ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

കൊച്ചി: മഹാരാഷ്ട്ര സ്രദേശിനി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നലെ കലക്ടറേറ്റിന്റെ പടവുകള്‍ കയറി എത്തിയത് സംസ്ഥാന സിവില്‍സര്‍വീസിലെ പുതിയൊരു ചരിത്രത്തിലേക്കായിരുന്നു. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. മുസ്സൂറിയിലെ ഐഎഎസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പ്രാഞ്ജാലിന്റെ ആദ്യ നിയമനമാണ് കൊച്ചിയിലേത്. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 124ാം റാങ്ക് നേടിയാണ് പ്രാഞ്ജാള്‍ ഐഎഎസ് എന്ന നേട്ടം സ്വന്തമാക്കിയത്.

ആറാം വയസ്സിലാണ് പ്രഞ്ജാലിന് കാഴ്ച നഷ്ടമാകുന്നത്. എന്നാല്‍, പ്രതികൂല സാഹചര്യത്തില്‍ തളരാതെ മുന്നോട്ടുപോയാണ് ഈ മുംബൈക്കാരി അഭിമാന നേട്ടത്തിലെത്തിയത്. തന്റെ പഠനത്തില്‍ സാങ്കേതികവിദ്യ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെ പാഠങ്ങള്‍ വായിച്ചുകേട്ടായിരുന്നു പഠനമെന്നും പ്രഞ്ജാല്‍ പറയുന്നു.

പന്ത്രണ്ടാം ക്ലാസില്‍ 80 ശതമാനം മാര്‍ക്കോടെ പാസായ പ്രാഞ്ജാല്‍ പിന്നീട് മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. പിന്നീട്, രാജ്യത്തെ തന്നെ മുന്‍നിര സര്‍വകലാശാലകളില്‍ ഒന്നായ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഇതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കെയാണ് ഇവരെ തേടി ഐഎഎസ് എത്തുന്നത്.

ബിരുദ കാലഘട്ടത്തിലാണ് താന്‍ സിവില്‍ സര്‍വീസിനെ കുറിച്ച് അറിയുന്നതെന്ന് പ്രാഞ്ജാല്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ ജീവിതത്തില്‍ എന്നെക്കൊണ്ടാകുന്ന മാറ്റം വരുത്തണമെന്നും. അതാണ് സിവില്‍ സര്‍വീസിലേക്ക് തിരിയാന്‍ പ്രചോദനമായത് പ്രാഞ്ജാല്‍ പറഞ്ഞു.

കേരളം പോലൊരു സ്ഥലത്തുതന്നെ പോസ്റ്റിങ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യമായാണ് ഇവിടെ വരുന്നത്. എന്നാല്‍, സുഹൃത്തുക്കളില്‍ നിന്നും മറ്റും കേരളത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും വലിയ പ്രതീക്ഷകളാണുള്ളതെന്നും പുതിയ അസിസ്റ്റന്റ് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login