ചന്ദ്രയാൻ 2: നിർണായക ഘട്ടം വിജയകരം, ഓര്‍ബിറ്ററും വിക്രം ലാൻഡറും വേര്‍പെട്ടു

 

ബെംഗലൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ഓര്‍ബിറ്ററും വിക്രം ലാൻഡറും പേടകത്തിൽ നിന്ന് വേര്‍പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.15 നാണ് വേർപെടൽ പ്രക്രിയ പൂർത്തിയായത്. ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിൽ ഓര്‍ബിറ്റര്‍ തുടരും. സെപ്റ്റംബര്‍ മൂന്നിനും നാലിനും വിക്രം ലാൻഡറിൻ്റെ ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള ദൂരം കുറയ്ക്കും. ഇന്നലെ ഉപഗ്രഹത്തിൻ്റെ അവസാനത്തെ ഭ്രമണപഥമാറ്റം പൂര്‍ത്തിയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് വിക്രം ലാൻഡറിനെ 109 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുക. ബുധനാഴ്ച ചന്ദ്രനിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റും. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലായിരിക്കും വിക്രം ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക. ഇതിന് മുന്നോടിയായി വിക്രം ലാൻഡറിൻ്റെ വേഗത സ്വയം ഡീബൂസ്റ്റ് ചെയ്തു കുറയ്ക്കണം. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ക്രേറ്ററുകൾക്കിടയിലാണ് ലാൻഡർ ഇറങ്ങുന്നത്. ഇത് ഏറ്റവും ഭയത്തോടെ നോക്കിക്കാണുന്ന നിമിഷമാണെന്ന് ഐഎസ്ആർഒ ഡയറക്ടർ ഡോ കെ ശിവൻ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 22 നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ൻ്റെ വിക്ഷേപണം നടന്നത്. നേരത്തെ ജൂലൈ 15 ന് വിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇതുവരെ ഒരു ചാന്ദ്ര പര്യവേഷണ വാഹനവും എത്തിയിട്ടില്ല. സെപ്റ്റംബര്‍ ഏഴിന് ദൗത്യം വിജയിച്ചാൽ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ്‍ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2016 ല്‍ ആരംഭിച്ച ചന്ദ്രയാന്‍-2 ന്‍റെ നിര്‍മ്മാണ പരീക്ഷണങ്ങള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാഥാര്‍ഥ്യമായത്.

ചന്ദ്രനെ വലംവയ്ക്കാനുളള ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ഉപരിതലത്തലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാക്കിയിട്ടുളള പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ചാന്ദ്രയാന്‍-2 ലുളളത്. ഒരു വര്‍ഷമാണ് ചാന്ദ്രയാന്‍-2 ന്‍റെ 2372 കിലോ ഭാരമുള്ള ഓര്‍ബിറ്റര്‍ ചന്ദ്രനെ വലം വയ്ക്കുക.

1471 കിലോ ഭാരമുളള വിക്രം ലാന്‍ഡറാണ് ചാന്ദ്രയാന്‍-2 ദൗത്യത്തിലെ പ്രധാനി. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട 28 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിന്‍റെ അകത്താണ് സ‍ജ്ജീകരിച്ചിരിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ശേഷം പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങും. പ്രഗ്യാന്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിക്രം ലാന്‍ഡറിന് നേരിട്ട് കൈമാറും. അവിടുന്ന് വിക്രം ലാന്‍ഡറാണ് ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് വഴി ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുക. ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ സിഗ്നലുകൾ ഭൂമിയിലേക്ക് ലഭിക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login