ചരിത്രമെഴുതി അമിത് പാംഗൽ; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്രമെഴുതി അമിത് പാംഗൽ; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം
ചരിത്രം കുറിച്ച് ഇന്ത്യൻ ബോക്സിംഗ് താരം അമിത് പാംഗൽ. റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് പാംഗൽ ഫൈനലിലെത്തി. സെമിയിൽ കസാഖിസ്ഥാൻ താരം സേകൻ ബിബോസിനോവിനെ തോൽപിച്ചാണ് അമിത് ഫൈനലിലെത്തിയത്. 52 കിലോ വിഭാഗത്തിലാണ് അമിതിന്റെ നേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് അമിത്. നാളെയാണ് ഫൈനൽ. ഒളിംപിക് സ്വർണ മെഡൽ ജേതാവായ ഉസ്ബെക്കിസ്ഥാന്റെ ഷഖോബിഡിൻ സോയിറോവാണ് ഫൈനലിലെ എതിരാളി.

ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ അമിത്, ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ വിജേന്ദര്‍ സിംഗ്, വികാസ് കൃഷൻ, ശിവ താപ്പ, ഗൗരവ് ബിദുരി എന്നിവരുടെ നേട്ടത്തെ മറികടന്നാണ് സെമിഫൈനലിൽ എത്തുന്ന ആദ്യ താരമായത്. സെമിയിലെ ഉജ്ജ്വല വിജയത്തോടെ വെള്ളി മെഡൽ ഉറപ്പിച്ച അമിത് ഫൈനലിലും വിജയം നേടി ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന മനീഷ് കൗശിക് സെമിയിൽ പരാജയപ്പെട്ടു. ക്യൂബയുടെ ലോക ഒന്നാം നമ്പർ താരമാണ് മനീഷിനെ തോൽപ്പിച്ചത്. തോറ്റെങ്കിലും സെമിയിലെത്തിയ മനീഷിന് വെങ്കലം കിട്ടും. വിജേന്ദറിന്റെ ഏക വെങ്കല മെഡൽ നേട്ടം മാത്രം സ്വന്തമായുള്ള ഇന്ത്യക്ക് അമിതിന്റെയും മനീഷിന്റെയും നേട്ടം ഇരട്ടിമധുരമായി.

You must be logged in to post a comment Login