ചരിത്രം തിരുത്തിക്കുറിച്ച് സൗദി; വാഹനങ്ങളുമായി വനിതകള്‍ ഇന്ന് നിരത്തിലിറങ്ങും

ജിദ്ദ: ചരിത്രം തിരുത്തിക്കുറിച്ച് സൗദി. ദശകങ്ങള്‍ നീണ്ട നിയന്ത്രണത്തിന് ഒടുവില്‍ സൗദി വനിതകള്‍ ഇന്നു മുതല്‍ ഡ്രൈവിങ് സീറ്റില്‍. പുതിയ നിയമ പ്രകാരം സൗദിയിലെ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ വാഹനവുമായി നിരത്തിലിറങ്ങാം. ഇത് സൗദി സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും പൊതുജീവിതത്തിലും ഉണര്‍വ് സൃഷ്ടിക്കുന്നതിനൊപ്പം വനിതകളുടെ അവസരങ്ങള്‍ ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ.

പുതിയ തീരുമാനം തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് ബഹുഭൂരിപക്ഷം വനിതകളും ചിന്തിക്കുന്നതായി ഇതുസംബന്ധിച്ച് നടത്തിയ സര്‍വേകള്‍ വ്യക്തമാകുന്നുണ്ട്. വിവിധ വാഹനങ്ങള്‍ സംബന്ധിച്ച് വനിതകളുടെ നിലപാടുകളും അഭിപ്രായങ്ങളും സര്‍വ്വേയിലൂടെ പുറത്ത് വന്നിട്ടുണ്ട്. കാറിനായി 40000 റിയാല്‍ വരെ ചെലവാക്കാന്‍ സന്നദ്ധരാണെന്ന് 44 ശതമാനം സ്ത്രീകളും പറയുന്നതായി സര്‍വ്വേ രേഖപ്പെടുത്തുന്നു. ടൊയോട്ട, ബി.എം.ഡബ്ല്യു മുതലായവയാണ്  ഇഷ്ട ബ്രാന്‍ഡുകള്‍. 29 ശതമാനം പേരുടെയും ഇഷ്ട നിറം കറുപ്പാണ്. പിങ്ക്, ഗ്രേ, ബ്രൗണ്‍ നിറങ്ങള്‍ക്ക് ഡിമാന്‍ഡ് അല്‍പം കുറവാണ്.

90 ലക്ഷം വനിതകളാണ് സൗദിയില്‍ ഡ്രൈവ് ചെയ്യാനുള്ള പ്രായപരിധിക്കുള്ളിലുള്ളത്. അതില്‍ സ്വദേശികളും വിദേശികളുമായി 54000 ത്തില്‍ അധികം സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടി ചരിത്ര മുഹൂര്‍ത്തത്തിന് തുടക്കമിട്ടത്. ഇരുചക്രവാഹനങ്ങള്‍ക്ക് പുറമെ കാര്‍, ഹെവി ലൈസന്‍സുകള്‍ വരെ നേടിയവരും ഉണ്ട് ഇക്കുട്ടത്തില്‍. വനിതകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നതുവഴി രാജ്യത്തിന്റെ ധനകാര്യ മേഖലയില്‍ 2030 ഓടെ 90 ശതകോടി ഡോളറിന്റെ അധിക വരവ് ഉണ്ടാകുമെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍.

പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാക്‌സി വാഹനം ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 26നാണ് സ്ത്രീകള്‍ക്കു  വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സൗദി ഭരണകൂടം ഉത്തരവിറക്കിയത്.

You must be logged in to post a comment Login