ചരിത്രം തിരുത്തി ജര്‍മ്മനി; ഇറ്റലിയെ തോല്‍പിച്ച് യൂറോകപ്പ് സെമിയില്‍; വിജയം 6-5ന്

germany
പാരീസ്: യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയെ സഡന്‍ഡെത്തില്‍ 6-5ന് വീഴ്ത്തി ജര്‍മ്മനി സെമിയില്‍. കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലും ഗോളൊന്നും പിറന്നില്ല. തുടര്‍ന്നാണ് ആവേശകരമായ പോരാട്ടം ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും വഴിമാറിയത്.

ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യഗോള്‍ വീഴുന്നത് 65ാം മിനിറ്റിലാണ്. ജര്‍മ്മനിക്കായി മെസൂദ് ഓസിലിന്റെ വകയായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് തിരിച്ചടിക്കാനുളള ശ്രമങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് 78ാം മിനിറ്റില്‍ ലഭിച്ച അനൂകൂല പെനാല്‍റ്റി ബനൂച്ചി ഗോളാക്കി ഇറ്റലിക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്തും അധികസമയത്തും ഇതേ ഗോള്‍നിലയില്‍ കളി അവസാനിച്ചപ്പോള്‍ ഇറ്റലിയുടെ വിധിയെഴുതേണ്ടി വന്ന ഷൂട്ടൗട്ടിലേക്കാണ് കളി നീങ്ങിയത്.

ആദ്യ അഞ്ചുകിക്കുകളിലും ഇരുടീമുകളും മൂന്ന് പെനാല്‍റ്റികള്‍ വീതം പാഴാക്കിയപ്പോള്‍ അതും 2-2 എന്ന ഗോള്‍നിലയില്‍ കലാശിച്ചു. പിന്നീട് സഡന്‍ഡെത്തിലേക്ക് കളി നീങ്ങി. ജര്‍മ്മനിക്കായി ഹമ്മല്‍സ്,കിമ്മിച്ച്, ഹെക്ടര്‍, ബോട്ടെങ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഇറ്റലിക്കായി നാലാം കിക്ക് എടുക്കാനെത്തിയ ഡാര്‍മിയാന്റെ ഷോട്ട് ജര്‍മ്മന്‍ ഗോളി മാനുവല്‍ നൂയര്‍ അനായാസമെന്ന വണ്ണം തടുത്തിട്ടു. പിന്നീട് നിര്‍ണായക കിക്ക് എടുക്കാനെത്തിയ ഹെക്ടര്‍ അവസരം ഗോളാക്കിയതോടെ ഇറ്റലിയെ കീഴടക്കി ജര്‍മ്മനി സെമിയിലെത്തി.

പെനാല്‍റ്റി കിക്കുകളുടെ കാര്യത്തില്‍ യൂറോകപ്പിന്റെ ചരിത്രത്തിലിടം നേടിയ മത്സരം കൂടിയാകും ഇത്. ആകെ 18 കിക്കുകളാണ് ആവേശകരമായ പോരാട്ടത്തില്‍ പിറന്നത്. ഇന്ന് നടക്കുന്ന ഐസ്‌ലന്‍ഡ്ഫ്രാന്‍സ് മത്സരത്തിലെ വിജയികളെയാണ് ജര്‍മ്മനി സെമിയില്‍ നേരിടുക.

You must be logged in to post a comment Login