ചരിത്രപുരാണേതിഹാസങ്ങളിലെ സ്ത്രീകള്‍

അബു ജുമൈല

സ്ത്രീസമത്വത്തിനുവേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹികവും സാമ്പത്തീകവും സാമുദായികവും തൊഴില്‍പരവുമായ എല്ലാ മേഖലകളിലും ഈ ചേരിതിരിവ് പ്രകടമാണ്. എന്നാല്‍ ആദിമ മനുഷ്യരില്‍ മറ്റെല്ലാ ജീവികളേയും പോലെ പെണ്ണിനായിരുന്നു പ്രാമുഖ്യം. മനുഷ്യന്‍ കൃഷി ആരംഭിക്കുകയും കൃഷിഭൂമിക്ക് സമീപം കുടില്‍കെട്ടി താമസിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ‘കുടുംബനാഥ’ യേക്കാള്‍ ‘കുടുംബനാഥന്’ പ്രാധാന്യമേറി. താരതമ്യേന കായികശേഷി കൂടിയ പുരുഷന്‍ ജോലികള്‍ ഏറ്റെടുക്കുകയും, പാചകം, കുടുംബഭരണം തുടങ്ങിയ കായികാദ്ധ്വാനം അധികം വേണ്ടാത്ത ജോലികള്‍ സ്ത്രീകളെ ഏല്‍പ്പിക്കുകയും ചെയ്തു. സ്ത്രീകളുടെ സൗകര്യാര്‍ത്ഥമാണ് തുടങ്ങിയതെങ്കിലും ഇത് പിന്നീട് പുരുഷമേധാവിത്വത്തിന് വഴിമാറി. വേദപുരാണഗ്രന്ഥങ്ങളെല്ലാം തന്നെ സ്ത്രീകള്‍ക്ക് പവിത്രമായ സ്ഥാനം കല്‍പ്പിക്കുകയും, സ്ത്രീയുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.”യത്രനാര്യസ്തുപൂജ്യന്തേരമന്തേതത്ര ദേവത””സ്ത്രീ ദേവിയാണ്”മാതാവിന്റെ കാല്പാദത്തിന്‍ കീഴിലാണ് മക്കളുടെ സ്വര്‍ഗ്ഗം”ജനനീജന്മഭൂമിശ്ചസ്വര്‍ഗ്ഗാദപിഗരീയസി”എന്നൊക്കെ ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കപ്പെട്ടു. എങ്കിലും പുരുഷ കേന്ദ്രീകൃതമായ ജീവിതവ്യവസ്ഥകളില്‍ സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു എന്ന് മാത്രമല്ല സ്ത്രീകള്‍ക്കെതിരെയുള്ള അവഹേളനങ്ങള്‍ പൗരാണികകാലത്തും കഠിനമായിരുന്നു എന്ന് കാണാം.  ചൂതില്‍ തോറ്റ ധര്‍മ്മപുത്രര്‍ പാഞ്ചാലിയെ പണയം വെയ്ക്കുമ്പോഴും, കൗരവരും പാണ്ഡവരും ഗുരുക്കന്മാരും എല്ലാമുള്ള സഭയിലേക്ക് പാഞ്ചാലിയെ വലിച്ചിഴയ്ക്കുമ്പോള്‍ ”എന്നെ രക്ഷിക്കാന്‍ ആരുമില്ലേ” എന്ന് വിലപിക്കുകയും ”ഗുരുക്കന്മാരുടെ ധര്‍മ്മം എവിടെപ്പോയി” എന്ന് ചോദിക്കുകയും ചെയ്യുന്ന പാഞ്ചാലിയോട് ”ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്” എന്നു പറഞ്ഞ് ഭീഷ്മാചാര്യര്‍ ഒഴിഞ്ഞുമാറുമ്പോഴും ഇതില്‍ പ്രതിഷേധിച്ച് പാഞ്ചാലിക്ക് വേണ്ടി വാദിക്കുന്ന ധൃതരാഷ്ടപുത്രനായ വികര്‍ണ്ണനോട് ”ഇവള്‍ പണയവസ്തുവാണെന്നും, അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉള്ളവള്‍ പതിവ്രത അല്ലെന്നും വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും” പറഞ്ഞ് കര്‍ണ്ണന്‍ കൗരവരെ ന്യായീകരിക്കുമ്പോഴും, ദുശ്ശാസനന്‍ പഞ്ചാലിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിക്കുമ്പോഴും അപമാനിക്കപ്പെടുന്ന സ്ത്രീയുടെ ദയനീയ ചിത്രം കാണാം.എങ്കിലും ഓരോ കാലഘട്ടത്തിലും ഈ പ്രതിബന്ധങ്ങളെല്ലാം ബുദ്ധികൊണ്ടും ക്ഷമകൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും അതിജീവിച്ച് അധികാരത്തിന്റേയും, സംഗീതത്തിന്റേയും, സാഹിത്യത്തിന്റേയും, സേവനത്തിന്റേയും, പ്രശസ്തിയുടേയും, ഗിരിശൃംഗത്തിലെത്തിയ ധാരാളം സ്ത്രീകഥാപാത്രങ്ങളുണ്ടായി.പുരാതന ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായ മെറ്‌നീത്ത് (2925 ബി.സി) മുതല്‍ പത്താം വയസ്സില്‍ ഒറ്റയ്ക്ക് കോടതിയിലെത്തി വിവാഹമോചനം നേടിയ കൊച്ചു നുജ്ജൂദ് വരെ ഒരായിരം സ്ത്രീകള്‍ഹാറ്റ്‌ഷെപ്‌സ്യൂട്ട് ബി.സി. 1508-1458ഈജിപ്തിലെ ഫറവോ ആയിരുന്ന അഹ്‌മോസിന്റേയും തുട്ട്‌മോസിന്റേയും മകളായിരുന്നു ബി.സി 1508ല്‍ ജനിച്ച ഹാറ്റ്‌ഷെപ്‌സ്യൂട്ട്. എഴുതപ്പെട്ട മനുഷ്യചരിത്രത്തിലെ ആദ്യത്തെ പ്രഗത്ഭ വനിതാ ഭരണാധികാരിയായിരുന്നു. ഹാറ്റ്‌ഷെപ്‌സ്യൂട്ടിന് മുന്‍പും വനിതകള്‍ ഈജിപ്ത് ഭരിച്ചിട്ടുണ്ട്. 2925 ബി.സി.യില്‍ മകനുവേണ്ടി രാജ്യം ഭരിച്ച മെര്‍നീത്, ബി.സി. 2181ല്‍ മരണപ്പെട്ട നിറ്റോക്രിസ്, സഹോദരന്റെ മരണാനന്തരം ബി.സി. 1806 മുതല്‍ 1802 വരെ ഈജിപ്ത് ഭരിച്ച സോബെക്‌നെഫര്‍ തുടങ്ങിയവര്‍ പുരാതന ഈജിപ്റ്റിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ്. എന്നാല്‍ കഴിവുള്ള ഭരണാധികാരി ആയി ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ വനിത ഹാറ്റ്‌ഷെപ്‌സ്യൂട്ട് ആണ്.ക്രിസ്തുവിന് മുന്‍പ് 15-ാം നൂറ്റാണ്ടില്‍ ഈജിപ്റ്റ് ഭരിച്ചിരുന്ന തൂട്ട്‌മോസ് ഒന്നാമന്റേയും അഹ്‌മോസിന്റേയും മകളാണ് ഹാറ്റ്‌ഷെപ്‌സ്യൂട്ട് എയന്‍ഹോട്ടപ്. അഹ്‌മോസിന്റെ മാതാവായ അഹറ്റോപ് നല്ലൊരു യോദ്ധാവ് ആയിരുന്നു. മിലിറ്ററി യോദ്ധാവായിരുന്ന അഹറ്റോപ്പ് ഏറ്റവും ധൈര്യശാലിയായ പട്ടാളക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ഫ്‌ലൈസ് അവാര്‍ഡ് നേടിയിട്ടുണ്ട്. അഹറ്റോപില്‍ നിന്നും ഹൈറ്റ്‌ഷെപ്‌സ്യൂട്ട്  ആയുധവിദ്യ പരിശീലിച്ചു. അവരുടെ 12-ാമത്തെ വയസ്സില്‍ പിതാവായ തുട്ട്‌മോസ് മരണപ്പെട്ടു. തുട്ട്‌മോസിന്റെ  മരണശേഷം  പട്ടമഹിഷിയായ അഹ്‌മോസിന്റെ പുത്രിയായ ഹാറ്റ്‌ഷെപ്‌സ്യൂട്ട് ഫറവോ ആയി സ്ഥാനാരോഹണം ചെയ്തു. രാജാക്കന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആചാരമനുസരിച്ച് പിതാവിന്റെ രണ്ടാം ഭാര്യയുടെ മകനായ തുട്ട്‌മെസ് രണ്ടാമനെ വിവാഹം കഴിച്ചു. സമര്‍ത്ഥയായ ഭരണാധികാരിയായി അറിയപ്പെട്ട ഹാറ്റ്‌ഷെപ്‌സ്യൂട്ടിന്റെ കാലത്ത് ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപാരം വിപുലമാകുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണശേഷം അര്‍ദ്ധപുത്രനായ തുട്ട്‌മോസ് മൂന്നാമന്റെ റീജന്റായി ഭരണം തുടര്‍ന്നു. ഇരുപത് വര്‍ഷത്തോളം ഈജിപ്റ്റ് ഭരിച്ച ഹാറ്റ്‌ഷെപ്‌സ്യൂട്ട് ബി.സി 1458ല്‍ അന്‍പതാമത്തെ വയസ്സില്‍ മരണപ്പെട്ടു. ഈജിപ്റ്റിന്റെ താഴ്‌വരയില്‍ ഹാറ്റ്‌ഷെപ്‌സ്യൂട്ടിന്റെ ശവകുടീരം കണ്ടെത്തിയത് ഹോവാര്‍ഡ് കാര്‍ട്ടര്‍ എന്ന പുരാവസ്തു ഗവേഷകനാണ്.
റൂത്ത് യഹൂദവംശജ അല്ലാതിരുന്നിട്ടുപോലും സ്വന്തമഹിമകൊണ്ട് മാത്രം പഴയ നിയമത്തില്‍ സ്ഥാനം നേടിയ സ്ത്രീകഥാപാത്രമാണ് റൂത്ത്. ഇസ്രായേലിന്റെ പരമ്പരാഗത ശത്രുരാജ്യമായ മൊവാബിലെ ഒരു സാധാരണ കുടുംബത്തിലാണ് റൂത്ത് ജനിച്ചത്. ഇസ്രായേലിലെ ഒരു കടുത്തക്ഷാമകാലത്ത് ബതല്‌ഹേംകാരനായ എല്‍മലക്കും ഭാര്യ നയമിയും പുത്രന്മാരായ മെഹ്‌ലോണ്‍, കിലിയോണ്‍ എന്നിവരോടൊപ്പം മൊവാബിലേക്ക് കുടിയേറിപ്പാര്‍ത്തു. അവിടെവെച്ച് എല്‍മലക്ക് മരണപ്പെട്ടു. മെഹ്‌ലോണും കിലിയോണും ഓര്‍ഫാ, റൂത്ത് എന്നീ മൊവാബിയന്‍ സുന്ദരിമാരെ വിവാഹം കഴിച്ചു. വളരെ യാദൃശ്ചികമായി നവമിയുടെ രണ്ട് ആണ്‍മക്കളും മരണപ്പെട്ടു. നിരാലംബരായ നവമി ബെത്‌ലഹേമിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ചെറുപ്പക്കാരികളും സുന്ദരികളും വിധവകളുമായ മരുമക്കളെ കഷ്ടപ്പെടുത്തുവാന്‍ ആ അമ്മ ഒരുക്കമായിരുന്നില്ല. മൊവാബിലേക്ക് മടങ്ങിപ്പോകാനും പുനര്‍വിവാഹം കഴിച്ച് സുഖമായി ജീവിക്കാനും അവര്‍ മരുമക്കളെ നിര്‍ബന്ധിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇളയമരുമകള്‍ നാട്ടിലേക്ക് മടങ്ങി. പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും വൃദ്ധയും വിധവയുമായ അമ്മായിയമ്മയെ തനിച്ചയയ്ക്കാന്‍ റൂത്ത് തയ്യാറായില്ല,”നീ എവിടെപ്പോയാലും ഞാന്‍ നിന്നോടൊപ്പമുണ്ടാവും” അവള്‍ നവമിയോടൊപ്പം ഇസ്രായേലിലെത്തി. ഒരു പരിചയക്കാരന്‍പോലുമില്ലാത്ത നാട്ടില്‍ റൂത്ത് ഒരുപാട് കഷ്ടപ്പെട്ടു. നവമി കണ്ണീരോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നവമിക്കുള്ള മറുപടിയായിരുന്നു ”അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും” (മത്തായി 7:7) എന്ന വചനങ്ങള്‍. റൂത്ത് ഗോതമ്പ് വയലുകളില്‍ ‘കാലാ’ പെറുക്കി ജീവിക്കാന്‍ ആരംഭിച്ചു. നവമി അവളെ തന്റെ അകന്ന ബന്ധുവായ ബവാസിന്റെ ബാര്‍ലി വയലില്‍ എത്തിച്ചു. റൂത്തിന്റെ സത്യസന്ധതയില്‍ മതിപ്പുതോന്നിയ ബവാസ് അവളെ സഹായിക്കുകയും തന്റെ വയലില്‍ സ്ഥിരം ജോലിക്കാരിയാക്കുകയും ചെയ്തു. റൂത്തിന്റെ കഷ്ടപ്പാട് കണ്ട് മനസ്സലിഞ്ഞ ബവാസ് അവളെ വിവാഹം കഴിക്കുകയും ആ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്തു. റൂത്തിന്റെ പേരക്കുട്ടിയാണ് യേശുവിന്റെ മുന്‍ഗാമിയും മഹാനുമായ ദാവീദ് രാജാവ്.

You must be logged in to post a comment Login