ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി കേരളഭൂഷണം കേരളപ്പിറവി സപ്ലിമെന്റ്

ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ചരിത്രരേഖ പ്രദര്‍ശനത്തില്‍ വേറിട്ട കാഴ്ചയൊരുക്കി കേരളഭൂഷണം കോപ്പി. സംസ്ഥാന പുരാരേഖ വകുപ്പ് നടത്തുന്ന ചരിത്രപ്രദര്‍ശനത്തിലാണ് കേരളഭൂഷണം ദിനപത്രത്തിന്റെ കേരളപ്പിറവി ദിനത്തിലെ സപ്ലിമെന്റ് ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നത്. കേരളപ്പിറവിയെ സ്വാഗതം ചെയ്യുന്ന ഒന്നാം പേജിലെ പ്രധാന തലക്കെട്ട് ‘കേരളത്തിന്റെ പുതിയ ചരിത്രം ഇന്നാരംഭിക്കും’ എന്നതാണ്.

പത്രത്തിന്റെ രൂപരേഖയ്ക്ക് അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അന്നത്തെ പ്ത്രങ്ങളുടെ പൊതുവിലുള്ള രീതികള്‍വച്ച് മികച്ച നിലവാരം പുലര്‍ത്തുന്നതാണ് കേരളഭൂഷണത്തിന്റെ കെട്ടും മട്ടും.  കേരളപ്പിറവി ദിനമായ 1956 നവംബര്‍ ഒന്നിന് ഇറങ്ങിയ സപ്ലിമെന്റിന് ‘കേരള ഭൂഷണം കേരള സംസ്ഥാന സപ്ലിമെന്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പത്രം 22 പേജാണെന്നും കൊല്ലവര്‍ഷം 1132 തുലാം 17നാണ് പത്രം ഇറങ്ങിയിരിക്കുന്നതെന്നും മാസ്റ്റ്‌ഹെഡില്‍ സൂചന നല്‍കുന്നു. ഒന്നാം പേജിന്റെ ഒട്ടുമിക്ക ഭാഗവും കേരളത്തിന്റെ മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരു വശങ്ങളിലും വിവിധ വ്യക്തികളുടെ ആശംസാ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Untitled-2 copy

കേരളഭൂഷണത്തെക്കൂടാതെ, ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തിയതോ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതോ ആയ പല പത്രങ്ങളുടെയും പഴയ കോപ്പികള്‍ പ്രദര്‍ശനത്തിലുണ്ട്.  ഒപ്പം കേരളപ്പിറവി ദിനത്തിലെ 22 പേജ് സപ്ലിമെന്റ് ഇറക്കിയ പത്രം എന്ന നിലയ്ക്ക് കേരളഭൂഷണം അതിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്നു.  പൊതുജനങ്ങളില്‍ ചരിത്രബോധം ഉണര്‍ത്തുന്നതിനുവേണ്ടി പുരാരേഖ വകുപ്പ് നടത്തുന്ന പ്രദര്‍ശനത്തില്‍ കേരളഭൂഷണത്തോടൊപ്പം മറ്റു പല ചരിത്രരേഖകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1935ല്‍  ഇറങ്ങിയ ഗാന്ധിജിയുടെ ഹരിജന്‍ പത്രം, പഴയകാലത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍, ക്രൈസ്തവരെ ഞായറാഴ്ചകളില്‍ സാക്ഷി പറയാന്‍ വിളിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിന്റെ കോപ്പിതുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ബുധനാഴ്ച തുടങ്ങിയ പ്രദര്‍ശനം ഇന്ന് സമാപിക്കും.

You must be logged in to post a comment Login