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോളെത്തിയത്. എറണാകുളം മണ്ഡലത്തില്‍നിന്ന് മാറി പാര്‍ട്ടി ചിഹ്നത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച മത്സരം കാഴ്ചവയ്ക്കാനായില്ല. പി.ടി. തോമസ് 61,451 വോട്ടുകള്‍ നേടിയപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന് 49,455 വോട്ടുകളേ നേടാനായുള്ളൂ.

മാധ്യമപ്രവര്‍ത്തകനായ നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട അഴീക്കോട് മണ്ഡലം സിറ്റിങ് എംഎല്‍എയായ മുസ്‌ലിം ലീഗിലെ ഷാജി നിലനിര്‍ത്തി. ഭൂരിപക്ഷം മാറി മാറിഞ്ഞ മത്സരത്തില്‍ 2287 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാജിക്ക് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. ഷാജി 63,082 വോട്ടുകള്‍ നേടിയപ്പോള്‍ 60,795 വോട്ടുകള്‍ നേടാനേ നികേഷിന് കഴിഞ്ഞുള്ളൂ. സ്വതന്ത്രസ്ഥാനാര്‍ഥി പി.കെ. രാഗേഷ് 1518 വോട്ടുകള്‍ നേടി.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അഴീക്കോട് തിരികെപിടിക്കാന്‍ നികേഷിനെ പാര്‍ട്ടി രംഗത്തിറക്കിയതോടെ ദേശീയതലത്തില്‍തന്നെ ശ്രദ്ധാകേന്ദ്രമായി അഴീക്കോട് മാറുകയായിരുന്നു. ഒപ്പം വിവാദങ്ങളും കത്തിപ്പടര്‍ന്നു. കഴിഞ്ഞതവണ 493 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടിയ ലീഗിലെ കെ.എം. ഷാജിക്ക് എംവിആറിന്റെ മകന്‍ നികേഷ്‌കുമാര്‍ എതിരാളിയായെത്തിയതോടെ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. എന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ ഷാജിക്ക് കഴിഞ്ഞു. തോറ്റ നികേഷിന് പാര്‍ട്ടിയില്‍ എന്തു സ്ഥാനം നല്‍കുമെന്നതും ചര്‍ച്ചയാകും. മാധ്യമപ്രവര്‍ത്തനത്തിലേക്കില്ലെന്ന നിലപാടാണ് നികേഷ് സ്വീകരിച്ചിരിക്കുന്നത്.

ചലച്ചിത്ര താരം മുകേഷും ഗണേഷും വിജയിച്ചു. ഗണേഷിനെ നേരിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷിനും ബിജെപി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിനും വന്‍ പരാജയം. താരപോരട്ടം ഏറെ ശ്രദ്ധപിടിച്ചിരുന്നു ഇത്തവണ. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന് ഇറങ്ങി. ഗണേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ പ്രവര്‍ത്തനത്തിനിറങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ അമ്മ ഫെഡറേഷനില്‍ നിന്നും രാജിവെച്ചിരുന്നു.

രാഷ്ട്രീയ പിച്ചില്‍ ശ്രീശാന്ത് വീണു:

തിരുവനന്തപുരത്ത് സിറ്റിങ് എംഎല്‍എയായ വി.എസ്. ശിവകുമാര്‍ മികച്ച വിജയം നേടി. മാണിയെ ഉപേക്ഷിച്ച് എല്‍ഡിഎഫിനൊപ്പം കൂടിയ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിലെ ആന്റണി രാജു രണ്ടാമതെത്തി.

ബിജെപി വലിയ സാധ്യതകള്‍ കണ്ട മണ്ഡലമാണ് തിരുവനന്തപുരം. ശ്രീശാന്ത് എത്തിയതോടെ മത്സരത്തിന് വാശിയേറി. തൃപ്പൂണിത്തുറയില്‍ മത്സരിക്കാനിരുന്ന ശ്രീശാന്തിനെ അവസാന നിമിഷമാണ് തിരുവനന്തപുരത്ത് നിയോഗിച്ചത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും അവസാന ആഴ്ചകളില്‍ പ്രചാരണത്തില്‍ മുന്നിലെത്താന്‍ ശ്രീശാന്തിന് കഴിഞ്ഞു. ശ്രീശാന്തിന്റെ ഭാര്യാപിതാവും ബിജെപി എംപിയുമായ ഹിരേന്ദ്രസിങ് ശൈഖാവത്തും പ്രചരണത്തിനെത്തി. എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു. തീരദേശമേഖലയിലെ വോട്ടര്‍മാരും നിര്‍ണായക ഘടകമായി.

നിരവധി ആരോപണങ്ങള്‍ക്കിടയിലാണ് മന്ത്രി ശിവകുമാര്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനെത്തിയത്. വ്യക്തിപരമായ ആരോപണങ്ങളും തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ശിവകുമാര്‍ നടത്തിയത്.

You must be logged in to post a comment Login